തിരുവനന്തപുരം: അന്‍വര്‍ എംഎല്‍എയെ പിണക്കാനോ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി അജിത് കുമാര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാനോ ആകാതെ ഊരാക്കുടുക്കിലായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമെതിരേയുള്ള ആരോപണങ്ങള്‍ തന്നിലെത്തുമെന്നതിനാല്‍ അന്വേഷിക്കാനാകില്ല. അന്‍വറിനെ പിണക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയും ചെയ്യും. ഇതോടെ മുഖ്യമന്ത്രി ഭയപ്പാടിലായി.
സ്വര്‍ണക്കടത്ത്, ഗുണ്ടാ ബന്ധം, വിദേശ യാത്രകള്‍, പോലീസിനെ ഉപയോഗിച്ചുള്ള പാര്‍ട്ടി നീക്കങ്ങള്‍ തുടങ്ങി മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും കൃത്യമായ വിവരങ്ങളും തെളിവുകളും അന്‍വറിന്റെ കൈവശമുണ്ട്. അന്‍വറും ഇതിന്റെ ഭാഗമായിരുന്ന ആളാണ്. അതുകൊണ്ടുതന്നെ അന്‍വറിനെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ വീണ്ടും ആരോപണമുയരും. ഇതോടെ അന്‍വറിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു.
അതേസമയം തന്റെ വിശ്വസ്തരായ പി. ശശി, എം.ആര്‍. അജിത്കുമാര്‍ എന്നിവരുടെ പേരില്‍ അന്വേഷണമുണ്ടായാല്‍ അത് മുഖ്യമന്ത്രിയിലേക്കു തന്നെ വിരല്‍ ചൂണ്ടും. അന്‍വറിന്റെ ആരോപണം അന്വേഷിക്കാതിരുന്നാല്‍ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്.
ഡിജിപി പദവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നതിനുപകരം സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ അജിത്കുമാറിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. എം.ആര്‍. അജിത്കുമാറിനെതിരേയോ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയോ അന്വേഷണം നടത്താതിരിക്കാന്‍ ഉത്തരവിറക്കുമ്പോള്‍ പ്രത്യകം ശ്രദ്ധിച്ചു. എന്നാല്‍ ഇന്നലെ എം.വി. ഗോവിന്ദനെ കണ്ട ശേഷം അന്‍വര്‍ വീണ്ടും ആരോപണമുന്നയിച്ചു. സ്വര്‍ണക്കടത്തു സംഘം തെളിവുകള്‍ നശിപ്പിക്കുന്നെന്നാണ് അന്‍വറിന്റെ ആരോപണം. കൂടാതെ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി പാര്‍ട്ടിയാണു വലുതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതു പാര്‍ട്ടിയെയും സിപിഎമ്മിനെയും കൂടുതല്‍ കുഴപ്പത്തിലാക്കി.
പി. ശശിക്കെതിരേയുള്ള പരാതി ചര്‍ച്ച ചെയ്യാനാകാത്ത അവസ്ഥയിലാണ് പാര്‍ട്ടിയും. ശശിക്കെതിരേ നടപടിയുണ്ടായാല്‍ അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാകുകയും ചെയ്യും. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക