സിംഗപ്പൂർ: ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഏഴുപേർ ഇന്തോനേഷ്യയിൽ അറസ്റ്റിലായി. ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ മാർപാപ്പയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.
ജക്കാർത്തയ്‌ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നായി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഏഴുപേരെയും പൊലീസ് പിടികൂടിയത്. അതേസമയം, ഇവർക്കു പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇന്തോനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പ ഇസ്തിഖ്‍ലാൽ മസ്ജിദിലും സന്ദർശനം നടത്തിയിരുന്നു. ഇതിൽ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
രഹസ്യവിവരത്തെ തുടർന്ന് ഇവരിലൊരാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അമ്പും വില്ലും, ഒരു ഡ്രോൺ, ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ ഭീകരപ്രവർത്തകനും വിരാന്റോയിൽ മുൻപ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്.
മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിലെത്തിയത്. അതേസമയം, ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: