റാഞ്ചി: ഝാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നടന്ന ശാരീരിക ക്ഷമതാ മത്സരത്തിനിടെ വീണ്ടും മരണം. ഇതോടെ ശാരീരിക ക്ഷമതാ മത്സരത്തിനിടെ മരിച്ച ഉദ്യോഗാര്‍ഥികളുടെ എണ്ണം പന്ത്രണ്ടായി. ശാരീരിക ക്ഷമതാ വിലയിരുത്തുന്ന 10 കിലോമീറ്റര്‍ ഓട്ടത്തിന്റെ അവസാന ലാപ്പിലാണ് മറ്റൊരു ഉദ്യോഗാര്‍ത്ഥി കൂടി മരിച്ചത്. ഇതോടെ ശാരീരിക ക്ഷമതാ മത്സരങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്, ഝാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ ഉത്തേജകമരുന്ന് കഴിച്ചിരുന്നതായാണ് കരുതുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിക്കവാറും ഉദ്യോഗാര്‍ത്ഥികള്‍ക്കും താഴ്ന്ന രക്തസമ്മര്‍ദം രേഖപ്പെടുത്തിയിരുന്നതായും ഡാല്‍ടോന്‍ഗഞ്ചിലെ മെദിന്രായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനെ ഉടന്‍ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു. മരിച്ച ഉദ്യോഗാര്‍ത്ഥികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ബന്ധുക്കള്‍ക്ക് ജോലി നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബിജെപിയുടെ ഇന്‍ഹൗസ് ഫണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും സംസ്ഥാന ചുമതലയുള്ള ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: