ന്യൂദൽഹി: വ്യാഴാഴ്ച അധ്യാപകദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവമനസ്സുകളെ രൂപപ്പെടുത്തുന്ന എല്ലാ അധ്യാപകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
മുൻ രാഷ്‌ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ആശംസ നേർന്നത്. “യുവമനസ്സുകളെ രൂപപ്പെടുത്തുന്ന എല്ലാ അധ്യാപകർക്കും നന്ദി പ്രകടിപ്പിക്കാനുള്ള അവസരമായ ടീച്ചേഴ്‌സ് ഡേയിൽ ആശംസകൾ. ഡോ. രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ.” – ‘എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാ അധ്യാപകർക്കും അധ്യാപക ദിനം ആശംസിക്കുകയും അവർ വിദ്യാർത്ഥികളുടെ ജീവിതം കെട്ടിപ്പടുക്കുക മാത്രമല്ല മഹത്തായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാൻ സംഭാവന ചെയ്യുകയും ചെയ്യുന്നുവെന്നും പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അദ്ധ്യാപകർക്ക് ആശംസകൾ അറിയിക്കുകയും സർവേപ്പള്ളി രാധാകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
എല്ലാ വർഷവും സെപ്റ്റംബർ 5 ന് അധ്യാപക ദിനം ആഘോഷിക്കുന്നു. അധ്യാപകർക്കും അവരുടെ വിദ്യാർത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ അവർ വഹിക്കുന്ന പങ്കിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണിത്.
1888-ൽ ഈ ദിവസം ജനിച്ച പണ്ഡിതനും ഭാരതരത്‌ന ജേതാവുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഈ ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം 1962 മുതൽ 1967 വരെ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതി കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: