തൃശൂര്‍ : എച്ച് വൺ എൻ വൺ ബാധിച്ച് തൃശൂരില്‍ ഒരു സ്ത്രീ മരിച്ചു. തൃശൂർ എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്. 62 വയസ്സുണ്ട്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അസുഖബാധിതരായ വ്യക്തിയിൽ നിന്നും രണ്ട് മുതൽ ഏഴ് ദിവസത്തിനുള്ളിൽ വൈറസ് പകരും. രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽ കൂടിയാണ് അസുഖം പകരുന്നത്. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, ഛർദ്ദി, ക്ഷീണം, വിറയൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഹം എന്നീ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണം.
രോഗവ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആർഎൻഎ വൈറസുകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഒരു ഇൻഫ്ലുവൻസ വൈറസാണ് എച്ച് വൺ എൻ വൺ. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന വൈറസ് മനുഷ്യരിൽ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. വായുവിലൂടെയാണ് രോഗം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: