ന്യൂദല്‍ഹി: സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തുന്ന ആരോപണങ്ങള്‍ ഊതിപ്പെരുപ്പിച്ചവയാണെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ.
“ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളില്‍ കഴമ്പേയില്ല. മാധബി പുരി ബുച്ചും ഭര്‍ത്താവും സിംഗപ്പൂരിലുണ്ടായിരുന്നുവെന്നും അവര്‍ വിദേശഫണ്ടില്‍ നിക്ഷേപിച്ചു എന്നുമാണ് ആരോപണം. അതെ അവര്‍ സിംഗപ്പൂരിലുണ്ടായിരുന്നു. അവര്‍ വിദേശ ഫണ്ടില്‍ പണം നിക്ഷേപിച്ചിരുന്നു. ഈ ഫണ്ടുകള്‍ക്ക് അദാനിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഫണ്ട് മാനേജര്‍ പറഞ്ഞിരിക്കുന്നു. ഈ ഫണ്ട് മാനേജര്‍ പണ്ട് അദാനി കമ്പനിയുടെ ബോര്‍ഡില്‍ ഉണ്ടായിരുന്നു എന്ന് പറയുന്നു. ആയിക്കോട്ടെ. ആ ഫണ്ട് അവര്‍ പിന്നീട് മാധബി പുരി ബുച്ച് പിന്‍വലിക്കുകയും ചെയ്തു. അതിന് ശേഷമാണ് അവര്‍ സെബിയുടെ മുഴുവന്‍സമയ അംഗമായത്. അതിന് ശേഷം പിന്നീട് അവര്‍ സെബിയുടെ അധ്യക്ഷയായി. ഇവിടെ എന്താണ് കുഴപ്പം? മാത്രമല്ല, സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നപ്പോഴേ മാധബി പുരി ബുച്ച് അവരുടെ സ്വത്ത് വിവരങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് സെബിയുടെ അധ്യക്ഷയായിരുന്നപ്പോഴും തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിലൊന്നും പ്രശ്നമില്ലെന്നിരിക്കെ, എന്തൊരു കഴമ്പില്ലാത്ത ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തുന്നത്”- മോഹന്‍ദാസ് പൈ ചോദിക്കുന്നു.
ഹിന്‍ഡന്‍ബര്‍ഗ് വെറുതെ എല്ലാവരുടേയും മേല്‍ ചെളിവാരിയെറിയുകയാണ്. മാധബി പുരി ബുച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതാണ് ഹിന്‍ഡന്‍ ബര്‍ഗിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. അതുവഴി മാധബി പുരി ബുച്ചിന്റെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ്. അവര്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ചാണ് ചോദിച്ചിരിക്കുന്നത്. അവര്‍ നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗിനെക്കുറിച്ചും മാധബി പുരി ചോദിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ഓഹരി വിപണി ചൂഷണത്തെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. അദാനിയെക്കുറിച്ച് മോശം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം വിപണി ഇടിച്ച് തകര്‍ത്ത് പണം കൊയ്യാനായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് അന്ന് ശ്രമിച്ചത്. ഇതേക്കുറിച്ച് സെബി കേസെടുത്തിട്ടുണ്ട്.
അദാനിയെ സുപ്രീംകോടതി നിയോഗിച്ച ഒരു കമ്മിറ്റി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. സെബി അവരുടെ ചുമതല കൃത്യമായി അദാനിക്കേസില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. മാധബി പുരി ബുച്ചല്ല, മറ്റൊരു സെബി അംഗമാണ് അദാനിയ്ക്കെതിരെ അന്വേഷണം നടത്തിയത്. ആ റിപ്പോര്‍ട്ട് അയാള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു. സുപ്രീംകോടതിയ്ക്ക് ഈ റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണവിശ്വാസമായി. ഇവിടെ സെബി ചെയര്‍പേഴ്സണായ മാധബി പുരി ബുച്ച് എന്ത് തെറ്റാണ് ചെയ്തത്? ഹിന്‍ഡന്‍ബര്‍ഗ് അവരുടെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുകയാണ്. മറ്റു ചിലര്‍ അത് ഊതിപ്പെരുപ്പിക്കാനും ശ്രമിക്കുന്നു. താല്പര്യങ്ങള്ക്ക് വിരുദ്ധമായി അവര്‍ യാതൊന്നും ചെയ്തിട്ടില്ല. എന്നിട്ടും അങ്ങിനെ പ്രചരിപ്പിക്കപ്പെടുകയാണ്- മോഹന്‍ദാസ് പൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: