പോത്തന്‍കോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 98 ാമത് ജന്മദിനം ഇന്ന് ശാന്തിഗിരിയില്‍ നവപൂജിതമായി ആഘോഷിക്കും.
‘ഗുരുവിന്റെ സ്നേഹം’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കഴിഞ്ഞ 41 ദിവസങ്ങളായി രാജ്യത്തുടനീളവും യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ, കാനഡ, മെക്സിക്കോ, നൈജീരിയ, ദുബായ്, ഖത്തര്‍, ബഹറിന്‍, സൗദി അറേബ്യ, യുഎസ്എ എന്നീ രാജ്യങ്ങളിലും നടന്നുവന്ന സത്സംഗ പരമ്പരയ്ക്ക് ഇന്ന് സമാപനമാകും. നവപൂജിത ദിനമായ ഇന്ന് രാവിലെ 5ന് സംന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാര്‍ത്ഥനാചടങ്ങുകള്‍ ആരംഭിക്കും.
6 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തും. 7 മുതല്‍ പുഷ്പസമര്‍പ്പണം. രാവിലെ 10.30 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹകാരിക്കുളള റോബര്‍ട്ട് ഓവന് പുരസ്കാരം ലഭിച്ച സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന് നായരെ ചടങ്ങില്‍ ആദരിക്കും. അനില്‍ ചേര്‍ത്തല രചിച്ച ‘അവധൂത യാത്ര’, ശ്രീമംഗലം കളരി രാജീവ് ഗുരുക്കള്‍ രചിച്ച ‘വന്ദനം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനകര്‍മവും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്ക് 2ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനങ്ങളില്‍ വിവിധ മതരാഷ്ട്രീയ സാമൂഹിക സംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘അവധൂതയാത്ര’ ക്വിസ് മത്സരവിജയികള്‍ക്കും ആശ്രമത്തിന്റെ സാംസ്കാരിക വിഭാഗത്തില്‍ സ്ത്രീകളുടെ സംഘടനയായ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘നവപഥം 2024’ പ്രശ്നോത്തരി വിജയികള്‍ക്കുമുളള സമ്മാനദാനവും ചടങ്ങില്‍ നടക്കും.
വൈകുന്നേരം 5 മണിക്ക് ദീപപ്രദക്ഷിണം നടക്കും. രാത്രി 8ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നവപൂജിതം സമര്‍പ്പണ സന്ദേശം നല്‍കും. രാത്രി 9ന് ഹാപ്പിനസ് ഗാര്‍ഡനിലെ കലാഞ്ജലി വേദിയില്‍ സംഗീതനിശ ഉണ്ടാകും. തുടര്‍ന്ന് കുമാരി ദക്ഷിണ കതിരേശന്, രജനി ജമുനാദേവി, കലാമണ്ഡലം ഗ്രീഷ്മ, നയന മനോജ്, നന്ദന മനോജ് എന്നിവര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിക്കും. 20നാണ് പൂര്‍ണകുംഭമേള. ഒക്ടോ. 13ന് വിജയദശമി ദിനത്തില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തോടെ പ്രാര്‍ത്ഥനാ സങ്കല്പപ്പങ്ങള്ക്കും ആഘോഷപരിപാടികള്‍ക്കും സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: