തിരുവനന്തപുരം: തലസ്ഥാനത്തെ വിപുലമായ ഓണാഘോഷങ്ങളുടെ ഇത്തവണത്തെ അഭാവം പരിഹരിക്കുകയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ്.
സംസ്ഥാനം ആദ്യമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിനെ അതിന്റെ ആവേശവും ഗൗരവവും ഒട്ടും ചോരാതെ ക്രിക്കറ്റ് പ്രേമികള്‍ കുടുംബസമേതം സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് മല്‍സരങ്ങള്‍ കാണാനായി ഒഴുകിയെത്തുന്ന കാണികള്‍. ആദ്യദിവസം ആറായിരത്തോളം പേരാണ് കളി കാണാനെത്തിയത്. രണ്ടാമത്തെ കളിക്ക് മഴ തടസ്സമായെങ്കിലും ഒട്ടേറെപ്പേര്‍ രാത്രി വൈകുവോളം ഗ്യാലറിയില്‍ ഉണ്ടായിരുന്നു. പകല്‍സമയത്തെ കളി കാണാന്‍ കോളജുകളില്‍ നിന്നും മറ്റും കൂട്ടത്തോടെ വിദ്യാര്‍ഥികളും എത്തുന്നുണ്ട്.
കേരളത്തിലെ സാധാരണക്കാരായ ക്രിക്കറ്റ് കളിക്കാര്‍ക്ക് വലിയ അവസരങ്ങളിലേക്ക് വാതായനം തുറക്കുകയാണ് കേരള ക്രിക്കറ്റ് ലീഗ് ചെയ്യുന്നത്. വിവിധ ക്ലബ്ബുകളിലും മറ്റുമായി ക്രിക്കറ്റ് കളിച്ചുവളരുന്ന മികച്ച ഒട്ടേറെ കളിക്കാര്‍ക്ക് കെ.സി.എലില്‍ മല്‍സരിക്കുന്ന പല ടീമുകളും ഇടംനല്‍കിയിട്ടുണ്ട്. അവര്‍ക്കൊക്കെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലെ കളികള്‍ പുതിയ അനുഭവവും ആവേശവുമാണ്. അവര്‍ക്കു ലഭിക്കുന്ന അവസരത്തെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുകയാണ് കാണികളായെത്തുന്ന ക്രിക്കറ്റ് പ്രേമികള്‍. കേരളത്തില്‍നിന്ന് കൂടുതല്‍ ക്രിക്കറ്റ് കളിക്കാരെ ഇന്‍ഡ്യന്‍ ടീമിലേക്കുവരെ സംഭാവന ചെയ്യാന്‍ ഉതകുന്ന മല്‍സരങ്ങളെ അതേ ഗൗരവത്തോടെയാണ് കാണികളും സമീപിക്കുന്നത്. ക്രിക്കറ്റ് മല്‍സരം കാണുന്നതിന് ഗ്യാലറികളിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നതും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: