കൊച്ചി: വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട വിവാദം തീര്‍ന്നു, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങള്‍ ഒടുങ്ങി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പുറമേ കത്തിപ്പടര്‍ന്ന ലൈംഗിക ആരോപണങ്ങളും വിവാദങ്ങളും രാജിക്കുള്ള മുറവിളികളും ശമിച്ചു, എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടി വന്നില്ല, മുകേഷിനെ രക്ഷിച്ചു, അനഭിമതനായി മാറിയ ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു പുറത്താക്കി, ഇനി പതുക്കെ ഇപി പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്… അങ്ങനെ തന്റെ വിശ്വസ്തനായ പി.വി. അന്‍വര്‍ എംഎല്‍എയെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഒന്ന് കുത്തിപ്പൊക്കിയപ്പോള്‍ കെട്ടടങ്ങിയത് നിരവധി വിവാദങ്ങളാണ്. മാധ്യമങ്ങള്‍ പുതിയ വിവാദത്തിനു പിന്നാലെയായി.
മാധ്യമങ്ങളെയും പാര്‍ട്ടിയേയും ജനങ്ങളെയും ഒന്നു പോലെ അമ്പരപ്പിച്ചും വിഢികളാക്കിയും പിണറായിക്കാര്ഡുകള് പുറത്തുവരുമ്പോള്‍, പുഞ്ചിരിക്കുന്നത് മുഖ്യമന്ത്രി തന്നെ. തനിക്ക് താന്‍ മാത്രം, മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരെന്ന് സ്വയം കരുതുന്നവര്‍ രായ്ക്കു രാമാനം വേണ്ടാത്തവരാകുന്നു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി നിന്ന് സര്‍വ കൊള്ളായ്മകള്ക്കും കുട പിടിച്ച എഡിജിപി അജിത്കുമാറാണ് വീണത്.
ക്രമണേ അന്‍വറും മുകേഷും എല്ലാം തുറുപ്പു ചീട്ടില്‍ വീഴും. തനിക്ക് വേണ്ട സമയത്ത് പിണറായി വിജയന് ഒരോ അവതാരങ്ങളെ ഇറക്കും. ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അവരെ ആള്രൂപങ്ങളിലേക്ക് ആവാഹിച്ച് പടിക്കു പുറത്താക്കും. ഇപ്പോള്‍ രണ്ടവതാരങ്ങളാണ് പടിക്കു പുറത്തായത്, എഡിജിപി അജിത്തും ഇ പിയും.
അന്‍വറിന്റെ ലക്ഷ്യമെന്ത്, പിന്നിലാര്, രാഷ്ട്രീയ കക്ഷി മാറ്റത്തിനുള്ള വഴിയൊരുക്കലാണോ… അങ്ങനെ പല ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ട്, പക്ഷെ തടയണ അടക്കം പല വമ്പന്‍ വിവാദങ്ങള്‍ക്ക് കാരണഭൂതനായിട്ടും അന്‍വറിനെതിരെ ഇതുവരെ പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു ചെറുവിരല്‍ പോലും അനങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തന് ആയതുകൊണ്ടാണ് ഒരു പോറല്‍ പോലും ഏല്‍ക്കാത്തത് എന്ന് വ്യക്തം.
അത്രയും വേണ്ടപ്പെട്ടയാള്‍ ഇപ്പോള്‍ പുതിയ വെടി പൊട്ടിക്കുമ്പോള്‍ മുഖ്യമന്ത്രി ഒരു പുഞ്ചിരിയോടെ അതിനെ നേരിടുമ്പോള്‍, അടുത്ത ദിവസം അതിരാവിലെ തന്നെ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ പിന്നില്‍ ആരെന്ന് ചോദിക്കേണ്ടതില്ല.
ഇന്നലെ വരെ അഭിമതനായിരുന്ന എഡിജിപി മുഖ്യമന്ത്രിക്ക് അനഭിമതനായിയെന്നും അന്‍വറിനെക്കൊണ്ട് കക്ഷിയെ നീക്കിച്ചു എന്നുമേ അര്‍ഥമാക്കേണ്ടതുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: