ന്യൂദൽഹി: ചൈനയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാവികസേനയ്‌ക്കായി ഏഴ് അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിർമ്മാണവും ടി-72 ടാങ്കുകൾക്ക് പകരം ആധുനികമായ ഫ്യൂച്ചർ റെഡി കോംബാറ്റ് വെഹിക്കിളുകൾ സ്ഥാപിക്കാനുള്ള ഇന്ത്യൻ ആർമിയുടെ നിർദ്ദേശവും ഉൾപ്പെടെ വൻ പദ്ധതികൾ ഏറ്റെടുക്കാൻ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച സൗത്ത് ബ്ലോക്കിൽ ചേരുന്ന യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മൂന്ന് സേനാ മേധാവികൾ, പ്രതിരോധ സെക്രട്ടറി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് നിലവിൽ നിർമ്മാണത്തിലിരിക്കുന്ന നീലഗിരി ക്ലാസ് ഫ്രിഗേറ്റുകൾക്ക് ശേഷം ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫ്രിഗേറ്റുകളായിരിക്കും പ്രൊജക്ട് 17 ബ്രാവോയ്‌ക്ക് കീഴിൽ ഏഴ് പുതിയ യുദ്ധക്കപ്പലുകൾ ഏറ്റെടുക്കുകയെന്ന ഇന്ത്യൻ നാവികസേനയുടെ പദ്ധതി. കൂടാതെ സ്വകാര്യ മേഖലയിലെ കപ്പൽശാലകൾ ഉൾപ്പെടെയുള്ള ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ഇന്ത്യൻ കപ്പൽശാലകൾക്ക് ഏകദേശം 70,000 കോടി രൂപയുടെ ടെൻഡർ നൽകുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അനുമതി നൽകുമെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു.
ടെൻഡറിൽ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്, ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ കാറ്റഗറി എ കപ്പൽശാലകൾ ഉൾപ്പെടും. പ്രോജക്റ്റ് വേഗത്തിലാക്കാനും കാലതാമസം തടയാനും, ടെൻഡർ രണ്ട് കപ്പൽശാലകൾക്കിടയിൽ വിഭജിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും പദ്ധതിയുടെ അനുമതിക്ക് ശേഷം മാത്രമേ വിശദാംശങ്ങൾ ലഭ്യമാകൂ.
നിലവിൽ, മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സും ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സും പ്രൊജക്ട് 17 എ (നീലഗിരി ക്ലാസ്) പ്രകാരം നാല് ഫ്രിഗേറ്റുകൾ എംഡിഎല്ലും മൂന്നെണ്ണം ജിആർഎസ്ഇയും നിർമ്മിക്കുന്നു. റഷ്യൻ നിർമ്മിത ടി-72 ടാങ്കുകൾക്ക് പകരം 1,700 എഫ്ആർസിവികൾ സ്ഥാപിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നിർദേശവും യോഗത്തിൽ ചർച്ചയാകും.
ടി-72-ന് പകരം തദ്ദേശീയമായ എഫ്ആർസിവികൾ സ്ഥാപിക്കാൻ സൈന്യം പദ്ധതിയിടുന്നു. അത് ഡിഫൻസ് അക്വിസിഷൻ നടപടിക്രമത്തിന്റെ മേക്ക്-1 നടപടിക്രമത്തിന് കീഴിൽ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ 60 ശതമാനത്തിലധികം തദ്ദേശീയമായ ടാങ്കുകൾ നിർമ്മിക്കാൻ ഇന്ത്യൻ വെണ്ടർമാരോട് ആവശ്യപ്പെടും. കൂടാതെ ഭാരത് ഫോർജ്, ലാർസൺ ആൻഡ് ടൂബ്രോ തുടങ്ങിയ പ്രമുഖ കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓരോ ഘട്ടത്തിലും ഏകദേശം 600 ടാങ്കുകൾ നിർമ്മിച്ച് ഘട്ടംഘട്ടമായി എഫ്ആർസിവി പദ്ധതി പൂർത്തിയാക്കാനാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്. കൂടാതെ, ഉന്നതതല യോഗത്തിൽ 100 ബിഎംപി-2 ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ ഏറ്റെടുക്കാൻ സൈന്യം നിർദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സേനയുടെ കവചിത റെജിമെൻ്റുകളെ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള മൊത്തത്തിലുള്ള എഫ്ആർസിവി പദ്ധതിക്ക് 50,000 കോടി രൂപയിലധികം ചെലവ് വരാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: