നാഗര്‍കോവില്‍: പൊന്നിന് ചിങ്ങമാസത്തിലെ ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ വലിയ പൂക്കളങ്ങള്‍ക്കായി നല്ലൊരു ശതമാനവും പുഷ്പങ്ങള്‍ ഇക്കുറിയും എത്തുന്നത് തോവാളയില്‍ നിന്ന്. പൊന്നിന് ചിങ്ങത്തിലെ ഓണക്കളങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പുഷ്പശേഖരമൊരുക്കി കന്യാകുമാരി ജില്ലയിലെ തോവാള ഗ്രാമം. പഞ്ഞമാസം എന്ന് പേരു കേട്ട കര്‍ക്കടകം തോവാളയിലെ പൂകൃഷിക്കാരെ സംബന്ധിച്ചിടത്തോളം വിളവെടുപ്പിന്റെ മുന്നൊരുക്ക കാലമാണ്. പഴയ തെക്കന്‍ തിരുവിതാംകൂര്‍ ഭരണകാലം മുതല്ക്കേ പൂക്കള്‍ക്ക് കേളിയാര്‍ജിച്ച തോവാള കണ്ണെത്താ ദൂരത്തോളം പൂപ്പാടങ്ങളുടെ സമൃദ്ധിയുടെ പര്യായമായിരുന്നു. ദക്ഷിണ മേഖലയിലെ തന്നെ ഏറ്റവും വലിയ പൂ വിപണിയെന്ന ഖ്യാതിയും തോവാളയ്ക്ക് സ്വന്തം.
നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ കാവല്‍ക്കിണര്‍ കഴിഞ്ഞാണ് തോവാള എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോവാളയിലെ പൂക്കള്‍ക്ക് ഓണക്കാലത്ത് കേരളത്തില്‍ ഡിമാന്‍ഡ് കൂടുതലാണ്. മറ്റു സന്ദര്‍ഭങ്ങളിലും തോവാള പൂക്കള്‍ക്ക് കേരളത്തിലെ പുഷ്പവിപണിയില്‍ ഒഴിച്ചുകൂടാനാവാത്ത ഇടമുണ്ടെന്നതും വാസ്തവം. ആയിരക്കണക്കിന് കര്‍ഷകര്‍ തോവാളയിലെയും സമീപത്തെയും പുഷ്പകൃഷി മേഖലയില്‍ ഇന്നും സജീവം. തോവാള, ആവരക്കുളം, കുമാരപുരം, പഴവൂര്‍, ഏക്കാപുരം, ചിതമ്പരപുരം തുടങ്ങിയ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പൂകൃഷിയുള്ളത്. പാടങ്ങള്‍ക്ക് പുറമേ വീട്ടുവളപ്പുകളിലും പറമ്പുകളിലും പുഷ്പ കൃഷി നടത്തുന്നവര്‍ തോവാളയിലും പരിസരത്തുമുണ്ട്.
തോവാളയിലെ പ്രശസ്തമായ പൂവില്‍പ്പനകേന്ദ്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നത് നാട്ടുവര്‍ത്തമാനം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് തോവാള പൂക്കളുടെ ഗ്രാമമായി രൂപപ്പെട്ടത്. പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും തോവാളയില്‍ നിന്നും പൂക്കള്‍ എത്തിച്ചിരുന്നു. ഇന്ന് രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന പുഷ്പ വിപണിയായി തോവാള പരിണമിച്ചിട്ടുണ്ട്. മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പുഷ്പത്തിളക്കം സമ്മാനിക്കുന്ന തോവാള എക്കാലവും മലയാളനാടിനും പ്രിയപ്പെട്ടതാണ്.
മുല്ലയും പിച്ചിയും ജമന്തിയും റോസയും വാടാമല്ലിയും അരളിയും എന്നിങ്ങനെ വ്യത്യസ്തയിനം പൂക്കളുടെ കൃഷിയിടങ്ങളാല്‍ സമ്പന്നമാണ് തോവാള ഗ്രാമം. പുലരും മുമ്പു തന്നെ തോവാളയിലെ പൂ ചന്തകള്‍ ഉണരും. ഉച്ചയോടെ ചന്ത ഒഴിയും. എന്നാലും തോവാളയിലെ ചെറുതും വലുതുമായ പൂക്കടകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് പൂക്കള്‍ യഥേഷ്ടം ലഭ്യമാകും. ഓസൂര്‍, സേലം, മധുര എന്നിവിടങ്ങളില്‍ നിന്നും തോവാളയില്‍ പ്രതിദിനം അസംഖ്യം ലോറികളില്‍ റോസ്, ചമ്മങ്ങി, ജമന്തി, വിവിധ നിറത്തിലുള്ള അരളിപൂക്കള് എന്നിവയും എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: