ചെന്നൈ: തിരുവാന്മിയൂരിലെ ശ്രീ പാമ്പൻ കുമാര ഗുരുദാസർ ക്ഷേത്രത്തിൽ നടന്ന അന്നദാനം ബലം പ്രയോഗിച്ച് നിർത്തി വയ്പിച്ച് പോലീസ് . നൂറുകണക്കിനു ഭക്തർ അന്നം സ്വീകരിക്കാൻ ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഹിന്ദു സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഭക്തർക്കും പാവപ്പെട്ടവർക്കും ഭക്ഷണം നൽകുന്ന ആചാരമായ അന്നദാനം ക്ഷേത്രത്തിൽ നിത്യവും നടക്കാറുണ്ട് . പാമ്പൻ സ്വാമികളുടെ അനുയായികളുടെ ആത്മീയ കേന്ദ്രമായ ഈ ക്ഷേത്രം 30 വർഷത്തിലേറെയായി ഈ അന്നദാനം നടത്തുന്നുണ്ട്. എന്നാൽ സെപ്തംബർ 2 ന്, എച്ച്ആർ & സിഇ ഉദ്യോഗസ്ഥർ, പോലീസുമായെത്തിയാണ് ഭക്ഷണ വിതരണം നിർത്തിവയ്പ്പിച്ചത് . പുറത്ത് വന്ന വീഡിയോയിൽ രോഷാകുലരായ ഭക്തർ ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിക്കുകയും, ദീർഘകാലമായുള്ള ആചാരം ബലമായി തടഞ്ഞുവെന്ന് ആരോപിക്കുകയും ചെയ്യുന്നത് കാണാം . മാത്രമല്ല ഭക്ഷണ പാത്രങ്ങളും പോലീസ് നീക്കം ചെയ്തു .
പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ പ്രശ്നങ്ങളൊന്നുമില്ലാതെ അന്നദാനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി ഭക്തർ രോഷം പ്രകടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ ഭക്ഷണം സ്വീകരിക്കാൻ കാത്തുനിൽക്കുമ്പോൾ പോലീസ് നടത്തിയ ബലപ്രയോഗം ആശാസ്യകരമല്ലെന്നാണ് വിമർശനം.റംസാൻ കഞ്ഞി വിതരണത്തിനോ ക്രിസ്മസ് ആഘോഷത്തിനോ ഇല്ലാത്ത നിയന്ത്രണങ്ങൾ ക്ഷേത്രത്തിൽ മാത്രം നടപ്പാക്കുന്നത് ഹിന്ദുമതത്തെ തകർക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: