കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി വിശാലബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജി ഉള്‍പ്പെട്ട അഞ്ചംഗ വിശാലബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശോഭ അന്നമ്മ ഈപ്പന്‍, സോഫി തോമസ്, എം ബി സ്‌നേഹലത, സി.എസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍. ഇവരിലൊരാളെ വിശാല ബെഞ്ചിന്റെ ഭാഗമാക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ പത്തിന് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോര്‍ട്ട് വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്കായിരിക്കും വരിക.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക. ഒരു ഭാഗം മാത്രം കേട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതിനാൽ ഇത് പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടായിരുന്നു സജിമോൻ പാറയിൽ ഹർജി നൽകിയത്.
ഓഗസ്റ്റ് 22-നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മിറ്റി രൂപവത്കരിച്ചത് പാഴ്‌വേലയാവുമെന്നും കോടതി പറഞ്ഞിരുന്നു.
നേരത്തെ പ്രത്യേക സംഘത്തിന്റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വായിക്കേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടെന്നും തീരുമാനമെടുത്തിരുന്നു. റിപ്പോർട്ടിൽ ഹൈകോടതി തീരുമാനം വന്നശേഷം തുടർനടപടിയാവാമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ ഡി.ജി.പി നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: