Kerala

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറാന്‍ സാധ്യത; പഠനം പുറത്ത്

Published by

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറാന്‍ സാധ്യതയേറെയെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകരുടെ പഠനം പുറത്ത്. തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസര്‍ മൊഹാലിയുടെ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായേക്കാമെന്നും ഐസര്‍ മൊഹാലിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉരുള്‍പൊട്ടലിന്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍പ്പുണ്ട്. എന്നാല്‍ പ്രദേശത്തെ മണ്ണാകട്ടെ ഇനിയും ഉറച്ചിട്ടുമില്ല. വെള്ളരിമലയില്‍ അതിശക്തമായ മഴപെയ്താല്‍, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാനുള്ള സാധ്യതയേറെയാണ്. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുള്‍ പൊട്ടലില്‍ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഇവിടെ വന്ന് അടിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കില്‍ ഉരുള്‍ അടിയുന്നത്. നിമിഷ നേരം കൊണ്ട് മര്‍ദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം.

ഇത് മുന്നില്‍ കണ്ട് മതിയായ മുന്‍കരുതല്‍ എടുക്കണം എന്നാണ് ഐസര്‍ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച, ഉരുള്‍പൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോഴാണ് ഐസര്‍ മൊഹാലിയുടെ പഠനം പ്രാധാന്യമര്‍ഹിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by