ഭരണകക്ഷി എംഎല്‍എയായ പി.വി.അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി: എം.ആര്‍.അജിത് കുമാറിനും എതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗുരുതരസ്വഭാവമുള്ളതാണ്. അസിസ്റ്റന്റിനെ വച്ച് സൈബര്‍ സെല്ലില്‍ ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കി മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ അനധികൃതമായി ചോര്‍ത്തുന്നു. ഭീകരകുറ്റവാളിയാണ്, ദാവൂദ് ഇബ്രാഹിമിനെപ്പോലെയാണ് പെരുമാറുന്നത്. സ്വര്‍ണക്കടത്തുമായി ഈ പോലീസ് മേധാവിക്ക് ബന്ധമുണ്ട്. ഇത്തരം കേസുകളില്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. ആരെയും ഞെട്ടിക്കുന്ന ആരോപണങ്ങളാണിത്. കാര്യങ്ങള്‍ ഒറ്റയ്‌ക്ക് ശ്രദ്ധിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി അതിനായി ചുമതലപ്പെടുത്തിയിട്ടുള്ള പി.ശശി തികഞ്ഞ പരാജയമാണ്. അജിത് കുമാറിന്റെ രക്ഷകന്‍ പി.ശശിയാണ്. ഔദ്യോഗിക വസതിയുടെ ചുറ്റുവട്ടത്തെ മരങ്ങള്‍ മുറിച്ച എസ്പി: എസ്. സുജിത് ദാസ് കേസിനുപോകരുതെന്ന് തന്നോട് കെഞ്ചി എന്നൊക്കെയുള്ള കാര്യങ്ങളും അന്‍വര്‍ ആരോപിച്ചിട്ടുണ്ട്. പി. ശശിയും എം.ആര്‍. അജിത് കുമാറുമൊക്കെയാണ് ഇവിടെ പ്രത്യക്ഷത്തില്‍ ആരോപണവിധേയരാവുന്നതെങ്കിലും അവയൊക്കെ ചെന്നുകൊള്ളുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയിലാണ്. സിപിഎമ്മുകാരനായ ശശി പാര്‍ട്ടിതലത്തിലും അജിത് കുമാര്‍ ഉദ്യോസ്ഥതലത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരാണെന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ നിലയ്‌ക്ക് മുഖ്യമന്ത്രിയെത്തന്നെയാണ് അന്‍വര്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
പി.വി. അന്‍വര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാവാനുള്ള സാധ്യത വളരെ കൂടുതലാണെങ്കിലും അത് ഇപ്പോള്‍ വെളിപ്പെടുത്തിയതിനു പിന്നില്‍ ഒരുപാട് സംശയങ്ങളുണ്ട്. ഒന്നാമതായി ഭരണകക്ഷി എംഎല്‍എയായ അന്‍വറിന് വളരെക്കാലമായി അറിയാവുന്ന കാര്യമായിട്ടും എന്തുകൊണ്ട് ഇതൊക്കെ ഇതുവരെ മറച്ചുപിടിച്ചു എന്നതിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. അന്‍വര്‍ സിപിഎമ്മിലെ പുത്തന്‍കുറ്റുകാരനാണ്. ആദ്യം സ്വതന്ത്രനായും പിന്നീട് സിപിഎം ചിഹ്നത്തിലുമാണ് മത്സരിച്ച് ജയിച്ചത്. പല പാര്‍ട്ടി നേതാക്കളെയും പിന്തള്ളി ഈ നേതാവ് കെ.ടി.ജലീലിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി മാറിയത് വളരെ പെട്ടെന്നാണ്. ഇതേക്കുറിച്ച് പല കോണുകളില്‍നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളെ ഇരുവരും ഒരുപോലെയാണ് തള്ളിക്കളഞ്ഞത്. അജിത് കുമാറിനും മറ്റുമെതിരായ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് പറയാമായിരുന്നു. അതുചെയ്യാതെ പരസ്യമായി വെളിപ്പെടുത്തിയതിനു പിന്നില്‍ തീര്‍ച്ചയായും ഒരു അജണ്ടയുണ്ടായിരിക്കും. അന്‍വറിനെ പിന്തുണച്ച് കെ.ടി. ജലീല്‍ വളരെ വേഗം രംഗത്തുവന്നതും ശ്രദ്ധേയമാണ്. അജിത് കുമാറിന് സ്വര്‍ണക്കടത്തുമായും മറ്റും ബന്ധമുണ്ടെന്ന് ഇപ്പോള്‍ അന്‍വര്‍ പറയുന്നത് ആരെങ്കിലും തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമാണോ? നിയമവിരുദ്ധമായി വാട്ടര്‍ തീംപാര്‍ക്ക് നിര്‍മിച്ചതുള്‍പ്പെടെ അന്‍വറിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. അപ്പോഴൊക്കെ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും അന്‍വറിനൊപ്പം നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിട്ടുള്ളത് ഇരുവരും തമ്മിലെ ബന്ധം ഏതോ കാരണത്താല്‍ തകര്‍ന്നതുകൊണ്ടാണോ? ഇക്കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ അജിത് കുമാര്‍ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ? സ്വാഭാവികമായി ഉയരുന്ന സംശയങ്ങളാണിത്.
യുഎഇ കോണ്‍സുലേറ്റു വഴി സ്വര്‍ണം കടത്തിയെന്ന് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നതുപോലെയാണ് അന്‍വറിന്റെ വെളിപ്പെടുത്തലുകളും. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയാണ് വെളിപ്പെടുത്തലുകാരിയെങ്കില്‍ ഇപ്പോഴത്തെ ഊഴം അന്‍വറിന്റേതാണെന്നു മാത്രം. സ്വര്‍ണക്കടത്തു സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സ്ഥാനത്താണ് ഇപ്പോള്‍ അജിത് കുമാറുള്ളത്. രണ്ടുപേരും ഒരേപോലെ മുഖ്യമന്ത്രിക്ക് വിശ്വസ്തരായിരുന്നു. സ്വര്‍ണക്കടത്തു കേസില്‍നിന്ന് ശിവശങ്കറിനെ അതിവിദഗ്‌ദ്ധമായി രക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതുപോലെയാണ് ഇപ്പോള്‍ അജിത് കുമാറിനെതിരെയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത്. അന്‍വര്‍ പറയുന്നത് ശരിയാണെങ്കില്‍ ആഭ്യന്തര വകുപ്പ് ഒരു അധോലോകത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് ഉത്തരവാദി വകുപ്പ് മന്ത്രിയായ പിണറായി വിജയന്‍ തന്നെയാണ്.
ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം ഒരു പ്രഹസനമാണ്. ആരോപണ വിധേയരെ ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് പിണറായി ശ്രമിച്ചിട്ടുള്ളത്. ഇതിന് എത്ര വേണെങ്കിലും ഉദാഹരണങ്ങളുണ്ട്. ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ ദൗത്യവും അതായിരിക്കും. മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് നിയമപരമായ ഉത്തരവാദിത്വമോ തത്വദീക്ഷയോ തൊട്ടുതെറിക്കാത്തയാളാണ് പിണറായി വിജയന്‍. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സത്യത്തിന്റെ അംശമെങ്കിലും ഉണ്ടെങ്കില്‍ രാജിവയ്‌ക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: