ന്യൂദല്‍ഹി: ഐസി 814: ദ കാണ്ഡഹാര്‍ ഹൈജാക്ക് വെബ്സീരീസുമായി ബന്ധപ്പെട്ട് നെറ്റ്ഫഌക്സിന്റെ ഭാരതത്തിലെ കണ്ടന്റ് മേധാവി മോണിക്ക ഷെര്‍ഗിലിനെ കേന്ദ്രസര്‍ക്കാര്‍ സമന്‍സ് അയച്ച് വിളിച്ചു വരുത്തി. വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുമെന്നും ഭാവിയില്‍ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകള്‍ രാജ്യത്തിന്റെ വികാരം പരിഗണിക്കുന്നതാകുമെന്നും നെറ്റ്ഫ്ളിക്സ് അധികൃതര്‍ കേന്ദ്രസര്‍ക്കാരിന് ഉറപ്പ് നല്കി.
വെബ് സീരീസില്‍ ഹൈജാക്കര്‍മാരുടെ യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉള്‍പ്പെടുത്തി മാറ്റം വരുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഐസി 814: ദ കാണ്ഡഹാര്‍ ഹൈജാക്ക് എന്ന വെബ്സീരീസ് ഭീകരരെ വെള്ളപൂശുന്നതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കേന്ദ്രം ഇതില്‍ ഇടപെട്ടത്. വെബ് സീരീസിന്റെ ട്രെയിലര്‍ ആഗസ്ത് 19നാണ് പുറത്തിറങ്ങിയത്. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം
ശക്തമായി.
പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയിലെ അംഗങ്ങളായ ഇബ്രാഹിം അക്തര്‍, ഷാഹിദ് അക്തര്‍ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, സഹൂര്‍ മിസ്ത്രി, ഷാക്കിര്‍ എന്നിവരാണ് വിമാനം തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ശങ്കര്‍, ഭോല, ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍ തുടങ്ങിയ പേരുകളിലാണ് സീരീസില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക ഭീകരത മറച്ചുവയ്ക്കാനുമുള്ള ശ്രമമാണ് പരമ്പരയുടേതെന്നും ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് (ഐ ആന്‍ഡ് ബി) മന്ത്രാലയം നെറ്റ്ഫളിക്സ് മേധാവിയെ വിളിച്ച് വരുത്തി വിശദീകരണം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: