Marukara

തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികൾ അറസ്റ്റിൽ ; ആശങ്കയിൽ മസ്കറ്റ് പ്രവാസികൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ നാടുകടത്തും

രാജ്യത്തെ സ്വദേശിവത്കരണം ഏർപ്പെടുത്തിയിട്ടുള്ള പട്ടികയിൽ ഭേദഗതി വരുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഇതിനോടകം ഉത്തരവ് പുറത്തിറക്കി

ദുബായ് : കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 3-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് ഇൻസ്‌പെക്ഷൻ വിഭാഗം എന്നിവർ ചേർന്നാണ് മസ്കറ്റ് ഗവർണറേറ്റിൽ ഓഗസ്റ്റ് മാസത്തിൽ പ്രത്യേക പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളിൽ മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 1217 പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിൽ 164 പേർ ഒമാൻ പൗരന്മാർക്കായി നിജപ്പെടുത്തിയിട്ടുള്ള തൊഴിൽ പദവികളിൽ തൊഴിൽ ചെയ്തിരുന്ന പ്രവാസികളാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ റെസിഡൻസി സാധുത അവസാനിച്ച 844 പേരും, മറ്റു തൊഴിലുടമകൾക്ക് കീഴിൽ തൊഴിലെടുത്തിരുന്ന 158 പേരും, സ്വയം തൊഴിലെടുത്തിരുന്ന 51 പേരും ഉൾപ്പെടുന്നു.

അതേ സമയം ഒമാനിൽ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഭരണകൂടം. രാജ്യത്തെ സ്വദേശിവത്കരണം ഏർപ്പെടുത്തിയിട്ടുള്ള പട്ടികയിൽ ഭേദഗതി വരുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഇതിനോടകം ഉത്തരവ് പുറത്തിറക്കി.

എൻജിനീയർ , മാനേജർ ഉൾപ്പെടെ നിരവധി മേഖലകളിൽ ഇതിന്റെ ഭാഗമായി പ്രവാസികൾ തൊഴിലെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയത് മലയാളികളടക്കമുള്ള പ്രവാസികളെ സാരമായിട്ടാണ് ബാധിച്ചത്. 2025 ജനുവരി 1 മുതൽ സിസ്റ്റംസ് അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റുവർക് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തൊഴിൽ പദവികളിൽ പടിപടിയായി സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2026 ജനുവരി 1 മുതൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, കമ്പ്യൂട്ടർ എൻജിനീയർ തുടങ്ങിയ പദവികളിലും, 2027 ജനുവരി 1 മുതൽ വെബ് ഡിസൈനർ, ഓപ്പറേഷൻസ് അനലിസ്റ്റ് പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക