പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബ്രൂണെ, സിങ്കപ്പൂര്‍ സന്ദര്‍ശനം വലിയ മാധ്യമ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഇത് ഇരുരാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലേക്ക് സ്ഥിതിഗതികളെ നയിക്കുകയും ചെയ്യും. നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരമേറ്റതിനെ തുടര്‍ന്ന് വിദേശ നയത്തിന്റെ അവിഭാജ്യഘടകമായി മാറിയ ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ബ്രൂണെ-സിങ്കപ്പൂര്‍ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നത്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി മോദി ആദ്യമായാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഉജ്വലമായ സ്വീകരണമാണ് ഇവിടങ്ങളിലെ ഭരണകൂടങ്ങളും ഭാരതവംശജരായ ജനങ്ങളും പ്രവാസി ഭാരതീയരും നല്‍കിയത്. ലോകത്തെ അതിസമ്പന്നിലൊരാളും, അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലോകത്തെ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ സ്വന്തമായുള്ള ആളുമായ ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനാല്‍ ബോള്‍ക്കിയ ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് നല്‍കിയത്. നാല്‍പ്പത് വര്‍ഷമായി ഭാരതത്തിന് നയതന്ത്ര ബന്ധമുള്ള ബ്രൂണെ സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദിയെന്ന പ്രത്യേകതയുമുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി ചര്‍ച്ചകള്‍ നടത്തുകയും, സുപ്രധാനമായ കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും പ്രധാനമന്ത്രി മോദിയെ അനുഗമിക്കുകയുണ്ടായി. ലോകത്ത് ഇപ്പോഴും രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രൂണെ.
സുല്‍ത്താന്‍ ഹസനാല്‍ ബോള്ക്കിയയുമായുള്ള കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്നും, ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉതകുന്ന വിപുലമായ ചര്‍ച്ചകളാണ് നടത്തിയതെന്നും പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചത് സന്ദര്‍ശനത്തിന്റെ വിജയത്തെയാണ് കാണിക്കുന്നത്. സുല്‍ത്താന്റെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കിയത്. അതിവിപുലമായ സൗകര്യങ്ങളെ മുന്‍നിര്‍ത്തി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച കൊട്ടാരമാണിത്. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധങ്ങളും ജനങ്ങളുമായുള്ള ബന്ധവും കൂടുതല്‍ വികസിക്കാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. കൃഷിയിലും വ്യവസായത്തിലും ഔഷധനിര്‍മാണത്തിലും ആരോഗ്യമേഖലയിലും സാങ്കേതിക വിദ്യയുടെ രംഗത്തും സൈബര്‍ സുരക്ഷയുടെ കാര്യത്തിലും സഹകരിക്കാനാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബഹിരാകാശ രംഗത്ത് ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതിനും സഹകരിക്കും. ഇക്കാര്യങ്ങളില്‍ നിരവധി ധാരണാ പത്രങ്ങളും ഒപ്പുവച്ചു. 2014 ല്‍ മ്യാന്മറിലെ ഉച്ചകോടിയിലും 2017 ലെ മനിലയിലെ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം മൂന്നാമത്തെ തവണയാണ് മോദിയും ബ്രൂണെ സുല്‍ത്താനും തമ്മില്‍ കാണുന്നത്. ബ്രൂണെയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ നാല്പതാം വാര്‍ഷികത്തിലാണ് മോദിയുടെ സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്. ബ്രൂണെയിലെ പ്രസിദ്ധമായ ഒമര്‍ അലി സയ്ഫുദീന്‍ മോസ്ക് സന്ദര്‍ശിച്ച മോദി അവിടുത്തെ ഭാരതവംശജരായ പ്രമുഖ വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി മോദിയുടെ ബ്രൂണെ സന്ദര്‍ശനം ഏറ്റവും ശ്രദ്ധേയമാക്കിയത് എല്ലാ രൂപത്തിലുമുള്ള ഭീകരപ്രവര്‍ത്തനത്തെയും അപലപിച്ച് ഭീകരതയെ തള്ളിക്കളയാന്‍ ലോകരാജ്യങ്ങളോട് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതം നല്കുന്ന പിന്തുണയ്ക്ക് സുല്‍ത്താന്‍ നന്ദിയറിയിച്ചു. ബ്രൂണെയുടെ തലസ്ഥാനമായ ബന്തര്സേരി ബെഗവാനും ചെന്നൈയ്ക്കുമിടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള കരാറില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ബ്രൂണെ ഗതാഗത മന്ത്രി പെംഗിരന്‍ മുസ്തഫയും ചേര്‍ന്ന് ഒപ്പുവച്ചത് സുപ്രധാന നടപടിയാണ്. ഇത് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുകയും ആശയവിനിമയം വിപുലമാക്കുകയും ചെയ്യും. ബ്രൂണെയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനുശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രി മോദിക്ക് അവിടെയും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ ഭാരതീയമായ നൃത്തച്ചുവടുകളോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. നൃത്തസംഘത്തിലെ ഡോല് കലാകാരന്മാര്ക്കൊപ്പം ചേര്‍ന്ന മോദി ഡോലില്‍ താളമിട്ടത് വലിയ ആവേശം പകരുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്തു. പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരം സിങ്കപ്പൂരിലെത്തിയ മോദി ആ രാജ്യത്തിന്റെ പ്രമുഖ മന്ത്രിമാരുമായും ചര്‍ച്ച നടത്തി. സിങ്കപ്പൂരിലെ ഭാരത വംശജരായ പണ്ഡിതന്മാരുമായും ഭാരതത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത വിദ്യാര്‍ത്ഥികളുമായും മോദി കൂടിക്കാഴ്ച നടത്തി. ചുരുക്കത്തില്‍ സാര്‍ത്ഥകമായ സന്ദര്‍ശനങ്ങളാണ് പ്രധാനമന്ത്രി മോദി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: