മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നിലമ്പൂരിലെ ഇടത് എംഎല്‍എ പി.വി. അന്‍വറെ തള്ളിപ്പറഞ്ഞ് സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി.
പി.വി. അന്‍വറിന് പരാതി ഉണ്ടായിരുന്നെങ്കില്‍ അത് ഉന്നയിക്കേണ്ടിയിരുന്നത് പാര്‍ട്ടി ഫോറത്തില്‍ ആയിരുന്നുവെന്നും അത് ചെയ്യാത്തതുകൊണ്ടാണ് വിഷയം വിവാദമായതെന്നും പാലൊളി പറഞ്ഞു. എല്ലാ പരാതികള്‍ക്കും പരിഹാരമായി എന്ന് വരില്ല. അന്‍വര്‍ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് പറയാന്‍ കഴിയില്ല. പാര്‍ട്ടി അച്ചടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ട ആളുകള്‍ പാര്‍ട്ടി കമ്മിറ്റിയിലാണ് പ്രശ്നം ഉന്നയിക്കേണ്ടത്. പുറത്ത് ഉന്നയിക്കുന്ന ഘട്ടം അവസാനമാണ്. ആദ്യം തന്നെ വിവാദം ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തുക, പിന്നെ പരാതി കൊടുക്കുക ആ രീതി ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ക്രമസമാധാനപാലന ചുമതലയുളള എഡിജിപി എം.ആര്. അജിത്കുമാറിനെതിരെയും പി. ശശിയുമായി ബന്ധപ്പെട്ട് അന്‍വര്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും അന്‍വര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്‍വറിന്റെ പരാതിയില്‍ പി. ശശിയുടെ പേരില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ പരാതി കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കഴിഞ്ഞദിവസം പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: