ന്യൂദല്‍ഹി: യുഎഇയുടെ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന് ഭാരതം സന്ദര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ക്ഷണപ്രകാരം സപ്തംബര്‍ 9, 10 തീയതികളില്‍ അദ്ദേഹം ഭാരതത്തിലുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അബുദാബി കിരീടാവകാശിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഭാരതസന്ദര്ശനമാണ്.
യുഎഇ മന്ത്രിമാരും ബിസിനസ് പ്രതിനിധികളും അബുദാബി കിരീടാവകാശിയോടൊപ്പം എത്തും. 9 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം രാഷ്ട്രപദി ദ്രൗപദി മുര്‍മുവിനൊപ്പം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകം സന്ദര്‍ശിക്കും. രണ്ടാം ദിനം മുംബൈയിലാണ്. അവിടെ ബിസിനസ് ഫോറത്തില്‍ അദ്ദേഹവും ഒപ്പമുള്ള ബിസിനസ് പ്രതിനിധി സംഘവും പങ്കെടുക്കും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പരിപാടിയില്‍ ഒത്തുചേരും. കഴിഞ്ഞ ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി സന്ദര്‍ശിച്ചിരുന്നു.
ഭാരതവും യുഎഇയും മികച്ച വ്യാപാര പങ്കാളികളാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 85 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപരമായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: