കൊച്ചി: തിരുവനന്തപുരം കാര്യവട്ടത്ത് 2022 സപ്തംബര്‍ 28ന് അരങ്ങേറിയ ഭാരതം-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേടെന്ന ആരോപണത്തിലുള്ള വിജിലന്‍സ് അന്വേഷണം വൈകിപ്പിക്കുന്നു.
വില്ക്കാന് അനുമതിയില്ലാത്ത കോംപ്ലിമെന്റി പാസുകള്‍ വിറ്റ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ഭാരവാഹികള്‍ അനധികൃതമായി പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശികളായ ഗോകുല്‍ വിരാജ്, എം.സി. ദേവാനന്ദന് എന്നിവരാണ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്.
വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റില്‍ 2023 ജനുവരിയിലാണ് പരാതി നല്‍കിയത്. ഈ പരാതി തുടര്‍ നടപടികള്‍ക്കായി 2023 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. എന്നാല്‍, ഇതേക്കുറിച്ച് ഇതുവരെ കണ്ണൂര്‍ യൂണിറ്റിന് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പരാതിയിലുള്ള നടപടികളെക്കുറിച്ച് അറിയാന്‍ ഗോകുല്‍ വിരാജ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ കണ്ണൂര്‍ യൂണിറ്റിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.പി. സുരേഷ് ബാബു നല്കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
മത്സരം നടന്ന് രണ്ടു വര്‍ഷത്തോട് അടുക്കുമ്പോഴും പരാതി പരിശോധിച്ചിട്ടില്ലെന്ന് വ്യക്തം. അതേസമയം, ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍ പറഞ്ഞു.
കെസിഎ, കേനന്നൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളും ഓഫീസ് സെക്രട്ടറിമാരുമാണ് പണം തട്ടിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. ടിക്കറ്റിനായി 10,000 രൂപ നല്‍കിയതിന്റെ ഗൂഗിള്‍ പേ രേഖകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതുപോലെ വേറെയും പാസുകള്‍ വിറ്റിട്ടുണ്ടാകാമെന്നും ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: