തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അവഗണിച്ച് ക്ഷണിച്ച് വരുത്തിയ ദുരന്തമാണ് വയനാട് സംഭവിച്ചതെന്ന് ഗാഡ്ഗില്‍ കമ്മറ്റിയംഗം ഡോ.വി.എസ്.വിജയന്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ വയനാട് ദുരന്തമുണ്ടാകില്ലായിരുന്നു.’നേതി നേതി ലറ്റസ് ടാക്ക്’ ചര്‍ച്ച വേദി സംഘടിപ്പിച്ച ‘പശ്ചിമഘട്ടത്തിന്റെ അവസ്ഥയും ഭാവിയും’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അത് ഒരു വര്‍ഷം പൂഴ്ത്തിവച്ചുവെന്നും ഡോ.വി.എസ് വിജയന് പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളെ അതിലോലം, ലോലം എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ച് അതിന്റെ എല്ലാവശങ്ങളും സൂഷ്മമായി പഠിച്ചിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യം മന്ത്രി ജയറാം രമേശും പിന്നീട് വന്ന മന്ത്രി ജയന്തി നടരാജനും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിച്ചു. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഡോ.മാധവ് ഗാഡ്ഗിലും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും മുന്‍കൂട്ടിപ്പറഞ്ഞതുപോലെ, അനധികൃത ഖനനത്തിന്റെയും വനനശീകരണത്തിന്റെയും അനന്തരഫലങ്ങളാണ്.
പശ്ചിമ ഘട്ടത്തിന്റെ 75 ശതമാനവും സംരക്ഷിക്കണമെന്ന് ഗാഡ്ഗില്‍ പറഞ്ഞേപ്പോള്‍ തുടര്‍ന്ന് വന്ന കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പറയുന്നത് 77 ശതമാനവും വികസനത്തിനായി നീക്കിവയ്ക്കണമെന്നാണ്. ഗാഡ്ഗില്‍ കമ്മറ്റിയില്‍ ഒരിടത്തും ജനങ്ങളെ ഒഴിവാക്കണമെന്നോ കൃഷി ചെയ്യരുതെന്നോ പറഞ്ഞിട്ടില്ല. കൃഷി ജൈവരീതിയില്‍ ആകണമെന്ന് നിബന്ധനമാത്രമാണുള്ളത്. പുതിയ കുടിയേറ്റക്കാരെ തടയണമെന്നുമാത്രമാണ് പറഞ്ഞിട്ടുള്ളത്. ഡോ. വിജയന് പറഞ്ഞു.
വയനാട് ദുരന്തമുണ്ടായ മേഖലയില്‍ പുനരധിവാസം നടത്തുന്നതിനോട് യോജിപ്പില്ലന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കേരള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.വി. അമ്പിളി പറഞ്ഞു. ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള പ്രദേശമാണവിടം. മുന്‍കരുതല്‍ എന്ന നിലയില്‍ അവിടെ കെട്ടിടങ്ങള്‍ പണിയുന്നത് ഒഴിവാക്കണം. നദിയുടെ തീരത്തും മറ്റും അനധികൃത നിര്‍മ്മാണം എങ്ങനെ വന്നു എന്നു ചിന്തിക്കണം. അത്തരം തെറ്റുകളുടെ മാപ്പു സാക്ഷികളായി പലരും ജീവിക്കുന്നു. ചിലര്‍ ലോകത്തോട് വിടപറഞ്ഞു. പ്രകൃതിയെ ശല്യപ്പെടുത്താതെ ജീവിക്കുക, പ്രകൃതിക്ക് അനുകൂലമായ കൃഷി ചെയ്യുക. ഇണങ്ങാത്ത മാറ്റം പ്രകൃതിയില്‍ വരുത്തിയാല്‍ ദുരന്തമായിരിക്കും ഫലം. ഡോ.വി. അമ്പിളി പറഞ്ഞു.
നമ്മുടെ ആഗ്രഹത്തിനായി സയന്‍സില്‍ വെളളം ചേര്‍ക്കുന്നതാണ് പ്രശ്നം. വര്‍ക്കല ക്ളിഫിലെ മണ്ണിടിച്ചിലിനെക്കുറിച്ച് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഗൗനിക്കുന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചിലരുടെ രാഷ്ട്രീയ താല്പര്യം പരിഗണിച്ച് അവഗണിച്ചു. പശ്ചിമ ഘട്ടത്തില്‍ കേരളത്തിലെ ആകെയുളള 18,000 ചതുരശ്ര കിലോമീറ്ററില്‍ 15,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണ്. അത്തരം സ്ഥലത്ത് കടന്നുകയറുമ്പോള്‍ ഏറെ ശ്രദ്ധവേണം. ഡോ.വി. അമ്പിളി പറഞ്ഞു.
എസ്.ഗോപിനാഥ് ഐപിഎസ് അധ്യക്ഷനായിരുന്നു. വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് നേതി നേതി ചടങ്ങ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: