ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ റിക്കാര്‍ഡ് വിവാഹങ്ങള്‍. ക്ഷേത്രത്തില്‍ ഇന്നോളം നടക്കാത്തത്ര വിവാഹങ്ങളാണ് നാളെ നടക്കുന്നത്. ഇന്നലെ ഉച്ചവരെ 354 വിവാഹങ്ങള്‍ ബുക്കിങ് ആയിട്ടുണ്ട്. നാളെ രാവിലെ ഒമ്പത് മണിവരേയും വിവാഹങ്ങള്‍ ബുക്ക് ചെയ്യാമെന്നിരിക്കെ, വിവാഹങ്ങളുടെ എണ്ണവും കൂടാന്‍ സാധ്യതയേറുന്നു.
ചിങ്ങമാസത്തിലെ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തമുള്ള ദിനമാണ് നാളെ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇതിന് മുമ്പ് 2017 ആഗസ്ത് 26 ന് നടന്ന 277 വിവാഹങ്ങളുടെ ചരിത്രമാണ് നാളെ മറികടക്കുന്നത്. നാളത്തെ ക്ഷേത്രദര്‍ശനവും, വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ രാവിലെ അഞ്ച് മണിക്കാണ് വിവാഹങ്ങള്‍ ആരംഭിച്ചിരുന്നത്.
എന്നാല്‍ നാളെ സമയബന്ധിതമായി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് ആറ് വിവാഹ മണ്ഡപങ്ങളിലായി പുലര്‍ച്ചെ നാല് മണിക്ക് വിവാഹങ്ങള്‍ ആരംഭിക്കും.
വരനും, വധുവുമടങ്ങുന്ന വിവാഹ സംഘം, നേരത്തെയെത്തി ക്ഷേത്രത്തിന്റെ തെക്കേനടയില്‍ സജ്ജമാക്കിയ താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങി പന്തലില്‍ വിശ്രമിക്കാം. താലികെട്ടിന്റെ സമയത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലൂടെ പ്രവേശിച്ച് മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. വധൂവരന്മാര്ക്കൊപ്പം ഫോട്ടോഗ്രാഫര്‍ ഉള്‍പ്പടെ പരമാവധി 24 പേര്‍ക്ക് മാത്രമെ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
വിവാഹം കഴിഞ്ഞ സംഘത്തെ കിഴക്കേ നടയിലൂടെ മടങ്ങാന്‍ അനുവദിക്കില്ല. തെക്കേനടവഴി വേണം പോകേണ്ടത്. വിവാഹ തിരക്ക് പരിഗണിച്ച് കിഴക്കേ നടയിലും, മണ്ഡപത്തിന് സമീപത്തേക്കും പ്രവേശനമുണ്ടായിരിക്കയില്ല.
ക്ഷേത്രത്തില്‍ നാളെ ക്രമാതീതമായി തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍, പുലര്‍ച്ചെ നിര്‍മാല്യം മുതല്‍ കൊടിമരത്തിന് സമീപം വഴിയാണ് ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുക.
ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചുറ്റമ്പല പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം എന്നിവ അനുവദിക്കില്ലെന്നും ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ദര്‍ശനം കഴിഞ്ഞാല്‍ പടിഞ്ഞാറേ ഗോപുരം വഴിയോ, തെക്കേ തിടപ്പള്ളി വാതില്‍ വഴിയോ പുറത്തേക്ക് പോകണം.
ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ക്കും, വിവാഹ ചടങ്ങിന് എത്തുന്നവര്‍ക്കും ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം ഗുരുവായൂര്‍ എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും ക്ഷേത്രത്തിലും, പരിസരത്തും സുരക്ഷയൊരുക്കും. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, വി.ജി. രവീന്ദ്രന്, കെ.പി. വിശ്വനാഥന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: