തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമല്ല ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടായെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്.സുനില്‍കുമാര്‍. ഇതിന് പിന്നില്‍ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായി. എഡിജിപി എം.ആര്‍.അജിത്കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് തനിക്കറിയില്ലെന്നും സുനിൽ കുമാർ പറഞ്ഞു.
തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി എം ആർ അജിത് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ് വി എസ് സുനിൽ കുമാറിന്റെ പ്രതികരണം. പൂരം അലങ്കോലപ്പെട്ടത്തിന്റെ ഇരയാണ് താന്‍. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ സര്‍ക്കാരും എല്‍ഡിഎഫുമാണെന്ന് പ്രചാരണം നടത്തി. തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ തനിക്കെതിരേ ബിജെപി ജനവികാരം തിരിച്ചുവിട്ടുവെന്നും സുനിൽ കുമാർ ആരോപിച്ചു.
പൂരം അലങ്കോലമാക്കിയതിലെ അന്വേഷണറിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂരം വിവാദത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും റിപ്പോർട്ട് പുറത്ത് വന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: