ലഖ്‌നൗ: ആദ്യ സംയുക്ത കമാന്‍ഡര്‍മാരുടെ സമ്മേളനം (ജെസിസി) ലഖ്‌നൗവില്‍ ആരംഭിച്ചു. ‘സശക്തവും സുരക്ഷിതവും ആയ ഭാരതം: സായുധ സേനയുടെ പരിവര്‍ത്തനം’ ആണ് പ്രമേയം. മാറിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനസാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇന്ത്യയുടെ സൈന്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിഫന്‍സ് സ്റ്റാഫ് മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി എന്നിവര്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും സായുധ സേനയുടെയും ഉന്നതതല നേതൃത്വത്തെ ഒന്നിപ്പിക്കുന്ന സമ്മേളനത്തെ നയിക്കുന്നു.
സമ്മേളനത്തില്‍ നിലവിലെ സുരക്ഷാ സാഹചര്യവും സായുധ സേനയുടെ പ്രതിരോധ തയ്യാറെടുപ്പും ജനറല്‍ അനില്‍ ചൗഹാന്‍ അവലോകനം ചെയ്തു. വിവിധ മേഘലകളിലുടനീളം സംയോജനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഭാവി തന്ത്രങ്ങളുടെ രൂപരേഖയ്‌ക്കും ഫലാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും അനുസൃതമായി പൊരുത്തപ്പെടാന്‍ നിര്‍ണായകമാകും. ഏകീകരണത്തിനായുള്ള രൂപരേഖയുടെ അടിസ്ഥാനത്തില്‍ നിരവധി നടപടികള്‍ ആരംഭിച്ചതിന് ജനറല്‍ അനില്‍ ചൗഹാന്‍ മൂന്ന് സേനകളെയും അഭിനന്ദിച്ചു.
തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രവര്‍ത്തന തയ്യാറെടുപ്പിന്റെ ആവശ്യകത ജനറല്‍ ചൗഹാന്‍ ഊന്നിപ്പറഞ്ഞു. സജ്ജവും പ്രസക്തവുമായി തുടരാനും തന്ത്രപരമായ സ്വയംഭരണം നേടാനും ആധുനികവല്‍ക്കരണത്തിന്റെ അനിവാര്യമായ ആവശ്യകതയെ അദ്ദേഹം അടിവരയിടുന്നു.
രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇന്ത്യന്‍ സായുധ സേനയുടെ ഉന്നത നേതൃത്വവുമായും വിശദമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: