രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് 2020 ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് വിവരം പുറത്തുവന്നത്. നയതന്ത്ര ബാഗേജെന്ന വ്യാജേന എത്തിച്ച പെട്ടിയില്‍ 14.82 കോടി വിലവരുന്ന 30.425 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. യുഎഇ കോണ്‍സുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറ് പേരാണ് ആ കേസില്‍ പ്രതികളായത്. 21 തവണയായി 167 കിലോഗ്രാം സ്വര്‍ണം പ്രതികള്‍ കടത്തിയെന്നായിരുന്നു കസ്റ്റംസ് കേസ്. പ്രതികളിലൊരാള്‍ കേരള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എന്നതറിഞ്ഞ് സംസ്ഥാനം ലജ്ജിച്ചു തലതാഴ്ത്തി.
എം.ശിവശങ്കര്‍ കേവലം പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്രമായിരുന്നില്ല, മറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വാധികാര്യക്കാരനായിരുന്നു. ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ സ്പ്രിങ്കഌ കമ്പനിക്ക് അനധികൃതമായി വിറ്റെന്ന ആരോപണമുയര്‍ന്നപ്പോള്‍ ശിവശങ്കറിനായിരുന്നു ഐടി വകുപ്പിന്റെ ചുമതല. സ്പ്രിങ്കഌ കമ്പനിയും മുഖ്യമന്ത്രിയുടെ മകളും തമ്മിലുള്ള ഇടപാടുകളും പിന്നാലെ പുറത്തുവന്നു. അന്ന് ടെലിവിഷന്‍ ചാനലുകളിലും സിപിഐ ഓഫീസില്‍പ്പോലും നേരില്‍പ്പോയി സ്പ്രിങ്കഌ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത ശിവശങ്കരനെ കേരളം മറന്നിട്ടില്ല. അതിനാല്‍ത്തന്നെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായിട്ടും ഏതാനും
ദിവസത്തെ സസ്പെന്‍ഷനൊഴികെ ശിവശങ്കരന് മറ്റ് അച്ചടക്ക നടപടികളൊന്നും നേരിടേണ്ടി വന്നിട്ടില്ല.
ശിവശങ്കരന്റെ രണ്ടാം പതിപ്പാണ് എഡിജിപി എം.ആര്.അജിത് കുമാര്‍. സ്വര്‍ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങി സകല അവിഹിത ഇടപാടുകള്‍ക്കും കേരളത്തില്‍ നേതൃത്വം നല്‍കുന്നയാളാണ് അജിത് കുമാറെന്ന് ഉറപ്പിച്ച് പറയുന്നത് ഭരണകക്ഷി എംഎല്‍എ തന്നെയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി എം.ആര്. അജിത് കുമാറിന് ബന്ധമുണ്ടെന്ന് മുമ്പേ തെളിഞ്ഞതാണ്. സ്വപ്നയുടെ കൂട്ടുപ്രതിയായ പി.എസ്.സരിത്തിന്റെ മൊബൈല്‍ ഫോണ്‍ അജിത് കുമാര്‍ അനധികൃതമായി പിടിച്ചെടുത്തതും അന്ന് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് അന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന അജിത് കുമാര്‍ സരിത്തിനെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടു പോയത്. തന്നെ സ്വാധീനിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം പോയി. പക്ഷേ, തൊട്ടുപിന്നാലെ അജിത് കുമാര്‍ ക്രമസമാധാനത്തിന്റെ ചുമതലക്കാരനായി.
ഭരണകക്ഷിയുടെ മാത്രമല്ല, പ്രതിപക്ഷത്തിന്റേയും വിശ്വസ്തനാണ് അജിത് കുമാര്‍. സോളാര്‍ തട്ടിപ്പ് കാലത്ത് പല പ്രമുഖര്‍ക്കെതിരെയുമുള്ള പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ അന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന അജിത് കുമാര്‍ ഇടപെട്ടെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. ഇങ്ങനെ അധികാരകേന്ദ്രങ്ങളുടെ ഇഷ്ടക്കാരനായതിനാലാണ് സ്വര്‍ണക്കടത്തും കൊലപാതകവുമടക്കം ഗുരുതര ആരോപണങ്ങള്‍ നേരിട്ടിട്ടും അജിത് കുമാറിനെ പിണറായി വിജയന് സംരക്ഷിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് മുഹമ്മദ് ആട്ടൂരിന്റെ( മാമി) തിരോധാനത്തില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. എന്നിട്ടും അതേ വ്യക്തി ക്രമസമാധാന ചുമതലയില്‍ തുടരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ മടിയില്‍ കനമുള്ളതിനാലാണ് അജിത് കുമാറിനെ തൊടാന്‍ ഭയക്കുന്നത്.
സംസ്ഥാനത്ത് നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നു എന്ന വെളിപ്പെടുത്തലിനോട് സിപിഎം പുലര്‍ത്തുന്ന നിസംഗത ആ പാര്‍ട്ടിയുടെ അവസരവാദം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തി. പെഗാസസ് വ്യാജ ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍പ്പോയ സിപിഎം രാജ്യസഭാംഗമടക്കം മൗനത്തിലാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ഫോണ്‍ ചോര്‍ത്തലിനെ സുപ്രീംകോടതി വിശേഷിപ്പിച്ചിട്ടുള്ളത്. ഭരണഘടനയുടെ ഇരുപത്തിരണ്ടാം വകുപ്പ് അനുവദിച്ചിട്ടുള്ള ജീവിതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഫോണ്‍ ചോര്‍ത്തലെന്ന് സിവില്‍ ലിബര്‍ട്ടീസ് കേസില്‍ സുപ്രീംകോടതി അടിവരയിട്ട് പറഞ്ഞതാണ്. രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍ സ്വമേധയ ഇടപെട്ട തെലങ്കാന ഹൈക്കോടതി ഇത് രാജ്യസുരക്ഷയുടെ വിഷയമാണെന്ന് നിരീക്ഷിച്ചതും ഓര്‍ക്കണം.
രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയൂ എന്നിരിക്കെയാണ് എഡിജിപിയുടെ നേതൃത്വത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നു എന്ന് ഭരണകക്ഷി എംഎല്‍എ വെളിപ്പെടുത്തുന്നത്. ഫോണ്‍ ചോര്‍ത്തി എന്ന് എംഎല്‍എ തന്നെ തുറന്നു പറഞ്ഞിട്ടും ആഭ്യന്തരവകുപ്പിന് അനക്കമില്ല. കേരളം അക്ഷരാര്‍ഥത്തില്‍ ബനാനാ റിപ്പബ്ലിക്കായി മാറി എന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് പുറത്തുവരുന്ന വിവരം.
കസ്റ്റഡി കൊലപാതകം മുതല്‍ ബലാത്സംഗം വരെയുള്ള ആരോപണങ്ങള്‍ നേരിടുന്ന എസ്പി സുജിത് ദാസിനെ സംരക്ഷിക്കാന്‍ അവസാന നിമിഷം വരെയും പിണറായി വിജയന് ശ്രമിച്ചത് എന്തിനെന്ന് കേരളം ആലോചിക്കണം. ഒരുകാലത്ത് എഡിജിപി അജിത് കുമാറിന്റെ ഇഷ്ടക്കാരനായിരുന്ന സുജിത് ദാസ് ഉന്നതര്‍ക്ക് വേണ്ടി പല അവിഹിത ഇടപാടുകളും നടത്തിയിട്ടുണ്ടെന്ന് വ്യക്തം. സുജിത് ദാസിന്റെ കീഴിലുള്ള ഡാന്‍സാഫ് (ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ) സംഘമാണ് താമിര്‍ ജിഫ്രി എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊന്നത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം അനധികൃതമായി മുറിച്ചുകടത്തി എന്ന് അയല്‍വാസികളടക്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും സസ്പെന്‍ഷനപ്പുറം അയാള്‍ക്കെതിരെ അച്ചടക്ക നടപടിയും നിയമ നടപടിയും സ്വീകരിക്കാന്‍ പിണറായി വിജയന് ധൈര്യമില്ല. ആത്മകഥയെഴുതിയതിന്റെ പേരില്‍ മാത്രം ജേക്കബ് തോമസ് എന്ന സംസ്ഥാന പോലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെ രണ്ടര വര്‍ഷം സര്‍വീസില്‍ കയറാന്‍ അനുവദിക്കാതിരുന്നതും പിണറായി സര്‍ക്കാരാണ് എന്നോര്‍ക്കണം.
മയക്കുമരുന്ന് മാഫിയയുടെയും, സ്വര്‍ണ കള്ളക്കടത്തിന്റേയും കേന്ദ്രങ്ങളായി വടക്കന്‍ കേരളത്തിലെ ചില ജില്ലകള്‍ മാറി എന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നു. കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് പറഞ്ഞ പാലാ ബിഷപ്പിനെ കടന്നാക്രമിച്ചവര്‍ക്ക് ഇതെക്കുറിച്ച് മിണ്ടാട്ടമില്ല.
സംസ്ഥാനത്തെയാകെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ സര്‍ക്കാരിന്റെ രക്ഷകനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വീണ്ടും അവതരിച്ചു എന്നതും ശ്രദ്ധേയം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാളെയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രതിപക്ഷ നേതാവിന്റെ ലക്ഷ്യം മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കലാണ്. മയക്കുമരുന്ന് കച്ചവടം, സ്വര്‍ണക്കടത്ത്,ഫോണ്‍ ചോര്‍ത്തല്‍, കസ്റ്റഡി കൊലപാതകം എന്നിങ്ങനെ ഗുരുതരമായ വിഷയങ്ങളുണ്ടായിരിക്കെയാണ് സതീശന്, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ രംഗത്തെത്തിയത്. തൃശൂര്‍ പൂരം കലക്കാന്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഗൂഢാലോചന നടത്തി എന്ന സതീശന്റെ ഭാവന മൂന്നാംകിട സിനിമാ തിരക്കഥയ്ക്ക് പോലും ഗുണപ്പെടില്ല.
പൂരം കലക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത് ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടുള്ള വിരോധമാണ്. ശബരിമലയില്‍ ആചാരലംഘനത്തിന് പോലീസ് അകമ്പടിയേകിയ അതേ വികാരമാണ് തൃശൂരിലും പിണറായിയെ നയിച്ചത്. വടകരയില്‍ നിന്ന് പേടിച്ചോടിയ കെ.മുരളീധരനും സ്വന്തം ബൂത്തില്‍പ്പോലും ലീഡ് ചെയ്യാനാവാതിരുന്ന വി.എസ്.സുനില്‍കുമാറും, തൃശൂരില്‍ തോറ്റുപോയത് ഈ കൂടിക്കാഴ്ച മൂലമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. തൃശൂര്‍ പൂരമെന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയ പിണറായി സര്‍ക്കാരിനോടല്ല, ഇതിലൊന്നും യാതൊരു റോളുമില്ലാത്ത ആര്‍എസ്എസിനോടാണ് കോണ്‍ഗ്രസിന് വിരോധം. മാസപ്പടിക്കേസിലെന്നതുപോലെ ഇവിടെയും സതീശന്റെ പിണറായി പ്രേമം തെളിഞ്ഞുനില്ക്കുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ പാളയത്തില്‍പ്പടയുടെ ഭാഗമാണ് അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ എന്ന സിദ്ധാന്തം മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ശശിയുടെ പശ്ചാത്തലം ഒട്ടും നല്ലതല്ല എന്ന് കേരളത്തിന് മുന്നേ ബോധ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷേ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുടെ പേരിലായാലും വ്യക്തിവൈരാഗ്യങ്ങളുടെ പേരിലായാലും ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയാണ് ഗൗരവതരം. സിപിഎമ്മിന്റെ സമ്മേളനങ്ങളും ചക്കളത്തിപ്പോരും ജനങ്ങളുടെ വിഷയമല്ല. നിയമവാഴ്ചയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം. അത് നിറവേറ്റാനാവാത്തിനാല്‍ത്തന്നെ ആഭ്യന്ത്രമന്ത്രിയായി തുടരാന്‍ പിണറായി വിജയന് യോഗ്യതയില്ല.
(മുന്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ-വിദേശകാര്യസഹമന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: