കൊല്ലം: സംസ്ഥാനത്ത് പോക്സോ കേസുകളില്‍ വന്‍വര്‍ധന. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കെടുത്താല്‍ 11,737 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വര്‍ഷം ആഗസ്ത് 29 വരെ മാത്രം 2578 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മൂന്ന് വര്‍ഷത്തെ കണക്കില്‍ (2022, 2023, 2024) ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 1532 കേസുകളാണ് തലസ്ഥാന നഗരിയില്‍ രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നാലെ മലപ്പുറത്ത് 1323, എറണാകുളത്ത് 1169 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ടയിലാണ്. 463 കേസുകള്‍ പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്തു. റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 21 കേസുകളാണ്.
എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്യുന്ന പോക്‌സോ കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പുറത്ത് പറയാനുള്ള പേടികൊണ്ട് രജിസ്റ്റര്‍ ചെയ്യാത്ത കേസുകളുമുണ്ട്. ശിക്ഷാനിരക്ക് കുറവാണെന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചില കേസുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കാറുമുണ്ട്.
ശിക്ഷാനിരക്ക് 16 ശതമാനത്തില്‍ താഴെ
കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമക്കേസുകളുടെ എണ്ണം കൂടുമ്പോഴും ശിക്ഷാനിരക്ക് കേരളത്തില്‍ വളരെ കുറവാണ്. വര്‍ഷം രണ്ടായിരത്തിനു മേലെയാണ് രജിസ്റ്റര്‍ചെയ്യുന്ന കേസുകള്‍. എന്നാല്‍, ശിക്ഷാനിരക്ക് 16 ശതമാനത്തില്‍ താഴെ. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും തെളിവു ശേഖരിക്കുന്നതിലുമുള്ള വീഴ്ചയാണ് പ്രധാനകാരണം. പോക്‌സോ കേസുകളില്‍ ശിക്ഷാനിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു.
കാരണങ്ങള്‍
# അന്വേഷണം വൈകുന്നത്.
# വിചാരണക്കിടെ അതിജീവിതയും സാക്ഷികളുമൊക്കെ മൊഴി മാറ്റുന്നത്.
# കോടതിക്ക് പുറത്തുവെച്ചുതന്നെ പണമോ നഷ്ടപരിഹാരമോ ഈടാക്കി കേസ് തീര്‍പ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: