ബാഗ്പത്ത്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലുള്ള സ്വത്തുക്കള്‍ ലേലത്തിന് വച്ചു. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിലുള്ള കുടുംബ സ്വത്തുക്കളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. കൊട്ടാന ഗ്രാമത്തിലാണ് പര്‍വേസ് മുഷറഫിന്റെ അച്ഛന് മുഷറഫുദ്ദീനും അമ്മ ബീഗം സറീനും വിവാഹത്തിന് ശേഷം താമസിച്ചിരുന്നത്.
കൊട്ടാന ഗ്രാമത്തിലെ രണ്ട് ഹെക്ടര്‍ ഭൂമിയും ജീര്‍ണിച്ച മാളികയുമാണ് ഓണ്‍ലൈനില്‍ ലേലത്തിന് വച്ചിരിക്കുന്നത്. മുഷ്റഫിന്റെ അച്ഛനും അമ്മയും 1943ല്‍ ദല്‍ഹിയിലേക്ക് പോയി. വിഭജന സമയത്ത് പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. പര്‍വേസ് മുഷറഫിന്റെ സഹോദരന് ഡോ. ജാവേദ് മുഷറഫിന്റെ പേരിലായിരുന്നു സ്വത്തുക്കള്‍. 15 വര്‍ഷം മുമ്പ് ഇവ എനിമി പ്രോപ്പര്‍ട്ടിയായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്‍ ഓഫീസാണിപ്പോള്‍ കൊട്ടാനയിലെ സ്വത്ത് ലേലം ചെയ്യുന്നത്.
വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് പോയവര്‍ ഭാരതത്തില്‍ ഉപേക്ഷിച്ചിട്ടുള്ള സ്വത്തുക്കളാണ് എനിമി പ്രോപ്പര്‍ട്ടി എന്നറിയപ്പെടുന്നത്. നിലവില്‍ ഓണ്‍ലൈന്‍ ലേലമാണ് നടക്കുന്നതെങ്കിലും നിരവധിയാളുകളാണ് ഭൂമി കാണാനായി ഇവിടേക്കെത്തുന്നത്. യുപിക്ക് പുറമെ ദല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ലേലത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: