പി.വി. അന്‍വറും എം. ശിവശങ്കറും തമ്മില്‍ വലിയ അന്തരമുണ്ട്. അന്‍വര്‍ എംഎല്‍എയാണ്, ജനപ്രതിനിധിയാണ്. കൃത്യവും വ്യക്തവുമായ രാഷ്‌ട്രീയ നയ നിലപാടുകളുള്ളയാളാണ്. നിയമനിര്‍മാണ സഭാംഗമാണ്. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയുടെ അംഗമാണ്. എം. ശിവശങ്കര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. നിയമനിര്‍മാണത്തിനുള്ള കോപ്പുകൂട്ടുന്നയാളായിരുന്നു.
ഇരുവരും തമ്മില്‍ ചില സമാനതകളുണ്ട്. പി.വി. അന്‍വറിന് സംരംഭങ്ങള്‍ ഉണ്ട്. അതെല്ലാം പരസ്യമാണ്. അവയില്‍ ചിലതിന്റെ പേരില്‍ നിയമ-ചട്ട ലംഘനം ആരോപിച്ച് ചിലര്‍ കോടതിയെ സമീപിച്ചപ്പോള്‍ അന്‍വര്‍ എംഎല്‍എ പ്രതിസ്ഥാനത്തായി; ആ കേസുകള്‍ നടക്കുന്നുണ്ട്. ശിവശങ്കറിനും ചില ‘സംരംഭ’ങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ പേരില്‍ ആക്ഷേപവും ആരോപണവുമുണ്ടായി, കേസുണ്ടായി, പ്രതിയായി. അന്‍വര്‍ ജയിലില്‍ കിടന്നില്ല, ശിവശങ്കര്‍ വിചാരണത്തടവുകാരനായി ജയിലിലായി എന്ന വ്യത്യാസവും ഈ വിഷയത്തിലുണ്ട്.
രണ്ടുപേരും മുഖ്യമന്ത്രി പിണറായി വിജയന്റെയും പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഉറ്റവരും ഉടയവരുമാണ് എന്നതും സമാനതയാണ്. രണ്ടുപേര്‍ പറയുന്നതിലും അതുകൊണ്ടുതന്നെ പിണറായി വിജയന്റെ ജീവിതവും പ്രവൃത്തിയുമുണ്ട് എന്നതും സത്യം, വ്യക്തം. ഇവര്‍ ഇരുവരും പറഞ്ഞതും പറയാത്തതും കൂട്ടിച്ചേര്‍ത്തുവേണം മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതും പറയാത്തതും നമ്മള്‍ വായിച്ചെടുക്കാന്‍. തുറന്നുപറയാത്ത വസ്തുതകള്‍ തിരിച്ചറിയാന്‍ അതേയുള്ളൂ മാര്‍ഗം.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പറയുന്നതു കേട്ടാല്‍ പോരേ, വിശ്വസിച്ചാല്‍ പോരേ എന്ന് സംശയം തോന്നാം. അതാണ് വേണ്ടതും. ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി, അവിടത്തെ ജനതയോട് വാസ്തവവും വസ്തുതയുമല്ലേ പറയൂ,പറയാവൂ? അപ്പോള്‍പ്പിന്നെ എന്തിനാണ് അധികം ”വായിച്ചെടുക്കാന്‍” അത്യധ്വാനം ചെയ്യുന്നതെന്ന് സംശയിക്കാം. കാരണമുണ്ട്, ഒരു വ്യക്തിയെക്കുറിച്ച് പല പതിറ്റാണ്ടുകളായി പലരും പലതും പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയും അവയില്‍ പലതിലും ദുരൂഹതകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍, വസ്തുതകള്‍ ‘പാലും വെള്ളവും തിരിച്ച്’ തെളിയിച്ചു തരേണ്ട വേദികളും സംവിധാനങ്ങളും അത് ചെയ്യാതിരിക്കുമ്പോള്‍, ഇത്തരത്തില്‍ സ്വയം വിശകലനത്തിന് നാട്ടുകാര്‍ നിര്‍ബന്ധിതരാകും; ആത്മവിശകലനമല്ല. അതിന് നമുക്ക് ആശ്രയിക്കാവുന്ന രണ്ടുപേരാണ്, ആദ്യം പറഞ്ഞ വിശേഷണങ്ങളുള്ള പി.വി. അന്‍വര്‍ എംഎല്‍എയും എം. ശിവശങ്കര്‍ ഐഎഎസും.
പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 2024 സെപ്തംബര്‍ ആദ്യം മുതല്‍ ഇന്നലെ വരെ പറഞ്ഞതും തിരുത്തിപ്പറഞ്ഞതും പിന്നെയും പറഞ്ഞതുമായ കാര്യങ്ങള്‍ അഞ്ചെണ്ണമാണ്. അവ ക്രോഡീകരിച്ച്, വര്‍ഗ്ഗീകരിച്ചാല്‍. ഒന്ന്: സംസ്ഥാനത്ത് അനധികൃതമായി വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്നു. രണ്ട്: ആ ഇടപാടില്‍ രാഷ്‌ട്രീയക്കാര്‍, ഭരണതലത്തിലുള്ളവര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പാര്‍ട്ടികളുടെ നേതാക്കള്‍ പ്രവര്‍ത്തകര്‍ ഉണ്ട്. മൂന്ന്: പോലീസ് ഔദ്യോഗിക ക്രിമിനല്‍സംഘമായി മാറി. അവര്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നു, കൊന്നുകളയുന്നു. നാല്: ഈ ഇടപാടില്‍ പോലീസിലെ തലപ്പത്തുള്ള ഉദ്യോഗസ്ഥരുണ്ട്, ക്രമസമാധാന സംരക്ഷണം ഉറപ്പാക്കേണ്ട ആഭ്യന്തരവകുപ്പിന്റെ മന്ത്രിയുടെ ഉപദേശകനായി നിയോഗിക്കപ്പെട്ടിരിക്കുന്നയാളുമുണ്ട്. അഞ്ച്: ഭരണത്തിന്റെ ബലത്തില്‍ സര്‍ക്കാര്‍പക്ഷത്തുള്ളവര്‍, ഉദ്യോഗസ്ഥര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം വന്‍ അഴിമതിക്കാരായി മാറിയിരിക്കുന്നു. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുമുണ്ട്. ഏറ്റവും രൂക്ഷമായ ഭാഷയില്‍ ഭംഗ്യന്തരേണ സംസ്ഥാന മുഖ്യമന്ത്രിയെ സാധാരണ ചായക്കടക്കാരനാക്കി, അതിനും കൊള്ളാത്തയാളെന്ന് വിമര്‍ശിച്ചുവെന്നത് മറ്റൊരു കാര്യം. സംസ്ഥാനത്ത് സമാന്തര ഭരണം ചില മാഫിയാ സംഘങ്ങള്‍ നടത്തുന്നുവെന്നും ക്രമസമാധാനച്ചുമതലയുള്ള പോലീസ് മേധാവി ഭീകരപ്രവര്‍ത്തകത്തലവനായ ദാവൂദ് ഇബ്രാഹിമിനെപ്പോലെയാണെന്നും അന്‍വര്‍ പരസ്യമായി വിളിച്ചു പറഞ്ഞു.
എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ‘മുഖ്യമന്ത്രി ഞാന്‍ പറയുന്നിടത്ത് ഒപ്പുവെയ്‌ക്കും, ഒരു കഴിവുമില്ലാത്തയാളാണ്’ എന്ന് ശിവശങ്കര്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിനേക്കാള്‍ രൂക്ഷമാണ് ഒന്നിലേറെ പെട്ടിക്കടകള്‍ നടത്തിക്കൊണ്ടുപോകാനാകാത്തയാള്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തുന്നതുപോലെയെന്ന് മുഖ്യമന്ത്രിയെക്കുറിച്ച് പി.വി. അന്‍വര്‍ പ്രയോഗിച്ച ഉപമ. മാത്രമല്ല, ചായക്കട- പെട്ടിക്കടയാണ് ഉപമാനമായത്, ഷോപ്പിങ് മാളല്ല എന്ന് ഓര്‍മിക്കണം. അതവിടെ നില്‍ക്കട്ടെ.
അന്‍വര്‍ ഉയര്‍ത്തിയ ഈ ആക്ഷേപങ്ങള്‍ക്ക്, ആരോപണങ്ങള്‍ക്ക് നാലുവര്‍ഷം മുമ്പ്, 2024 ജൂലൈ മാസം വിവാദമായ ചില സംഭവങ്ങളോട് സമാനത ഏറെയാണ്. യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്നു, അതിന് സംരക്ഷണം നല്‍കുന്നവരില്‍ മുഖ്യന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്സിന് മുഖ്യപങ്ക് തുടങ്ങിയ വിവരങ്ങളായിരുന്നു അതില്‍. തുടര്‍ന്ന് ഇക്കാലമത്രയും സ്വപ്ന സുരേഷ് എന്ന ഈ ഇടപാടിലെ പ്രധാനിയായിരുന്ന വനിതയുടെ വെളിപ്പെടുത്തലുകള്‍, കോടതി ഇടപെടലുകള്‍, അന്വേഷണങ്ങള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ ഒക്കെ കണ്ടെത്തിയതും വെളിപ്പെടുത്തിയതും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്ത്, അതില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഭരണകര്‍ത്താക്കള്‍ക്ക്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒക്കെയുള്ള പങ്കായിരുന്നു. പക്ഷേ…
അതെ, അതൊരു വലിയ പക്ഷേയാണ്. നാലുവര്‍ഷത്തിനുള്ളില്‍ എന്ത് നടന്നു. ആരോപിതരായവരില്‍ ആരൊക്കെ, എവിടെയൊക്കെ? കേസ് അന്വേഷണം നടക്കുന്നു, കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്നു, പ്രതികള്‍ ജയിലിലും പുറത്തുമായി കഴിയുന്നു. അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളുടെ കൂമ്പാരത്തില്‍നിന്ന് സത്യവും വാസ്തവവും കണ്ടെത്താനുള്ള ഗവേഷണ പഠനങ്ങള്‍ തുടരുന്നു. ഏറ്റവും പുതുതായി, സ്വര്‍ണ്ണക്കടത്തിലെ പ്രതികളില്‍ പ്രധാനി ശരത്ത് വെളിപ്പെടുത്തുന്നു, സ്വപ്‌ന സുരേഷിനേയും മറ്റും കേരളത്തില്‍ നിന്ന് ബെംഗളൂര്‍ക്ക് കടത്തിയത് വിവാദത്തില്‍ കുടുങ്ങിയ എഡിജിപി: എം.ആര്‍. അജിത് കുമാറായിരുന്നുവെന്ന്. അതിന് നിര്‍ദ്ദേശം കൊടുത്തത് എം. ശിവശങ്കറായിരുന്നുവെന്ന്. ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതവും അറിവുമുണ്ടായിരുന്നുവെന്നത് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പല സത്യവാങ്മൂലങ്ങളിലുള്ളതാണ്.
നാലുവര്‍ഷത്തിനുശേഷം, സമാനമായ ആരോപണത്തിലൂടെ സ്വര്‍ണക്കടത്ത് എന്ന വമ്പന്‍ സമാന്തര സാമ്പത്തിക ഇടപാട് വീണ്ടും ചര്‍ച്ചയാകുകയാണ്. നടപടികള്‍ എത്രത്തോളം എന്ന് കാത്തിരുന്നു കാണണം. പക്ഷേ, ചിലര്‍ അങ്ങനെ സ്വര്‍ണ്ണംകൊണ്ട് ആഘോഷിക്കുമ്പോള്‍ ഒരു കൊച്ചുസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ മറുവശമാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. ഭരണതലത്തില്‍ ഒരു സര്‍ക്കാര്‍ സാമ്പത്തികത്തകര്‍ച്ചയിലാണ്. കടം വാങ്ങിക്കടം വാങ്ങി കച്ചവടം പൂട്ടുന്ന സ്ഥിതിയിലേക്കാണ് പോക്ക്. കാണം വിറ്റ് വേണം ഓണം ഉണ്ണാന്‍. നടപ്പു സാമ്പത്തികവര്‍ഷം ഭരണത്തിന്റെ ചെലവ് നടത്തിക്കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ വായ്പ നിശ്ചയിച്ചിട്ടുള്ളതില്‍ ശേഷിക്കുന്നത് ഇനി 16,269 കോടി രൂപയാണ്. അതില്‍ 4200 കോടി രൂപ എടുത്താണ് ഓണം കഴിച്ചുകൂട്ടാന്‍ പോകുന്നത്. ജനുവരി 2024 ല്‍ നിയമസഭയില്‍ സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച കണക്കുപ്രകാരം കേരളത്തിന്റെ പൊതുകടം 2.38 ലക്ഷം കോടിയാണ്. സമാന്തര സാമ്പത്തിക വ്യാജ ഇടപാടുകള്‍ വഴി സംസ്ഥാനത്ത് നടക്കുന്നത് സാമ്പത്തിക തട്ടിപ്പു മാത്രമല്ല എന്ന് തിരിച്ചറിയണം. രാജ്യത്തിന്റെ ആകെ ആഭ്യന്തര സുരക്ഷ കൂടിയാണ്. അഞ്ചു പൈസ കൈയില്‍ ഇല്ലാതെ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വര്‍ണഖനനത്തിന് പോകുന്നുവെന്ന് പ്രസ്താവിച്ച അന്‍വര്‍ എംഎല്‍എയും അഞ്ചുവര്‍ഷത്തോളം സ്വര്‍ണക്കടത്ത് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ച എം. ശിവശങ്കറും സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യരാണെങ്കില്‍ അവരെ അതിന് വിനിയോഗിക്കണം. പകരം തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കും കൂട്ടുനില്‍ക്കുകയോ അവയോട് കണ്ണടയ്‌ക്കുകയോ അതില്‍നിന്നൊക്കെ പങ്കുപറ്റുകയോ ചെയ്യുന്നവരുണ്ടെങ്കില്‍ അവരെ തുറുങ്കിലേക്ക് അയക്കണം. എന്നുകരുതി പി.വി. അന്‍വറും എം. ശിവശങ്കറും വിശുദ്ധരാകുന്നില്ല.
സംസ്ഥാനത്തൊരു ഭരണസംവിധാനമുണ്ടായിരിക്കെ, കടം വാങ്ങി മാത്രം കാലക്ഷേപം കഴിക്കേണ്ടിവരുന്നത് ഭരണം നയിക്കുന്നവരുടെ പിടിപ്പുകേടാണ്. ചില സ്ഥാപനങ്ങളുടെ ദയനീയാവസ്ഥയില്‍ അങ്ങനെയൊക്കെ സംഭവിക്കും; പക്ഷേ ഇത് സര്‍ക്കാരാണ്. പിടിപ്പുകെട്ടവരെത്തന്നെ പിടിച്ചുകയറ്റി ഇരുത്തുന്ന കക്ഷിരാഷ്‌ട്രീയം യഥാര്‍ത്ഥത്തില്‍ അപകടകരമാണ്. അന്‍വര്‍ പറഞ്ഞത് വിഴുങ്ങിയേക്കാം. അന്വേഷണ നടപടികള്‍ അവിടെ തീര്‍ന്നേക്കാം, തല്‍ക്കാലം ഒതുങ്ങിയേക്കാം. പക്ഷേ, സംസ്ഥാനത്തെ സാമ്പത്തിക ഭദ്രതയില്ലായ്മക്കു പുറമെ, ക്രമസമാധാന മേഖലയില്‍, ആഭ്യന്തര സ്ഥിതിയിലും വലിയ അപകടം ഉണ്ടായിരിക്കുന്നുവെന്ന് ഒരു എംഎല്‍എ ആരോപിച്ചത് ശരിയെങ്കില്‍ അടിമുടി ഒരു ഉടച്ചുവാര്‍ക്കല്‍ വേണം. അല്ലെങ്കില്‍ അടിസ്ഥാനരഹിതമായ, ഉത്തരവാദിത്വരഹിതമായ പ്രഖ്യാപനം നടത്തിയ എംഎല്‍എയ്‌ക്കെതിരെ കര്‍ശന നടപടി വേണം.
അന്‍വര്‍ പറഞ്ഞതിനപ്പുറം ശിവശങ്കര്‍ പറയാത്തതാണ് കേള്‍ക്കേണ്ടത്. എം. ശിവശങ്കര്‍ സത്യം പറഞ്ഞാല്‍ തീരാവുന്നതാണ് പ്രശ്നങ്ങള്‍. പക്ഷേ ‘അശ്വത്ഥാമാവിനെ കൊല്ലുന്നതിനു പകരം ആനയെന്ന് പേരിട്ട് കുഴിയാന’യെ തല്ലിയിട്ടെന്ത് ഫലം! ശിവശങ്കര്‍ ആരെയും പേടിക്കാതെ വസ്തുത പറയുമോ? ശിവശങ്കര്‍ ഇതുവരെ നടന്ന ”സ്വര്‍ണപ്രശ്ന”ത്തിന്റെ പിന്നിലെ വാസ്തവം പറഞ്ഞാല്‍ തീരാവുന്നതേയുള്ളൂ എല്ലാം എന്നെന്നേക്കുമായി. വീണ്ടും അതേ പക്ഷേ…
പിന്‍കുറിപ്പ്: ഉക്രൈനിലെ യുദ്ധ- അതിക്രമങ്ങള്‍ നിര്‍ത്താന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് റഷ്യ; അതിന് ഭാരതം ഇടപെടണമെന്നും. രണ്ടര വര്‍ഷം കഴിഞ്ഞാണ് പുടിന് കാര്യങ്ങള്‍ ബോധ്യമായത്. നശിക്കുക, നശിപ്പിക്കുക, അത് ചില ജനങ്ങളുടെ ഡിഎന്‍എയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: