തൃശ്ശൂര്‍ നഗരത്തിലാണ് ശ്രീ വടക്കുന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം 20 ഏക്കര്‍ വിസ്താരത്തില്‍ തൃശൂര്‍ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു. നാലുദിക്കുകളിലായി നാലു മഹാഗോപുരങ്ങള്‍ ഉണ്ട്. 108 ശിവാലയ സ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണിത്.
വടക്കുംനാഥക്ഷേത്ര നിര്‍മ്മാണം പെരുന്തച്ചന്റെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. മുമ്പില്‍ വലിയ നമസ്‌കാരമണ്ഡപങ്ങളുള്ള വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.
പടിഞ്ഞാട്ടഭിമുഖമായാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് (പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍) ഉള്ളത്. ശിവന്റെ പിറകില്‍ കിഴക്കോട്ട് ദര്‍ശനമായി പാര്‍വ്വതിയുമുണ്ട്. അതുമൂലം അനഭിമുഖമായ ഈ പ്രതിഷ്ഠകള്‍ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തില്‍ കാണപ്പെടുന്നു.പിന്നെ ഗണപതിയും.ശിവന്‍ രൗദ്രഭാവത്തിലാണ് ഇവിടെ വാഴുന്നത്. അത് കുറയ്‌ക്കാനായി പടിഞ്ഞാറേച്ചിറ എന്നപേരില്‍ ഭഗവാന്റെ രൗദ്രത കുറയ്‌ക്കാനായി ഒരു വലിയ ചിറ ഭഗവാന്റെ ദര്‍ശനവശമായ പടിഞ്ഞാറുഭാഗത്ത് നിര്‍മ്മിച്ചിട്ടുണ്ട്. ഇതും പോരാതെ വന്നപ്പോഴാണ് മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനെ പ്രതിഷ്ഠിച്ചത്. ശൈവ-വൈഷ്ണവശക്തികള്‍ കൂടിച്ചേര്‍ന്ന് ശങ്കരനാരായണനുമുണ്ടായി.വട്ട ശ്രീകോവിലില്‍ മൂന്നാമത്തെ അറയായ ഗര്‍ഭഗൃഹത്തിനുള്ളില്‍ നെയ്യ് കൊണ്ട് മൂടി ജ്യോതിര്‍ലിംഗമായി ദര്‍ശനമരുളുന്നു. ജ്യോതിര്‍ലിംഗത്തില്‍ ഏകദേശം എട്ടടി ഉയരത്തില്‍ 25 അടിയോളം ചുറ്റളവില്‍ നെയ്മല സൃഷ്ഠിക്കപ്പെട്ടിരിക്കുകയാണ്.
ഉപദേവതകളായി ചുറ്റമ്പലത്തിനു പുറത്ത് വേട്ടേക്കരന്‍, ശ്രീകൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍), പരശുരാമന്‍, അയ്യപ്പന്‍, നാഗദേവതകള്‍, ശിവഭൂതഗണങ്ങളായ നന്തികേശ്വരന്‍,ഋഷഭന്‍,സിംഹോദരന്‍ എന്നിവരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ഠയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മഹാവിഷ്ണുവിന്റെ ആയുധങ്ങളായ ശംഖചക്രങ്ങളുമുണ്ട്.
വടക്കുകിഴക്കുഭാഗത്തായി അര്‍ജുനന്റെ വില്‍ക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടില്‍ സ്ഥിതിചെയ്യുന്നു.ക്ഷേത്രത്തിനുപുറത്തായി പടിഞ്ഞാറ് ഭാഗത്ത് നടുവിലാല്‍ ഗണപതിപ്രതിഷ്ഠയുണ്ട്, തെക്കുഭാഗത്തായി മണികണ്ഠനാലില്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പിതാവായ മഹാദേവന് അഭിമുഖമായാണ് ഇരുവരും വാഴുന്നത്.
നാലമ്പലത്തിനുപുറത്തുകടന്നാല്‍ വടക്കുകിഴക്കേമൂലയില്‍ പടിഞ്ഞാട്ട് ദര്‍ശനമായി വാഴുന്ന പരശുരാമനെയാണ് ആദ്യം വന്ദിക്കേണ്ടത്. പിന്നീട് വടക്കുന്നാഥനുപിന്നില്‍ പടിഞ്ഞാട്ട് ദര്‍ശനമായി വാഴുന്ന ശിവഭൃത്യനായ സിംഹോദരനെ വന്ദിക്കുക. സിംഹത്തിന്റേതുപോലുള്ള വയറോടുകൂടിയവന്‍ എന്നാണ് സിംഹോദരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഈ പ്രതിഷ്ഠയ്‌ക്കുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്.
സിംഹോദരന്‍ പെട്ടെന്ന് ശിവപുരത്തെ (ഇന്നത്തെ തൃശ്ശൂര്‍ തന്നെ) ഋഷഭാദ്രിയിലേക്ക് പോയ വിവരമറിഞ്ഞ് ശിവനും പാര്‍വതിയും അവിടേക്ക് പുറപ്പെട്ടു. വഴിയരികില്‍ അവര്‍ വിശ്രമിച്ച സ്ഥലത്താണ് ഇന്ന് പൂങ്കുന്നം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഋഷഭാദ്രിയിലെത്തിയപ്പോഴേക്കും അവിടെ സിംഹോദരന്‍ ഉറച്ചുകഴിഞ്ഞിരുന്നു. ഒടുവില്‍ ശിവപാര്‍വതിമാരും അവിടെ ഉറച്ചു.തെക്കുപടിഞ്ഞാറേമൂലയിലാണ്, മൃതസഞ്ജീവനിത്തറ. രാമരാവണയുദ്ധത്തിനിടയില്‍ രാവണപുത്രനായ ഇന്ദ്രജിത്തില്‍നിന്നും പ്രഹരമേറ്റുവാങ്ങിയ ലക്ഷ്മണനെ രക്ഷിക്കാന്‍ മൃതസഞ്ജീവനിയുമായി ഹനുമാന്‍ ഹിമാലയത്തില്‍നിന്നും ലങ്കയിലേക്കുപോകുന്ന വഴിയില്‍ മലയുടെ ഒരുഭാഗം ഇവിടെ അടര്‍ന്നുവീണുവെന്നും അങ്ങനെയാണ് ഇതുണ്ടായതെന്നും പറയപ്പെടുന്നു. അതിനാല്‍ ഇവിടെ ഹനുമാനെ സങ്കല്പിച്ച് വിളക്കുവെപ്പുണ്ട്. ഇവിടത്തെ പുല്ല് പറിച്ച് തലയില്‍തൊട്ടാല്‍ ഒരുവര്‍ഷത്തേക്ക് തൊടുന്നയാളുടെ ബന്ധുക്കളാരും മരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
അയ്യപ്പനെയും സങ്കല്പഹനുമാനെയും വന്ദിച്ചശേഷം ഇതിനും തെക്കുപടിഞ്ഞാറ് കാണപ്പെടുന്ന വേട്ടയ്‌ക്കൊരുമകനെ വന്ദിക്കുക. വേട്ടേക്കരന്‍ എന്നും ഇതിനെ പറയാറുണ്ട്. കിരാതമൂര്‍ത്തിയായ പരമശിവനാണെന്നും അതല്ല അയ്യപ്പനാണെന്നും അതുമല്ല ശിവപുത്രനാണെന്നും വേട്ടയ്‌ക്കൊരുമകനെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എന്തിരുന്നാലും ശിവലിംഗം പോലെയാണ് ഈ നടയിലെ വിഗ്രഹം. കിഴക്കോട്ടാണ് ദര്‍ശനം.
2005 വരെ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുവശത്ത് തെക്കോട്ട് ദര്‍ശനമായാണ് വേട്ടയ്‌ക്കൊരുമകനെ പ്രതിഷ്ഠിച്ചിരുന്നത്. എന്നാല്‍ ആ സ്ഥാനം ശരിയല്ലെന്ന് 2005ലെ ദേവപ്രശ്‌നത്തില്‍ പറഞ്ഞിരുന്നു. അതുമൂലമാണ് പുതിയ ശ്രീകോവില്‍ പണിതത്. ഇന്ന് അവിടെവച്ചാണ് ക്ഷേത്രത്തിലെ നിവേദ്യവസ്തുക്കളായ അപ്പം, പായസം തുടങ്ങിയവ വിതരണം ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക