അത്തം കറുത്താല്‍ ഓണം വെളുക്കും എന്നാണ് പഴമൊഴി. എന്നാല്‍ മലയാളികള്‍ക്ക് ഇക്കുറി അതിനുള്ള സാധ്യതയില്ല. അവര്‍ക്ക് ഓണവും കറുത്തതായിരിക്കും. അത്തം ദിനത്തില്‍ പ്രാബല്യത്തിലാവുന്ന വിധത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഇടതുമുന്നണി സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. അരി, പഞ്ചസാര, പരിപ്പ് എന്നിവയുടെ വില സപ്ലൈകോ വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഓണക്കാലത്തെ വിപണി ഇടപെടലിനുള്ള സപ്ലൈകോയുടെ ഓണം ഫെയര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ദിവസം തന്നെയാണ് അരി ഉള്‍പ്പെടെ സബ്‌സിഡി സാധനങ്ങള്‍ക്കുള്ള വില സപ്ലൈകൊ വര്‍ധിപ്പിച്ചിരിക്കുന്നത്. പൊതുവിപണിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാണ്. അരിയുടെയും മറ്റും വിലകള്‍ യാതൊരു മാനദണ്ഡവുമില്ലാതെ അടിക്കടി വര്‍ധിപ്പിക്കുകയായിരുന്നു. കുറഞ്ഞ വരുമാനക്കാര്‍ക്കും കൂലിപ്പണി ചെയ്യുന്നവര്‍ക്കുമൊക്കെ പൊതുവിപണിയെ ആശ്രയിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവര്‍ക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസം നല്‍കുന്നത് റേഷന്‍കടകളില്‍നിന്നും, സപ്ലൈകോ വഴിയും മറ്റും ലഭിക്കുന്ന അരിയാണ്. പൊതുവിപണിയില്‍ ഇടപെടുമെന്നും, വില വര്‍ധന നിയന്ത്രിക്കുമെന്നുമൊക്കെ ഇടതുമുന്നണി സര്‍ക്കാരിലെ മന്ത്രിമാര്‍ ഇടക്കിടെ പ്രഖ്യാപിക്കാറുള്ളതാണെങ്കിലും എട്ട് വര്‍ഷം പൂര്‍ത്തിയാവാന്‍ പോകുന്ന എല്‍ഡിഎഫ് ഭരണത്തില്‍ ഒരിക്കല്‍പോലും ഇത് സംഭവിച്ചിട്ടില്ല. സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടിയാലും വ്യാപാരികളെ പിണക്കരുതെന്നതാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ നയം. സാധനവില വര്‍ധിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരാണിതെന്ന് പ്രത്യേകം ഓര്‍ക്കണം.
കുറുവ അരിക്കും മട്ട അരിക്കും പച്ചരിക്കും ഒരുമിച്ചാണ് സപ്ലൈകോ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ പഞ്ചസാരയ്‌ക്കും തുവരപ്പരിപ്പിനും വില വര്‍ധിപ്പിച്ചിരിക്കുന്നു. പതിമൂന്നിനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ 200 ലേറെ നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞതിന്റെ മൂന്നാം ദിവസമാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയെന്നോണം സപ്ലൈകോ വില വര്‍ധന വരുത്തിയത്. ഭക്ഷ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്നു മാത്രമല്ല ഇവിടെ വ്യക്തമാവുന്നത്. ജനക്ഷേമം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ല എന്നുകൂടിയാണ്. സാധാരണ ജനങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നോ, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാല്‍ അവരുടെ ജീവിതം ദുസ്സഹമാകുന്നതിനെക്കുറിച്ചോ അറിയാത്ത ഭക്ഷ്യമന്ത്രി ജനങ്ങള്‍ക്ക് ഒരു ഭാരമാണ്. അവശ്യസാധനങ്ങളുടെ വില നിയന്ത്രണം ഇടതുമുന്നണി സര്‍ക്കാരിന്റെ അജണ്ടയിലില്ല എന്നതാണ് വാസ്തവം. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ സംസാരിക്കുന്നത് ആരും കേട്ടിട്ടില്ല. വില വര്‍ധിച്ചാലും ഇല്ലെങ്കിലും അത് തങ്ങളെ ബാധിക്കാന്‍ പോകുന്നില്ലെന്ന് ഇക്കൂട്ടര്‍ക്ക് നന്നായറിയാം. വില വര്‍ധന പ്രതികൂലമായി ബാധിക്കുന്നത് അസംഘടിത വിഭാഗങ്ങളെയാണ്. ഇവര്‍ തങ്ങളെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും മന്ത്രിമാര്‍ക്ക് അറിയാം. ഇനിയൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ കപട വാഗ്ദാനങ്ങള്‍ നല്‍കി സാധാരണ ജനങ്ങളെ പറ്റിക്കാമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.
സപ്ലൈകോയുടെ വില വര്‍ധനവിനെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ന്യായീകരിക്കുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഏഴ് വര്‍ഷത്തിനുശേഷമുള്ള നാമമാത്ര വര്‍ധനയാണിതെന്ന മന്ത്രിയുടെ വാദഗതി അടിസ്ഥാനരഹിതമാണ്. പല ഘട്ടങ്ങളിലും സപ്ലൈകോ സാധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പര്‍ച്ചേസ് വില കൂടിയതിനാലാണ് വിപണിയെ നിയന്ത്രിക്കാനാവാതെ വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. സപ്ലൈകോയെ നിലനിര്‍ത്താനാണ് വില വര്‍ധനയെന്നും ഭക്ഷ്യമന്ത്രി പറയുന്നു. ബിവറേജസ് കോര്‍പ്പറേഷനിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തെക്കുറിച്ച് പറഞ്ഞ് മദ്യനിയന്ത്രണങ്ങള്‍ ഓരോന്നായി എടുത്തുകളഞ്ഞ് കേരളത്തെ കുടിപ്പിച്ചുകൊല്ലുന്നതുപോലെയാണിതും. ഓണക്കാലത്ത് നിത്യോപയോഗ സാധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ 225 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനായി ബജറ്റ് വിഹിതത്തിനു പുറമെ 120 കോടിയാണ് സപ്ലൈകോക്ക് അധികമായി അനുവദിച്ചത്. എന്നാല്‍ ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് ഇപ്പോഴത്തെ സപ്ലൈകോ വില വര്‍ധന തെളിയിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെയും ഭക്ഷ്യവകുപ്പിന്റെയും പ്രവര്‍ത്തനത്തില്‍ യാതൊരു സുതാര്യതയുമില്ല. അധികാരം ആസ്വദിക്കുന്നതല്ലാതെ ഭരണം ജനോപകാരപ്രദമാക്കാന്‍ യാതൊന്നും ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്യുന്നില്ല എന്നാണ് ഇതില്‍നിന്നൊക്കെ മനസ്സിലാകുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നിടത്തോളം ഇതിനൊന്നും യാതൊരു മാറ്റവും വരാന്‍ പോകുന്നില്ല. സാധാരണ ജനങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ മാത്രമല്ല, അരിയാഹാരം കഴിക്കാന്‍ പോലും ഈ സര്‍ക്കാര്‍ ഒരു പ്രതിബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: