കൊച്ചി: തന്നെ മുന്നില്‍ നിര്‍ത്തി ആഷിക് അബു പുതിയൊരു സംഘടന തുടങ്ങുന്നു എന്ന് കേള്‍ക്കുന്നതില്‍ വാസ്തവമില്ലെന്ന് സംവിധായകന് വിനയന്. ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം എത്തിയത് കണ്ടു. ആഷിക് അബുവൊക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായത് അപ്പോഴാണ്.പുതിയ യൂണിയനുണ്ടാക്കാനോ അതിന്റെ നേതൃത്വത്തില്‍ വരാനോ താല്‍പ്പര്യമില്ലെന്ന് വിനയന് പറഞ്ഞു.
ആഷിക് അബു അല്ലെങ്കില്‍ മറ്റൊരു വ്യക്തി പുതിയൊരു യൂണിയന് തുടങ്ങിയാല്‍ അത് നല്ലത്. ഭാവിയില്‍ താല്‍പ്പര്യം തോന്നിയാല്‍ താനും അതിന്റെ ഭാഗമാകും. ഫെഫ്കയിലെ തൊഴിലാളികള്‍ തന്റെ കൂടി സഹോദരന്മാരാണ്. അവര്‍ക്കുവേണ്ടി ആദ്യം പോരാടിയത് താനാണെന്നും വിനയന് പറഞ്ഞു.
2008ല്‍ സിനിമയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ദിലീപാണെന്ന് വിനയന് ആവര്‍ത്തിച്ചു.പല സൂപ്പര്‍ സ്റ്റാറുകള്‍ പോലും നിര്‍മ്മിക്കാന്‍ മടിച്ച ട്വിന്റി ട്വന്റി പോലുള്ള ഒരു സിനിമ ചെയ്യാന്‍ ദിലീപിന് മാത്രമേ കഴിഞ്ഞിരുന്നുള്ളു എന്നും അതിന് കാരണം ദിലീപിന്റെ ബന്ധങ്ങളാണെന്നും വിനയന് പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്.
പൃഥ്വിരാജിന്റെ അപ്രഖ്യാപിത വിലക്ക് അത്ഭുത ദ്വീപിലൂടെയാണ് മാറിയത്. ഈ ചിത്രത്തില്‍ നായകനാണ് പൃഥ്വിരാജെന്ന് ആരോടും പറഞ്ഞിരുന്നില്ല. രണ്ടരയടി പൊക്കമുള്ള പക്രുവാണ് നായകന്. അതുപോലുള്ള ഒരുപാടുപേരുണ്ടെന്നും അനൗണ്‍സ് ചെയ്തു. കല്പ്പനയാണ് അന്നെന്നെ പിന്തുണച്ചത്. പൃഥ്വിരാജാണ് നായകനെന്ന് പറയേണ്ടെന്ന് പറഞ്ഞു. ജഗദീഷിന്റെയും ജഗതി ശ്രീകുമാറിന്റെയും ഉള്‍പ്പെടെ സംഘടനയിലുള്ള എല്ലാ താരങ്ങളില്‍ നിന്നും താന്‍ എഗ്രിമെന്റ് എഴുതി വാങ്ങി.
സിനിമ തുടങ്ങുന്നതിന് തൊട്ടു തലേന്നാണ് പൃഥ്വിരാജ് കൂടി നായകനായുണ്ടെന്ന് പറഞ്ഞത്. സിനിമയില്‍ നിന്ന് പിന്മാറുന്നവര്ക്കെതിരെ താന്‍ കേസിന് പോകുമെന്നും പറഞ്ഞു. അങ്ങനെയാണ് പൃഥ്വിരാജിന്റെ വിലക്ക് മാറിയത്. ഇതിന്റെ പേരില്‍ പൃഥ്വിരാജ് തനിക്ക് അനുകൂലമായി പറയണമെന്നോ പ്രസ്താവന നടത്തണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല.
താന്‍ സിനിമാ രംഗത്തേക്ക് കൊണ്ടുവന്ന പല പുതുമുഖ നടീ നടന്മാരും ഇന്ന് പ്രമുഖരാണ്.താന്‍ ബുദ്ധിമുട്ടിയ സമയത്ത് ആരും പിന്തുണച്ചില്ല. കലാഭവന്‍ മണി വീട്ടില്‍ വന്ന് കരഞ്ഞു. സാറിനെ സഹായിക്കാമെന്ന് പറഞ്ഞു. സ്നേഹം മാത്രം മതിയെന്നാണ് അന്ന് താന്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: