ചെന്നൈ: മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം.
ലൈംഗിക അതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തമിഴ് സിനിമയില്‍ നിന്നും അഞ്ച് വര്‍ഷം വിലക്കും. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ ആദ്യം പരാതി നല്‍കേണ്ടത് സംഘടനയ്ക്കാണ്. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇമെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി.
ഇരകള്‍ക്ക് നിയമപോരാട്ടത്തിനുള്ള സാഹയം നടികര്‍ സംഘം നല്‍കും. ജനറല്‍ സെക്രട്ടറി വിശാല്‍, പ്രസിഡന്റ് നാസര്‍, ട്രഷറര്‍ കാര്‍ത്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
അതിനിടെ ലൈംഗികാതിക്രമ പരാതികള്‍ മാദ്ധ്യമങ്ങളെ അറിയിക്കരുതെന്ന് തമിഴിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് നടികര്‍ സംഘത്തിന്റെ നിര്‍ദേശം വിവാദമായി.
ലൈംഗികാതിക്രമം നടക്കുകയാണെങ്കില്‍ പരാതി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി)ക്ക് മുമ്പാകെ ബോധിപ്പിക്കണമെന്നാണ് നിര്‍ദേശം. വിശാല്‍, നാസര്‍, കാര്‍ത്തി, സുഹാസിനി, രോഹിണി തുടങ്ങിയവര്‍ അടങ്ങിയ നടികര്‍ സംഘത്തിന്റെ ഐസിസിയുടേതാണ് തീരുമാനം.
പരാതി ലഭിക്കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സമിതി. ആദ്യഘട്ടത്തില്‍ ലൈംഗികാതിക്രമം നടത്തിയവര്‍ക്ക് താക്കീത് നല്‍കും. അതിക്രമം ആവര്‍ത്തിക്കുകയാണെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: