റാഞ്ചി ; ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തടയണമെന്ന് കർശന നിർദേശവുമായി ജാർഖണ്ഡ് ഹൈക്കോടതി. സന്താൽ പർഗാനയിലെ നുഴഞ്ഞുകയറ്റ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. നുഴഞ്ഞുകയറ്റം നിഷേധിച്ച് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു, മാത്രമല്ല ഒരു നുഴഞ്ഞുകയറ്റമെങ്കിലും കണ്ടെത്തിയാൽ ബന്ധപ്പെട്ട ജില്ലാ ഡിസിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സയ്യിദ് ദാനിയാൽ ഡാനിഷ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ പരാമർശം.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ മൂലം സന്താൽ പർഗാനയിലെ ആദിവാസി ജനസംഖ്യ കുറയുന്നത് ഗൗരവമേറിയ വിഷയമാണെന്നും കേന്ദ്രസർക്കാർ അതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തി വരികയാണെന്നും സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത ഹൈക്കോടതിയെ അറിയിച്ചു. ഐബി, ബിഎസ്എഫ് തുടങ്ങിയ വിഭാഗങ്ങളുമായി കൂടിയാലോചിച്ച ശേഷം ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സമഗ്രമായ മറുപടി ഫയൽ ചെയ്യും.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ജാർഖണ്ഡിലേക്കുള്ള പ്രവേശനം ഭയാനകമായ സാഹചര്യമാണെന്ന് കോടതി വ്യക്തമാക്കി. ഈ നുഴഞ്ഞുകയറ്റക്കാർ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും പ്രവേശിക്കുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തടഞ്ഞേ തീരൂവെന്നും കോടതി വ്യക്തമാക്കി..
നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, അതിർത്തി സുരക്ഷാ സേന ഡയറക്ടർ ജനറൽ, ചീഫ് ഇലക്ഷൻ കമ്മീഷൻ, ഡയറക്ടർ ജനറൽ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ, എൻഐഎ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: