തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരേ പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് പുറത്താകുന്നത് സ്വര്‍ണക്കടത്തിലെ കൂടുതല്‍ അണിയറ രഹസ്യങ്ങള്‍. ആരോപണങ്ങളെല്ലാമെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരിലേക്ക്. ആരോപണ, പ്രത്യാരോപണങ്ങള്‍ കടുക്കുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം എങ്ങനെയെങ്കിലും തലയൂരാനുള്ള പെടാപ്പാടെന്നും ആക്ഷേപം. സ്വര്‍ണക്കടത്തു വീണ്ടും സജീവ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ചില പോലീസ് ഉന്നതര്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഭരണപക്ഷ എംഎല്‍എ പി.വി. അന്‍വറിന്റെ ആരോപണം പുറത്തുവന്നതിനു പിന്നാലെ ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തുകേസിലെ കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയാകുന്നു. കള്ളക്കടത്തു മുതല്‍ പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കാതല്‍ എന്നാണ് വിലയിരുത്തല്‍. നയതന്ത്ര ചാനല്‍ വഴി 21 തവണയായി 169 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.
സ്വര്‍ണക്കടത്തിലൂടെയുള്ള പണം കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും എത്തുന്നുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി. ജലീല്‍, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ള രഹസ്യമൊഴി നല്കിയിരുന്നതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.
എഡിജിപി അജിത്കുമാര്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ആളാണെന്നാണ് പി.വി. അന്‍വര്‍ ആരോപിച്ചത്. അതിനു പിന്നാലെ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്, തന്നെ കേരളത്തില്‍ നിന്നു നാഗാലാന്‍ഡിലെത്തിച്ച് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ബെംഗളൂരുവിലേക്കു കടത്തിയതിനു പിന്നില്‍ അന്നു വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി അജിത്കുമാറും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമാണെന്നുമാണ്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ബിരിയാണിച്ചെമ്പില്‍ സ്വര്‍ണമെത്തിച്ചെന്നുമുള്ള ആരോപണത്തിനു കരുത്തു പകരുന്നതാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ മിണ്ടരുതെന്ന് സ്വപ്‌ന സുരേഷിനെ അജിത്കുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന വിവരം.
മാധ്യമ പ്രവര്‍ത്തകനും ബിലീവേഴ്‌സ് ചര്‍ച്ച് ഡയറക്ടറുമാണെന്ന് ശിവശങ്കര്‍ സ്വപ്‌നയ്‌ക്കു പരിചയപ്പെടുത്തിയ ഷാജ് കിരണുമായും അജിത്കുമാറിനു ബന്ധമുണ്ടായിരുന്നു. സ്വപ്
ന സുരേഷിന്റെ സുഹൃത്തും സ്വര്‍ണക്കടത്തുകേസിലെ. കൂട്ടുപ്രതിയുമായ പി.എസ്. സരിത്തിനെ സ്വപ്‌നയുടെ വീട്ടില്‍ നിന്നു പോലീസ് പിടിച്ച ദിവസം 19 തവണ ഷാജ് കിരണുമായി അജിത്കുമാര്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയതാണ്. എന്നാല്‍ വിജയ് സാഖറെ ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയിലേക്കു പോയ ഒഴിവിലേക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി അജിത് കുമാറിനെ നിയമിക്കുകയായിരുന്നു. ഇതിനിടെയാണ് വിവാദങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചെന്ന് മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ തുറന്നുപറച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: