തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ 18 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് 18.1 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ടായി.
കൊച്ചിക്കുവേണ്ടി ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും നേടിയ അര്‍ധസെഞ്ചുറികളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് അഞ്ച് സെഞ്ചുറിയും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ ആനന്ദ് കൃഷ്ണന്‍ 54 റണ്‍സ് നേടി. ജോബിന്‍ ജോബി 50 പന്തില്‍ നിന്ന് രണ്ട് സിക്‌സറും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 51 റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന സ്‌കോറില്‍ കളി അവസാനിച്ചു.
148 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന് 14 റണ്‍സ് എടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായി. അഭിഷേക് നായര്‍(രണ്ട്), അരുണ്‍ പൗലോസ്(രണ്ട്), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(രണ്ട്), എ.കെ അര്‍ജുന്‍(മൂന്ന്) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. എന്‍.എം. ഷറഫുദ്ദീന് മാത്രമാണ് കാര്യമായ റണ്‍സ് നേടാന്‍ സാധിച്ചത്. ഏഴാമനായി ഇറങ്ങിയ ഷറഫുദ്ദീന്‍ 24 പന്തില്‍ നിന്ന് അഞ്ചു സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 49 റണ്‍സ് നേടി. 18.1 ഓവറില്‍ 129 ന് ഏരീസ് കൊല്ലം ഓള്‍ ഔട്ട്. ലീഗില്‍ ഇതുവരെ കളിച്ച നാലുകളികളില്‍ മൂന്നിലും വിജയിച്ച കൊല്ലം ആദ്യമായാണ് പരാജയപ്പെടുന്നത്.
കൊച്ചിക്കു വേണ്ടി ബേസില്‍ തമ്പി 3.1 ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. കെ.എം.ആസിഫ് നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് സ്വന്തമാക്കി. ആദ്യ രണ്ടുകളികളില്‍ പരാജയപ്പെട്ട് പോയിന്റ് നിലയില്‍ ഏറ്റവും താഴെയായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ശനിയാഴ്ചത്തെ വിജയത്തോടെ പോയിന്റ് നിലയില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനു തൊട്ടുതാഴെ രണ്ടാമതെത്തി.
ഇന്ന് 2.30ന് തൃശൂര്‍ ടൈറ്റന്‍സും കൊച്ചി ബ്ലൂടൈഗേഴ്‌സും തമ്മിലാണ് മത്സരം. വൈകിട്ട് 6.45ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക