സിംഗപ്പൂര്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം സൃഷ്ടിച്ച ആവേശത്തില്‍ സിംഗപ്പൂരിലെ ഭാരതീയ പ്രവാസി സമൂഹം ഗണേശോത്സവത്തിന് ഒരുങ്ങുന്നു. ഇന്ന് മുതല്‍ അഞ്ച് ദിവസം സിംഗപ്പൂര്‍ സിറ്റി ഗണേശോത്സവത്തിന് വേദിയാകും. മോദിയുടെ സന്ദര്‍ശനവേളയില്‍ ധോല്‍ വാദ്യസംഘത്തിന് നേതൃത്വം നല്കിയ മഹാരാഷ്ട്ര മണ്ഡല് അധ്യക്ഷന്‍ സച്ചിന് ഗഞ്ചപുര്കാറിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍.
മുപ്പത് വര്‍ഷമായി മഹാരാഷ്ട്ര മണ്ഡല് പഞ്ചദിന ഗണേശോത്സവം കൊണ്ടാടാറുണ്ടെന്ന് സച്ചിന് പറഞ്ഞു. വലിയ പന്തല്‍ ഇതിനായി സിംഗപ്പൂര്‍ സിറ്റിയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഗണേശപ്രതിമകള്‍ ഭാരതത്തില്‍ നിന്നാണെത്തിച്ചത്. മണ്ണ് കൊണ്ട് നിര്‍മിച്ചതാണ് പ്രതിമകള്‍. മൂന്നടി ഉയരമുള്ള ഗണേശ പ്രതിമ പന്തലില്‍ സ്ഥാപിക്കും. 25000 പ്രവാസികള്‍ ആഘോഷത്തില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം പറഞ്ഞു.
എല്ലാ വീടുകളിലും ഗണേശപ്രതിമകള്‍ പൂജിക്കുന്നുണ്ടെന്ന് സിംഗപ്പൂരില്‍ ഉദ്യോഗസ്ഥനായ ശൈലേന്ദ്രവര്മ്മ എഎന്‍ഐയോട് പറഞ്ഞു. ഇത്തവണത്തെ ആഘോഷത്തിന് ആവേശം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയെത്തുന്ന ഗണേശോത്സവത്തിന് ഇരട്ടി മധുരമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ ആവേശത്തോടെയാണ് ഗണേശോത്സവത്തെ ഭാരതീയ സമൂഹം വരവേല്‍ക്കുന്നതെന്ന് പൂനെയില്‍ നിന്നുള്ള ധനശ്രീ രാഹുല്‍ ഭാംറെ പറഞ്ഞു. പതിമൂന്ന് വര്‍ഷമായി ഞാന്‍ സിംഗപ്പൂര്‍ സിറ്റിയിലുണ്ട്. മോദിജി വന്നതോടെ ഇക്കുറി ഈ നാട്ടുകാരും ഞങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ഉത്സുകരാണ്. വലിയ അഭിമാനം തോന്നുന്നു. കുട്ടികളും വലിയ ഉത്സാഹത്തിലാണ്, ധനശ്രീ ചൂണ്ടിക്കാട്ടി.
സാധാരണയായി പത്തോ ഇരുപതോ ഗണേശ പ്രതിമകളാണ് ഭാരതത്തില്‍ നിന്ന് കൊണ്ടുവന്ന് വില്‍ക്കാറുള്ളതെന്ന് 26 വര്‍ഷമായി നഗരത്തില്‍ കച്ചവടം നടത്തുന്ന പൂനെ സ്വദേശി യതിന് ദതര്‍ പറഞ്ഞു. എന്നാല്‍ ഇക്കുറി നാനൂറ് പ്രതിമകള്‍ വരുത്തിയിട്ടുണ്ട്. എന്റേത് പോലെ നിരവധി സ്ഥാപനങ്ങള്‍ പ്രതിമ വില്‍ക്കുന്നു. ആകെ ആഘോഷമാണ് സിംഗപ്പൂരില്‍, യതിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: