Kerala

സ്വര്‍ണക്കടത്ത് കേസ്: നയതന്ത്ര ബാഗേജുകള്‍ പരിശോധിക്കാന്‍ അധികാരമുണ്ടോ? സുപ്രീം കോടതി

Published by

ന്യൂദല്‍ഹി: സംശയമുണ്ടെങ്കില്‍ നയതന്ത്ര ബാഗേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ അധികാരമുണ്ടോയെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് സംശയം ഉന്നയിച്ചത്.

എല്ലാ ബാഗേജുകളും സ്‌കാന്‍ ചെയ്യാറില്ലെങ്കിലും സംശയമുള്ള ബാഗേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഏജന്‍സികള്‍ക്ക് അധികാരം ഉണ്ടെന്നാണ് തന്റെ വ്യക്തിപരമായ അറിവെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീംകോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം ഔദ്യോഗിക നിലപാട് അറിയിക്കാമെന്നും രാജു കോടതിയെ ബോധിപ്പിച്ചു. ഹര്‍ജിക്കാരായ കേരളത്തിനു വേണ്ടി ഹാജരാകുന്ന കപില്‍ സിബലിന് അസൗകര്യമുള്ളതിനാല്‍ ഹര്‍ജി മാറ്റിവയ്‌ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ആവശ്യത്തെ ഇ ഡി എതിര്‍ത്തില്ല. കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ലെന്നും അതിനാല്‍ മാറ്റുന്നതിനെ എതിര്‍ക്കുന്നില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by