തിരുവനന്തപുരം: വീട്ടമ്മയ്ക്കെതിരെ പരാതിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ. താൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച വീട്ടമ്മയ്ക്കെതിരെ താനൂർ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നൽകി. വീട്ടമ്മയുടെ ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപെട്ടാണ് ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നൽകിയത്.
മുട്ടിൽ മരംമുറി കേസിലെ പ്രതികളാണ് ഇത്തരമൊരു ആരോപണം കെട്ടിച്ചമച്ചതിന് പിന്നിലെന്നാണ് പരാതി. പ്രതികൾക്ക് പങ്കാളിത്തമുള്ള ചാനലിൽ ഇത്തരമൊരു വാർത്ത കൊടുത്തതും അവരുടെ പ്രതികാര നടപടിയാണെന്നും പരാതിയിൽ പറയുന്നു. ഇതേ വിഷയത്തിൽ ബെന്നി ഡിജിപിക്കും ക്രൈം ബ്രാഞ്ച് എഡിജിപിക്കും പരാതി നൽകും.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. ആരോപണം നേരിട്ട മലപ്പുറം മുൻ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഇന്ന് ഡിജിപിക്കും മലപ്പുറം എസ്പിക്കും പരാതി നൽകും. അതേസമയം സ്ത്രീ ആരോപണം ഉന്നയിച്ചെങ്കിലും പരാതി ഇതേവരെ നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: