ജീവിതത്തില്‍ യാത്രകള്‍ പലതുണ്ട്. ഇന്ദ്രിയാനുഭവങ്ങള്‍ക്കായി പുറം പ്രകൃതിയിലേക്ക് നടത്തുന്ന മനുഷ്യന്റെ യാത്രകള്‍. അവനവനെ അറിയാന്‍ അകംപൊരുളിലേക്കുള്ള ആത്മീയ സഞ്ചാരങ്ങള്‍. പുതിയ തിരിച്ചറിവുകള്‍ പ്രദാനം ചെയ്യുന്ന, അനുഭവതലങ്ങളെ ദീപ്തമാക്കുന്ന അന്വേഷണാത്മക യാത്രകള്‍-വെളിയം രാജീവിന്റെ ‘ചൈത്യത്തിലുറങ്ങുന്ന മഹാ സാന്ത്വനം’ തിരിച്ചറിവിന്റെ പുതുബോധങ്ങളിലേക്ക് വായനക്കാരനെ എത്തിക്കുന്ന, ഒരു സഞ്ചാര സാഫല്യത്തിന്റെ അപൂര്‍വ്വ സുഭഗതയുള്ള അവശേഷിപ്പാണ്.
ബുദ്ധജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട പുസ്തകങ്ങള്‍ അനവധിയാണ്. ഓരോന്നും വ്യത്യസ്ത ബുദ്ധന്മാരെയാണ് പുറംലോകത്തിന് പരിചയപ്പെടുത്തുന്നത്. പറഞ്ഞുകേട്ടതും അറിഞ്ഞനുഭവിച്ചതെന്ന് ആണയിട്ടതുമായ വിവരണങ്ങള്‍ പലതും കാലാകാലങ്ങളായി വായനക്കാര്‍ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ ബുദ്ധഭഗവാന് പരിവേഷങ്ങള്‍ അനവധിയുണ്ട്. അക്കാദമിക് പഠനങ്ങള്‍ക്കപ്പുറം ബുദ്ധകഥകളുടെ പാഠഭേദങ്ങള്‍ അനവധിയായിരുന്നു. വായനക്കാര്‍ സന്ദേഹങ്ങളാല്‍ പലപ്പോഴും വീര്‍പ്പുമുട്ടിയിരുന്നു.
അപദാനങ്ങളാല്‍ പൊതിഞ്ഞെടുത്ത തഥാഗതന്‍ മറ്റൊരവതാരമായും രൂപപ്പെട്ടു. ഗ്രന്ഥകാരനായ വെളിയം രാജീവ് അമാനുഷികതയുടെ ആടയാഭരണങ്ങളില്ലാതെ, എത്രയും ലളിതമായി, അത്രതന്നെ സത്യസന്ധമായി മഹാഗുരുവിനെ വായനക്കായി നല്‍കുകയാണ്. അന്വേഷകര്‍ നമുക്ക് പരിചയപ്പെടുത്തിയ ബുദ്ധന്‍, അക്കാദമിക ബുദ്ധിമാന്മാര്‍ അളന്നെടുത്ത ബുദ്ധന്‍-അതൊന്നുമല്ലാത്ത, ബുദ്ധമനസ്സ് ഉള്‍ക്കൊണ്ട് ആദ്യമായൊരാള്‍ യഥാര്‍ത്ഥബുദ്ധനെ അനുഭവിക്കുകയായിരുന്നു.
ബുദ്ധപഥങ്ങളിലേക്ക് എഴുത്തുകാരന്‍ നടത്തിയ കഠിനയാത്രകളിലൂടെ സ്വംശീകരിച്ച അസാധാരണമായ ഒരാത്മബോധത്തിന്റെ, പുസ്തകപകര്‍പ്പാണിത്. യാത്രികന്റെ മനസ്സില്‍ നിറയെ ബുദ്ധചൈതന്യമായിരുന്നു. മുന്‍പ് സഞ്ചരിച്ചവര്‍ താണ്ടിയ വഴികളായിരുന്നില്ല, ഗ്രന്ഥകാരന്റെ സഞ്ചാരപഥം. അതൊരു തിരിച്ചറിവിലേക്കുള്ള യാത്രയായിരുന്നു. അങ്ങനെയാണ് യഥാര്‍ത്ഥ ബുദ്ധന്‍ എഴുത്തുകാരന്റെ മനസ്സില്‍ ഉരുവം കൊണ്ടത്. കഠിന യാതനകളിലൂടെ സ്ഫുടപാകം വന്ന ധ്യാനബുദ്ധന്‍. സ്വയം പീഡനത്തിലൂടെയുള്ള മോക്ഷപ്രാപ്തി യുക്തിരഹിതമാണെന്ന പുതുവെളിച്ചത്താല്‍ സ്വയംപ്രകാശിതനായ ജ്ഞാനബുദ്ധന്‍. പണ്ടെങ്ങും ഒരു ബുദ്ധകഥനത്തിലും കാണാതിരുന്ന, മനുഷ്യരാശിയുടെ വെളിച്ചമായ മഹാഗുരുവിനെ, തന്റെ അലച്ചിലുകള്‍ക്കൊടുവില്‍ രാജീവിലെ അന്വേഷകന്‍ കണ്ടെത്തുകയായിരുന്നു.
അപദാനകഥകളുടെ അലൗകിക പ്രഭാവത്തില്‍നിന്നും ബുദ്ധന്‍ മോചിതനാകുന്ന ആനന്ദകരമായ കാഴ്ച ഈ കൃതിയിലുണ്ട്. ജേതിയന്‍ മലനിരകളിലെ ദുര്‍ഗ്ഗമങ്ങളായ തപോഭൂമിയില്‍ നിന്നും തിരിച്ചറിവുകളുടെ ബോധോദയത്തിലേക്കും അതുവഴി യാഥാര്‍ത്ഥ്യങ്ങളിലേക്കും ഇറങ്ങിവന്ന ബുദ്ധനെ നമുക്ക് പരിചയമുണ്ടായിരുന്നില്ല. പ്രത്യക്ഷ ബോധം സൂക്ഷിച്ചുകൊണ്ട് ധ്യാനത്തിന്റെ ആഴങ്ങളിലേക്കിറങ്ങി, പ്രപഞ്ചസത്തയെ കണ്ടെത്താനാകും എന്ന് ഗ്രഹിച്ച സിദ്ധാര്‍ത്ഥമുനിയെ, നിര്‍ഭാഗ്യവശാല്‍ നമുക്ക് അറിയാനായില്ല. ആത്മസമര്‍പ്പണത്തിലൂടെയുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ ശരിയായ ബുദ്ധനെ, കൃതഹസ്തതയോടെ ഈ ഗ്രന്ഥകാരന്‍ മിഴിവോടെ വരച്ചിട്ടിരിക്കുന്നു.
ബുദ്ധവിചാരങ്ങളും ദര്‍ശനവും ഇഴവേര്‍തിരിച്ച് പരിശോധിക്കുന്നുണ്ട് പുസ്തകത്തില്‍. ഗാന്ധി ദര്‍ശനത്തിന്റെ കാതല്‍ ഭഗവദ്ഗീതയല്ലെന്നും, ബുദ്ധ ദര്‍ശനങ്ങളായിരുന്നുവെന്നുമുള്ള നിലപാടില്‍ എഴുത്തുകാരന്‍ എത്തുന്നുണ്ട്. ബോധോദയം ഈശ്വരീമായ വെളിപാടല്ലെന്നും, നിരന്തര ചിന്തയുടെ ഫലമായുണ്ടായ മനുഷ്യയുക്തിയുടെ പൂര്‍ണതയാണെന്നും സമര്‍ത്ഥിക്കുന്നു. വായനക്കാരന് തനത് നിലപാടുകള്‍ രൂപപ്പെടുത്താനും ചിലതുണ്ട് പുസ്തകത്താളുകളില്‍. ചുരുക്കത്തില്‍ നാനാവിധമായ ആലോചനാമൃതം നല്‍കുന്ന, ‘ചൈതന്യത്തിലുറങ്ങുന്ന മഹാസാന്ത്വനം.’
ഈ പുസ്തകം വ്യത്യസ്തമാകുന്നത് രചനാരീതി കൊണ്ടാണ്. ലളിതവും അതേസമയം മനോഹരവുമായ ഭാഷ. കുറിയ വാചകങ്ങള്‍ക്ക് ഒരു മുക്തകത്തിന്റെ ഭാവ ഭംഗിയും കരുത്തും. ആഖ്യാനം പകരുന്ന ഭാവഗരിമ. പതിനൊന്നദ്ധ്യായങ്ങളായി പരക്കുന്ന, അതിസൂക്ഷ്മവും പഠനാര്‍ഹവുമാകുന്ന ചരിത്രകഥനം വായനയെ ആസ്വാദ്യമാക്കുംവിധം രചനാഗാത്രത്തില്‍ അവിടവിടെ ഇഴചേരുന്ന നര്‍മ്മത്തില്‍ നൂലുകള്‍.
അപൂര്‍വ്വമായ വായനാനുഭവമാണ് കൃതിയിലൂടെ പകര്‍ന്നുകിട്ടുന്നത്. ഒപ്പം ആശ്വാസവും. ബുദ്ധമാര്‍ഗ്ഗത്തെക്കുറിച്ച് നാളിതുവരെയുണ്ടായിരുന്ന സന്ദേഹങ്ങള്‍ ഒഴിഞ്ഞുപോയതിലുള്ള ആശ്വാസം. ആദ്യപതിപ്പിന് തൊട്ടുപിന്നാലെ രണ്ടാംപതിപ്പും പുറത്തുവന്നതുതന്നെ പുസ്തക സ്വീകാര്യതയുടെ സൂചനയാണ്. മൗലിക സ്പര്‍ശവും മേദസ്സില്ലാത്ത, മനസ്സിലേക്ക് പെയ്തിറങ്ങും വിധമുള്ള ഭാഷയും ഉള്ളടക്കത്തിന്റെ സംവേദനക്ഷമതയുടെ പുതിയ ഉയരങ്ങളിലേക്ക് പുസ്തകത്തെക്കൊണ്ടെത്തിക്കുമെന്നതില്‍ സംശയമേതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: