കോട്ടയം ജില്ലാ പ്രചാരകനായി നിയുക്തനായി 1964 മുതല്‍ മൂന്നു വര്‍ഷക്കാലം അവിസ്മരണീയങ്ങളായ നിരവധി സംഭവങ്ങളില്‍ ഭാഗഭാക്കാകേണ്ടിവന്നിട്ടുണ്ട്. അനേകം വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനും അതവസരം തന്നു. ആറേഴുവര്‍ഷക്കാലം അത്യുത്തര കേരളമായിരുന്നു എനിക്കു ലഭിച്ച കര്‍മക്ഷേത്രം. അതിനും മുമ്പ് പഠനകാലത്ത് തിരുവനന്തപുരത്തും. അത് സംസ്ഥാന പുനസ്സംഘടനയ്ക്ക് മുമ്പായിരുന്നതിനാല്‍ തലസ്ഥാനത്തെ സംഘപ്രവര്ത്തനമെന്നുവച്ചാല് വിശേഷാല്‍ പരിപാടികള്‍ക്കു ഇന്നത്തെ കന്യാകുമാരി ജില്ലയിലുള്ള സ്വയംസേവകരും വരുമായിരുന്നു. അത്യുത്തര കേരളം സംസ്ഥാന പുനസ്സംഘടനക്കുശേഷം ഹോസ്ദുര്‍ഗ്-കാസര്‍കോടു താലൂക്കുകള്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ക്കു കൈവന്ന പേരായിരുന്നു. അതില്‍പ്പെട്ട തൃക്കരിപ്പൂരിലാകട്ടെ അടുത്ത പ്രധാന സ്ഥലമായ പയ്യന്നൂരുമായുള്ള ബന്ധംമൂലം അവിടത്തെ സ്വയംസേവകര്‍ തുടങ്ങിയ ശാഖകളുണ്ടാകുകയും ചെയ്തു. പുതിയ കര്‍മക്ഷേത്രമായ കോട്ടയത്തിനു ഇത്തരം പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. ഞാനവിടെ ചുമതലയേല്‍ക്കുമ്പോള്‍ മുഖ്യമായും പെരുന്നയിലെ എന്‍എസ്എസ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൡലെ വിദ്യാര്‍ത്ഥിസമൂഹത്തെയാണ് സംഘപ്രവര്‍ത്തനത്തിനു പ്രയോജനപ്പെടുത്തിയത്.
ചങ്ങനാശ്ശേരി കുട്ടനാടന്‍ പുഞ്ചപ്പാടങ്ങളെ തൊട്ടുരുമ്മിക്കിടക്കുന്ന നഗരമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഹമ്മദീയരും വളരെ ശക്തമായ നിലയിലാണുതാനും. പെരുന്നയിലെ കോളജിനെതിര്വശം എംസി റോഡരികിലുള്ള നീണ്ട വ്യാപാരക്കെട്ടിട സമുച്ചയത്തില്‍ വര്‍ഷങ്ങളായി ഒരു മുറി കാര്യാലയത്തിനായി വാടകക്കു ലഭിച്ചിരുന്നു. കോളജില്‍ ക്ലാസ് ഇല്ലാത്ത പീര്യഡുകളില്‍ സ്വയംസേവക വിദ്യാര്‍ത്ഥികള്‍ കൂട്ടുകാരെ വിളിച്ചു കാര്യാലയമുറിയില് കൊണ്ടുവരുമായിരുന്നു. സംഘാദര്‍ശം ഉള്‍പ്രദേശങ്ങളിലേക്കു പ്രസരിക്കാന് അതു പ്രയോജനപ്പെട്ടു. എന്റെ മുന്‍ഗാമികളായിരുന്ന എ.വി. ഭാസ്കര്‍ജി, പി.കെ. ചന്ദ്രശേഖര്‍ജി മുതലായവര്‍ നടപ്പില്‍വരുത്തിയ പാരമ്പര്യം തുടരുകയേ എനിക്കു ചെയ്യേണ്ടിയിരുന്നുള്ളൂ.
ചങ്ങനാശ്ശേരിയുടെ തൊട്ടടുത്തു രണ്ടു കിലോമീറ്റര്‍ പോയാല്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ ളായിക്കാട്ടുപാലത്തിലെത്തും. പാലം കടന്നാല്‍ താലൂക്കും ജില്ലയും മാറും. ജില്ലാ പുനസ്സംഘടനയ്ക്കുശേഷം തിരുവല്ല പത്തനംതിട്ടയിലായി. നേരത്തെ ആ താലൂക്ക് കൊല്ലം ജില്ലയിലായിരുന്നു. അരമണിക്കൂര്‍ ബസ്യാത്രകൊണ്ടു തിരുവല്ലക്കാര്ക്കു കോട്ടയത്തെത്താമായിരുന്നു. ജില്ലാ ആസ്ഥാനം കൊല്ലമായിരുന്നതു അവര്‍ക്ക് പത്തനംതിട്ടയിലേക്കു മാറ്റിക്കിട്ടി എന്നുമാത്രം.
അതേസമയം പതിറ്റാണ്ടുകളായി അത്യുന്നത വിദ്യാഭ്യാസം നേടിയവരുടെ നാടായാണ് തിരുവല്ല അറിയപ്പെട്ടിരുന്നത്. ബിരുദാനന്തര പഠനമില്ലാത്ത സാധാരണക്കാരെ കാണാന്‍ പ്രയാസമാണ്. മലയാളഭാഷ ശുദ്ധരൂപത്തില്‍ സാധാരണ സംസാരത്തിലും ഉപയോഗിക്കുന്നവര്‍ തങ്ങളാണെന്നവര്‍ അഭിമാനിക്കുന്നു. വള്ളുവനാട്ടിലെ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം തുടങ്ങിയ സ്ഥലവാസികളും അതേ അവകാശമുന്നയിക്കുന്നുണ്ട്. ഔദ്യോഗിക, വിദ്യാഭ്യാസ, സേവനരംഗങ്ങളിലെ അത്യുന്നതരുടെ കൂട്ടത്തില്‍ ഈ രണ്ടു താലൂക്കുകളിലെ ആളുകള്‍ക്ക് പ്രാമുഖ്യം കാണാം.
ശതാബ്ദങ്ങള്‍ക്കോ സഹസ്രാബ്ദങ്ങള്‍ക്കോ അപ്പുറം ശ്രീവല്ലഭക്ഷേത്രത്തിന് വൈദികപഠനമടക്കമുള്ളവരെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അദ്വിതീയ സ്ഥാനമുണ്ടായിരുന്നു. ചരിത്രഗവേഷകരുടെ അക്ഷയഖനിയായി തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രം അറിയപ്പെടുന്നു. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രവും അതുതന്നെയാണത്രേ. ഈ അവകാശമുന്നയിക്കുന്ന ക്ഷേത്രങ്ങള്‍ വേറെയുമുണ്ടെന്നു മറക്കുന്നില്ല, തളിപ്പറമ്പ് പെരുംചെല്ലൂര് രാജരാജേശ്വരക്ഷേത്രം പോലെ.
വിസ്തരിക്കാന്‍ തുനിഞ്ഞത് മറ്റൊരു കാര്യമാണ്. തിരുവല്ലയിലെ കാവുംഭാഗത്തുനിന്ന് പെരുന്ന കോളജില്‍ എംകോമിനു പഠിച്ചിരുന്ന സദാശിവന് നായര്‍ ഒരു ദിവസം കാര്യാലയത്തില്‍ വന്നു. സംഘത്തെപ്പറ്റി കേട്ടറിഞ്ഞ് എത്തിയതായിരുന്നു സദാശിവന്. കേസരി, ഓര്‍ഗനൈസര്‍ തുടങ്ങിയ വാരികകള്‍ കോളജ് ലൈബ്രറിയില്‍നിന്നു വായിച്ചാണത്രേ താല്പര്യമുണ്ടായത്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവല്ലാ മതില്‍ഭാഗത്ത് സംഘശാഖയുണ്ടായിരുന്നതിനാല് ആരെയെങ്കിലും പരിചയപ്പെട്ടിരിക്കണം. ഏതായാലും മതില്‍ഭാഗത്ത് സുഹൃത്തുക്കളെ പരിചയപ്പെടാനവസരമുണ്ടാക്കാമെന്നു വിചാരിച്ചു.
ശ്രീവല്ലഭക്ഷേത്രത്തില്‍ എല്ലാ രാത്രികളിലും ഒരരങ്ങുകഥകളിയുണ്ടാകുമെന്നും, മിക്കവാറും ആരെങ്കിലും നേര്ച്ചയായിട്ടായിരിക്കും അതു നടത്തുകയെന്നും അയാള്‍ പറഞ്ഞു. നല്ല കളിയുള്ളപ്പോള്‍ അറിയിക്കാമെന്നും അറിയിച്ചു. അങ്ങനെ വളരെ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ‘കൡഭ്രാന്ത്’ വീണ്ടും തുടങ്ങി. നല്ല കളിയുള്ള ഒരു സായാഹ്നത്തില്‍ അയാളുമൊരുമിച്ച് തിരുവല്ലായിലെത്തി. കാവുംഭാഗത്തെ ഏതാനും യുവസുഹൃത്തുക്കളുമായി പരിചയപ്പെട്ടു. അവിടെ സംഘത്തിന് പുനര്ജന്മമുണ്ടാവുമെന്ന പ്രത്യാശയുദിച്ചു. സദാശിവന്റെ വീട്ടില്‍നിന്നു അത്താഴമുണ്ട് വിളക്ക് വെക്കുന്നതിനു മുമ്പ് ക്ഷേത്രനടയിലേക്കു പുറപ്പെട്ടു. ക്ഷേത്രസന്നിധിയിലെത്തിയപ്പോള് കളിഭ്രാന്തന്മാരുടെ സംഘം എത്തിത്തുടങ്ങുന്നതേയുള്ളൂ. അവര്‍ക്കിടയില്‍ ഒരു പരിചിത മുഖം! തിരുവല്ലാ പോസ്റ്റ് മാസ്റ്റര്‍ ഭാസ്കര പണിക്കര്‍ എന്ന് സദാശിവന് പരിചയപ്പെടുത്തി. എന്നെ പ്രചാരകനെന്നങ്ങോട്ടും. സംസാരിച്ച് തുടങ്ങിയപ്പോള്‍ തിരുവനന്തപുരത്തെ പഴയകാല സ്മരണകള്‍ വിഷയമായി.
അദ്ദേഹം മുമ്പ് കേരള കമ്മേര്‍ഷ്യല്‍ ബാങ്കില്‍ ജോലിയായിരുന്നു. കറുകച്ചാലിന് കിഴക്ക് വെട്ടിക്കാവുങ്കല്‍ എന്നാണ് സ്ഥലപ്പേരു പറഞ്ഞത്. പണിക്കര്‍ കുറച്ചുനാള്‍ കൊട്ടാരക്കരയിലെ ബാങ്ക് ശാഖയില്‍ ജോലി ചെയ്തപ്പോള്‍ താമസിച്ച ലോഡ്ജില്‍ സഹമുറിയില്‍ ധന്വന്തരി വൈദ്യശാലാ ബ്രാഞ്ച് മാനേജര്‍ ദാമോദരന്‍ നായരുമായി സൗഹൃദത്തിലായി. അക്കാലത്തു മാസം 50-60 രൂപ ശമ്പളം ലഭിച്ച ജോലി വലിച്ചെറിന്നു ആര്‍എസ്എസിന്റെ നിരോധം നീക്കാന്‍ സത്യഗ്രഹത്തിനു പുറപ്പെട്ട് ജയില്ശിക്ഷയനുഭവിച്ചയാള് എന്ന് മനസ്സില്‍ കുറിക്കപ്പെട്ടയാളായിരുന്നു ദാമോദരന്‍ നായര്‍. പില്ക്കാലത്ത് അദ്ദേഹം എന്റെ ഒരു ചിറ്റമ്മയെ വിവാഹം കഴിക്കുകയും, ധന്വന്തരി വൈദ്യശാലയുടെ കണ്ണൂര്‍ ബ്രാഞ്ച് മാനേജരായി വരികയും ചെയ്തു. കണ്ണൂരിലെ സംഘപ്രവര്‍ത്തനത്തില്‍ അവിസ്മരണീയമായ പങ്കാളിത്തം അദ്ദേഹം വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ ശ്രീലക്ഷ്മി ആയുര്‍വേദിക് എന്ന സ്ഥാപനത്തിലൂടെ ഒളിപ്രവര്‍ത്തനങ്ങള്‍ക്ക് അമൂല്യമായ സഹായങ്ങള്‍ നല്കി.
ഏതായാലും തിരുവല്ലായില്‍ തുടങ്ങിയ സമ്പര്‍ക്ക പുനസ്ഥാപനം ഭാസ്കരപ്പണിക്കരുടെ അവസാനംവരെ തുടര്‍ന്നു. അദ്ദേഹം സേവനവിമുക്തനായശേഷം അയ്യപ്പസേവാസംഘത്തില്‍ സജീവമായി. വിശ്വഹിന്ദുപരിഷത്തിലും സഹകരിച്ചു. കേസരിയില്‍ അദ്ദേഹത്തിന്റെ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. അവയില്‍ ഒന്ന് ഇപ്രകാരമാണ്
”ഹിന്ദു ഞാന്‍, ജ്ഞാനസിന്ധു ഞാന്‍
വിശ്വബന്ധു ഞാന്‍ ത്യാഗബിന്ദു ഞാന്‍
വെന്തെരിയുമീ മണ്ണില്‍ ശീതള
കാന്തി ചിന്തീടുമിന്നുഞാന്
വിസ്തൃതാത്ഭുതവിശ്വസീമത-
ന്നത്യനന്തത തന്നിലായ്
നിത്യസത്യം തിരിഞ്ഞുകണ്ടതാം
പൃഥ്വിതന്നാര്യപുത്രന് ഞാന്‍
അര്ഥഗുപ്ത മനുഷ്യജീവിത
മുഗ്ധകാവ്യത്തിനക്ഷരം
രക്തബിന്ദുവിന് സ്നിഗ്ധതയാലേ
വ്യക്തമാക്കിയെന് കൈവിരല്‍
ധ്യാനമുദ്രിതമെന് മിഴികളില്‍
മൗനസംഗീതധാരയില്
ലീനമായ്നിന്ന ഖണ്ഡബ്രഹ്മാണ്ഡ
മണ്ഡലത്തിന് പൊരുളുകള്‍
അക്ഷയോജ്വലനിത്യസിന്ധുവില്
സച്ചിദാനന്ദമാധ്വിയില്
നീന്തിനില്പ്പതെന് മുഗ്ധചേതന
ഹിന്ദു ഞാന്‍ ജഗദിന്ദുഞാന് (ഹിന്ദു)
ഇങ്ങനെ ആറു ചരണങ്ങളിലായി ആ ഗാനസരിത്ത് കുലംകുത്തിയൊഴുകുന്നു.
ശ്രീ ഭാസ്കര്‍റാവുജിയെയും പൂജനീയ ഗുരുജിയെയും സ്മരിച്ചുകൊണ്ടാണദ്ദേഹം എഴുതിയ കൃതികളും അത്യധികം ഭാവഗംഭീരമാണ്.
അഭിനവ ഭാര്ഗവരാമന്
കെട്ടടങ്ങിയ യജ്ഞകുണ്ഡമര്ച്ചന തീര്‍ന്നു
പുഷ്പതട്ടകം തിരിതാഴ്ന്നണഞ്ഞൊരു ദീപം
കിടക്കുമങ്ങേ പഞ്ചഭൂതസഞ്ചയത്തിനു മുന്നില്‍
ഒരു കൈപ്പിടി മഞ്ഞപ്പൂവു ഞാനര്‍പ്പിക്കുന്നു.
ഈയപൂര്വമായാത്മചൈതന്യം തുടിക്കുന്ന
ജീവിതമസുലഭം, സാമാന്യമന്യം വ്യര്‍ഥം-
സേവനനിവൃത്തനായശേഷം മണിമലയ്ക്കടുത്ത് വെട്ടിക്കാവുങ്കല്‍ എന്ന സ്ഥലത്തെ തറവാട്ടുവീട്ടില്‍ അദ്ദേഹം താമസിച്ചുവന്നു. അവിടെ പോയി ആതിഥ്യം സ്വീകരിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. കോട്ടയം ജില്ലാ സംഘചാലകനെന്ന സംഘചുമതലയും അദ്ദേഹം വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രാര്‍ഥനാഗീതം രചിച്ചതുമദ്ദേഹമാണെന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: