മുംബൈ: വിദേശനാണ്യ ശേഖരത്തിന്റെ ഭാഗമായുള്ള സ്വര്‍ണശേഖരത്തില്‍ ജപ്പാനെ പിന്തള്ളി ഭാരതം. ആഗസ്ത് 30ന് അവസാനിച്ച ആഴ്ചയില്‍ ഭാരതം ഒന്‍പതാം സ്ഥാനത്താണുള്ളത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം ജപ്പാന്‍ ഒന്‍പതാം സ്ഥാനത്തും ഭാരതം പത്താമതും ആയിരുന്നു.
ആഗസ്തില്‍ ഭാരതത്തിന്റെ സ്വര്‍ണശേഖരത്തില്‍ മാത്രം 86.2 കോടി ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ മൊത്തം സ്വര്‍ണശേഖരത്തിന്റെ മൂല്യം 6,186 കോടി ഡോളറായി ഉയര്‍ന്നു.
കൊവിഡിന് ശേഷം ഭാരതം തുടര്‍ച്ചയായി സ്വര്‍ണത്തിലുള്ള കരുതല്‍ ശേഖരം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 290 ടണ്‍ സ്വര്‍ണമാണ് ഇക്കാലത്ത് റിസര്‍വ് ബാങ്ക് വാങ്ങി സൂക്ഷിച്ചത്. വിദേശ കറന്‍സികളുടെ പ്രകടനം ആഗോള സാമ്പത്തിക സ്ഥിതിയില്‍ പ്രവചാനാതീതമായിരിക്കെ, സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞത്. 2024 ജൂലൈ വരെ 42.5 ടണ്‍ സ്വര്‍ണം ആര്‍ബിഐ ഭാരതത്തിന്റെ കരുതല്‍ ശേഖരത്തിന്റെ ഭാഗമാക്കി. ഇതോടെ ഭാരതത്തിന്റ സ്വര്‍ണത്തിലുള്ള കരുതല്‍ ശേഖരം 846 ടണ്‍ കടന്നു.
ജൂലൈയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ മൊത്തം 37 ടണ്‍ സ്വര്‍ണമാണ് കരുതല്‍ ശേഖരത്തിലേക്കായി വാങ്ങിയത്. 14 ടണ്ണുമായി നാഷണല്‍ ബാങ്ക് ഓഫ് പോളണ്ടാണ് ഒന്നാം സ്ഥാനത്ത്. പത്ത് ടണ്‍ സ്വര്‍ണം വാങ്ങിയ ഉസ്‌ബെക്കിസ്താന്‍ കേന്ദ്രബാങ്ക് രണ്ടാമതാണ്.
അടുത്ത അഞ്ചുവര്‍ഷത്തിനകം ലോകത്തെ വിവിധ കേന്ദ്രബാങ്കുകളുടെ കരുതല്‍ ശേഖരത്തില്‍ പ്രധാന ഇനമായി സ്വര്‍ണം മാറുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: