ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടു. പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീന രാജ്യം വിട്ട് ഭാരതത്തില്‍ അഭയാര്‍ത്ഥിയായി. സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവുമായി. പക്ഷേ, ബംഗ്ലാദേശ് ഇപ്പോഴും അശാന്തമാണ്. അവിടെ ഉയരുന്നത് ഹിന്ദു സ്തീകളുടെ വിലാപങ്ങളാണ്.
പെണ്മക്കളെ ഒരു കൂട്ടം അക്രമികളില്‍ നിന്ന് രക്ഷിക്കുന്നതിനായി കൈയിലുള്ളതെല്ലാം അക്രമികള്‍ക്ക് നല്കി വിലപിക്കുന്ന ഹിന്ദുവായ ഒരമ്മയുടെ ചിത്രം ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന യാതനകളുടെ നേര്‍ച്ചിത്രമാണ്. കലാപത്തെ തുടര്‍ന്ന് ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് രാജ്യം വിട്ടോടിപ്പോകേണ്ടി വന്നതും തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ആക്രമിക്കപ്പെടാന്‍ ഇടയായതും ലോകം കണ്ടുനിന്നു. നിരവധി ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി, മാനഭംഗപ്പെടുത്തി, തല്ലിച്ചതച്ചു. പിറോജ്പൂര്‍, റയര്‍ കാത്തി, ബ്രഹ്മന്‍ കാത്തി, ബാജു കാത്തി തുടങ്ങിയ സ്ഥലങ്ങള്‍ ഇത്തരം വേട്ടയാടലുകളുണ്ടായതില് ചിലതുമാത്രം. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ ബംഗ്ലാദേശിലെ എല്ലാ ക്രമസമാധാന സംവിധാനങ്ങളും നിയമ സംവിധാനങ്ങളും പരാജയപ്പെട്ടു.
വിഭജനത്തിന് മുമ്പ് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍( ഇന്നത്തെ ബംഗ്ലാദേശ്)1946, 1950, 1964-1965 കാലഘട്ടത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരുമുള്പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ പീഡനത്തിന് ഇരകളായിട്ടുണ്ട്. 1946 ആഗസ്തില്‍ മുഹമ്മദാലി ജിന്നയുടെ ഡയറക്ട് ആക്ഷന്‍ ആഹ്വാനപ്രകാരം നിരവധി ഹിന്ദു വീടുകള്‍ അഗ്നിക്കിരയാക്കി. അന്നത്തെ ഹിന്ദു വംശഹത്യയ്ക്ക് പിന്നാലെ ഒക്ടോബറിലെ പൂജാ ദിനത്തില്‍ അരങ്ങേറിയ നവ്ഖാലി കലാപത്തില്‍ നടന്നത് നിഷ്ഠൂരമായ ഹിന്ദു ഉന്മൂലനമാണ്. അയ്യായിരത്തിലധികം ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു. സ്ത്രീകളെ തടവിലാക്കി, മതംമാറ്റി.
ഭാരത വിഭജനത്തിന്റെ ചരിത്രം മക്കളെയോര്‍ത്ത് കരയുന്ന അമ്മമാരുടേയും നിരാശ്രയരായിത്തീര്‍ന്ന വിധവമാരുടേയും സഹോദരിമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും വിലാപത്തില്‍ കുതിര്‍ന്നതാണ്. സ്ത്രീകളെ അപമാനിക്കുന്നത് ഹിന്ദുസമൂഹത്തെ അവഹേളിക്കുന്നതിനുള്ള മാര്‍ഗമായി അക്രമികള്‍ കണക്കാക്കി. ബംഗാളിലെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഹുസൈന് എസ്. സുഹ്രവര്‍ദിയുടെ പ്രസ്താവനതന്നെ ഇതിനുള്ള തെളിവാണ്. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നത് സ്വാഭാവികമാണ്, കാരണം അവര്‍ മുസ്ലിം സ്ത്രീകളേക്കാള്‍ ആകര്ഷണിയരാണെന്നായിരുന്നു അയാളുടെ വാക്കുകള്‍.
നവ്ഖാലി കലാപത്തെക്കുറിച്ചുള്ള ദി ടൈം മാഗസിന്റെ ഇന്ത്യ: റിട്ടണ്‍ ഇന്‍ ബ്ലഡ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്, അപമാനം ഒഴിവാക്കുന്നതിന് സ്ത്രീകള്‍ മരണം വരേയും നിശബ്ദരാവുകയും കൊള്ളക്കാരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുക. ഇതും പ്രാവര്‍ത്തികമാകുന്നില്ലെങ്കില്‍ അവരെ വിഷം കഴിക്കാന്‍ അനുവദിക്കുക. ഇതാണ് ഗാന്ധിജി സ്ത്രീകള്‍ക്ക് നല്കിയ ഉപദേശം എന്നാണ്.
പത്ത് ദശലക്ഷത്തോളം അഭയാര്‍ത്ഥികളെ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്ക് അയക്കുന്നതിന് നേതൃത്വം നല്‍കിക്കൊണ്ടുള്ള കുടില തന്ത്രമാണ് അന്നത്തെ പാക് പ്രസിഡന്റ് യഹിയ ഖാന് ആസൂത്രണം ചെയ്തത്. 1971 ല്‍ പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് വിമോചനം നേടുന്ന സമയത്തും ഇവിടെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു. എല്ലാ വിഭാഗം സ്ത്രീകളും പാക് സൈന്യത്തിന്റെ പീഡനത്തിന് വിധേയരായി. രണ്ട് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയില്‍ സ്ത്രീകള്‍ ബലാത്കാരം ചെയ്യപ്പെട്ടുവെന്നാണ് കണക്കുകള്‍. ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷവും മതമൗലികവാദികളുടെ ക്രൂരതകള്‍ക്ക് ന്യൂനപക്ഷമെന്ന നിലയില്‍ ഹിന്ദുക്കള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഇരകളായി.
ബംഗ്ലാദേശിലെ പ്ലാനിങ്, ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹിന്ദു ജനസംഖ്യ 1941 ലെ 28 ശതമാനത്തില്‍ നിന്ന് 1973ല്‍ 13.5 ശതമാനമായും 1981 ല്‍ 12.2 ശതമാനമായും കുറഞ്ഞു. 2022 ലെ ന്യൂനപക്ഷ ജനസംഖ്യ 7.95 ശതമാനം(ഹിന്ദു), 0.61 ശതമാനം (ബുദ്ധമതം), 0.30 ശതമാനം(ക്രിസ്ത്യാനി), 0.12 ശതമാനം മറ്റു മതസ്ഥരുമാണ്.
ബംഗ്ലാദേശില്‍ എപ്പോഴൊക്കെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സൈനിക പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നുണ്ടോ അപ്പോഴൊക്കെയും ഹിന്ദു സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് പതിവാണ്. 2001 ലെ തെരഞ്ഞെടുപ്പില്‍ അവാമി ലീഗിനെ പുറത്താക്കി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി(ബിഎന്‍പി) ഭരണം പിടിച്ചപ്പോഴും ഹിന്ദുക്കള്‍ക്കെതിരെ നിരവധി അതിക്രമങ്ങളുണ്ടായി. 200 ഹിന്ദു സ്ത്രീകളാണ് ക്രൂര ബലാത്സംഗത്തിനിരയായത്. ഇരകളില്‍ എട്ടുവയസുകാരിയുണ്ട്. മധ്യവയസ്കയായ ദിവ്യാംഗയുണ്ട്, എഴുപത് വയസുകാരിയുണ്ട്.
2001 ലെ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ കലാപം ഒരര്‍ത്ഥത്തില്‍ ഹിന്ദു വിരുദ്ധ ലഹള തന്നെയായിരുന്നു. ഉല്ലപ്പാറ ഗ്രാമത്തില്‍ 13 വയസുകാരിയെ 25 പുരുഷന്മാര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത് ആ ഗ്രാമത്തിലെ ശ്മശാനത്തില്‍ വച്ചാണ്. അവളുടെ വീടിന്റെ പരിസരത്തുതന്നെയുള്ളവരായിരുന്നു അക്രമികള്‍. പിന്നീട് അവളുടെ കുടുംബം തലസ്ഥാനമായ ഢാക്കയിലേക്ക് താമസം മാറ്റി. ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമ്പോഴൊക്കെയും ഭയാനകമായ ആ രാത്രി ആവര്‍ത്തിക്കപ്പെടുമോയെന്ന് അവള് ഭയപ്പെടുന്നു.
ഢാക്കയിലെ റെഡ് ക്രെസന്റ് നഴ്സിങ് കോളജിലെ പ്രൊഫ. സൊനാലി റാണി ദാസ്, കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് രാജി വയ്ക്കാന്‍ നിര്‍ബന്ധിതയായി. ഓഫീസ് മുറിയില്‍ മണിക്കൂറുകളോളം അവരെ ബന്ദിയാക്കി. രാജിക്കത്തില്‍ വിരലടയാളം ബലാത്കാരമായി പതിപ്പിക്കുന്നതുവരെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിച്ചില്ല. ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ അവര്‍ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലി മുമ്പാകെ 2023 ല്‍ ഹ്യുമന്‍ റൈറ്റ്സ് കോണ്‍ഗ്രസ് ഫോര്‍ ബംഗ്ലാദേശ് മൈനോരിറ്റീസ് സമര്‍പ്പിച്ച രേഖാമൂലമുള്ള പ്രസ്താവനയില്‍ പറയുന്നത് ഹിന്ദുസമൂഹത്തിന് എതിരായ അതിക്രമങ്ങള്‍ ഉച്ചസ്ഥായിയില്‍ എത്തിയെന്നാണ്. 2021 ഒക്ടോബറില്‍ ബംഗ്ലാദേശിലെ 34 ജില്ലകളിലായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് അറുനൂറ് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ്. അഞ്ച് സ്ത്രീകളും പെണ്‍കുട്ടികളും കൂട്ട ബലാത്സംഗത്തിനിരകളായി. ഹിന്ദുവീടുകളും ക്ഷേത്രങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
2021 ല്‍ ബംഗ്ലാദേശിലെ ആറ് ജില്ലകളില്‍ ഹിന്ദു ന്യൂനപക്ഷത്തിനെതിരായുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ബംഗ്ലാദേശ് ഹൈക്കോടതി മുമ്പാകെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് റിട്ട് ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അന്നത്തെ സര്‍ക്കാരിന്റെ അപേക്ഷ മാനിച്ച് കേസ് പരിഗണിക്കുന്നത് നീട്ടി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നത് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര ഏജന്‍സികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പുരുഷന്മാരും സ്ത്രീകളും ആക്രമണങ്ങള്‍ക്കും കൊള്ളയടിക്കലിനും തീവയ്പ്പിനും ഒക്കെ വിധേയമാകുന്നുണ്ട്. എന്നാല്‍ അതിക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആയുധമാക്കി മാറ്റുമ്പോള്‍ അതിന്റെ പ്രതിഫലനം അവരുടെ വരുംതലമുറകളില്പ്പോലും ആഘാതം സൃഷ്ടിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും ദാരുണമായ മറ്റൊരു വശം.
(നോണ്‍ കൊളീജിയറ്റ് വിമന്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടറാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: