പാരീസ്: പതിനേഴാമത് പാരാലിംപിക്സിന് പാരീസില്‍ കൊടിയിറങ്ങി. വര്‍ണശബളമായ ചടങ്ങുകളോടെയായിരുന്നു സമാപന ചടങ്ങുകള്‍. സമാപനച്ചടങ്ങില്‍ പാരാ ആര്‍ച്ചറി താരം ഹര്‍വീന്ദര്‍ സിങ്ങും പാരാ അത്ലറ്റിക്സ് താരം പ്രീതി പാലും ഭാരത പതാക വഹിച്ചു. 2028ല്‍ യുഎസിലെ ലോസാഞ്ചലസിലാണ് അടുത്ത ഗെയിംസ്.
ഭാരതത്തിന്റെ സ്വപ്നതുല്യ നേട്ടത്തിനാണ് ഇത്തവണ പാരീസ് സാക്ഷ്യം വഹിച്ചത്. പാരാലിംപിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ കൊയ്ത്തുമായാണ് ഭാരതത്തിന്റെ പാരാഅത്ലറ്റുകള്‍ തിരിച്ചുവരുന്നത്. തങ്ങളുടെ ശാരീരിക പരിമിതികള്‍ കരുത്താക്കിമാറ്റി നിശ്ചയദാര്‍ഢ്യത്തോടെ മത്സരിക്കാനിറങ്ങിയ ഭാരതത്തിന്റെ അഭിമാന കായിക താരങ്ങള്‍ ഏഴ് സ്വര്‍ണവും 9 വെള്ളിയും 13 വെങ്കലവുമടക്കം 29 മെഡലുകളാണ് പാരീസില്‍ വാരിക്കൂട്ടിയത്. ഭാരതം ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയെന്നതു മാത്രമല്ല, ഏറ്റവും കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കുന്നതിനും പാരീസ് പാരാലിംപിക്സ് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ടോക്കിയോ പാരാലിംപിക്സില്‍ ഭാരതം അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും 6 വെങ്കലവുമടക്കം 19 മെഡലുകളാണ് സ്വന്തമാക്കിയിരുന്നത്. ആ റിക്കാര്‍ഡാണ് ഇത്തവണ പാരീസില്‍ തിരുത്തിയത്. ടോക്കിയോയില്‍ മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനത്തായിരുന്ന രാജ്യം ഇത്തവണ 18-ാം സ്ഥാനത്തേക്ക് കുതിച്ചുകയറുകയും ചെയ്തു. ചരി്രതത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഭാരതം ഇത്തവണ പാരാലിംപിക്സിനായി പാരീസിലെത്തിയത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി 84 പേരാണ് മത്സരിക്കാനിറങ്ങിയത്.
മെഡല്‍ വേട്ടയില്‍ ചൈനയാണ് ചാമ്പ്യന്മാര്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ജാവലിന്‍ ത്രോയില്‍നിന്നു മാത്രം ഇന്ത്യയുടെ നേട്ടം. ബാഡ്മിന്റന്‍ (5), ഷൂട്ടിങ് (4), ആര്‍ച്ചറി (2), ജൂഡോ (1) എന്നിവയാണ് ഇന്ത്യയ്ക്കു മെഡല്നേടിത്തന്ന മറ്റു മത്സരയിനങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് (84) ഇന്ത്യ ഇത്തവണ മത്സരിച്ചത്.
94 സ്വര്‍ണവും 76 വെള്ളിയും 50 വെങ്കലവുമടക്കം 220 മെഡലുകളാണ് ചൈനീസ് താരങ്ങള്‍ സ്വന്തമാക്കിയത്. 49 സ്വര്‍ണവും 44 വെള്ളിയും 31 വെങ്കലവുമടക്കം 124 മെഡലുകളുമായി ബ്രിട്ടനാണ് രണ്ടാമത്. 36 സ്വര്‍ണവും 42 വെള്ളിയും 27 വെങ്കലവുമടക്കം 105 മെഡലുകളുമായി യുഎസ്എ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
പാരാലിംപിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടത്തിന് ഭാരതത്തിന് കരുത്തായത് പാരാ അത്ലറ്റിക്സ് താരങ്ങളുടെ മിന്നുന്ന പ്രകടനമാണ്. നാല് സ്വര്‍ണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമടക്കം 17 മെഡലുകളാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ നിന്നായി ഭാരത താരങ്ങള്‍ സ്വന്തമാക്കിയത്. ബാഡ്മിന്റണ്‍, ഷൂട്ടിങ്, ആര്‍ച്ചറി എന്നിവയില്‍ ഓരോ സ്വര്‍ണവും ഭാരത താരങ്ങള്‍ കരസ്ഥമാക്കി. കൂടാതെ ബാഡ്മിന്റണില്‍ രണ്ട് വീതം വെള്ളിയും വെങ്കലവും ഷൂട്ടിങ്ങില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയപ്പോള്‍ മറ്റൊരു വെങ്കലം ആര്‍ച്ചറിയില്‍ നിന്നാണ്.
ഷൂട്ടിങ്ങില്‍ വനിതകളുടെ ആര് 2 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 വിഭാഗത്തില്‍ ആവണി ലേഖര, പുരുഷ സിംഗിള്‍സ് എസ്എല്‍ 3 വിഭാഗം ബാഡ്മിന്റണില്‍ നിതേഷ് കുമാര്‍, ജാവലിന്‍ ത്രോ എഫ് 64-ല്‍ സുമിത് ആന്റില്‍, അമ്പെയത്ത് വ്യക്തിഗത റിക്കര്‍വ് ഓപ്പണ്‍ വിഭാഗത്തില്‍ ഹര്‍വിന്ദര്‍ സിങ്, അത്ലറ്റിക്സ് ക്ലബ് ത്രോ എഫ് 51-ല്‍ ധരംബിര്‍ നൈന്‍, ഹൈജമ്പ് ടി 64 വിഭാഗത്തില്‍ പ്രവീണ്‍കുമാര്‍, ജാവലിന്‍ എഫ് 41 വിഭാഗത്തില്‍ നവ്ദീപ് സിങ് എന്നിവരാണ് പാരീസില്‍ ഭാരതത്തിനായി പൊന്നണിഞ്ഞത്. ഷൂട്ടിങ്ങില്‍ മനിഷ് നര്‍വാള്‍, അത്ലറ്റിക്സില് നിഷാദ് കുമാര്‍, യോഗേഷ് കതുനിയ, തുളസിമതി മുരുകേശന്, സുഹാസ് യതിരാജ്, അജീത് സിങ് യാദവ്, സച്ചിന് ഖിലാരി, പ്രണവ് സൂര്വ എന്നിവര്‍ വെള്ളി നേടി. ഷൂട്ടിങ്ങില്‍ മോന അഗര്‍വാള്‍, റുബിന ഫ്രാന്‍സിസ്, ബാഡ്മിന്റണില്‍ മനിഷ രാംദാസ്, നിത്യ ശിവന്, ജൂഡോയില്‍ കപില്‍ പാര്‍മര്‍, അത്ലറ്റിക്സില് പ്രീതി പാല് (2), ദീപ്തി ജീവന്‍ജി, മാരിയപ്പന് തങ്കവേലു, സുന്ദര്‍ സിങ് ഗുജ്ജാര്‍, ഹോക്തോ ഹോടോഷെ സെമ, സിമ്രാന് ശര്‍മ, അമ്പെയ്ത്ത് കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തില്‍ ശീതള്‍ ദേവി, രാകേഷ് കുമാര്‍ എന്നിവര്‍ വെങ്കലവും നേടി ഭാരതത്തിന്റെ അഭിമാനതാരങ്ങളായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: