ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അംഗത്വം പുതുക്കി നല്കി ബിജെപി അംഗത്വ കാമ്പയിന് തുടക്കം. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പ്രധാനമന്ത്രിക്ക് അംഗത്വ സര്‍ട്ടിഫിക്കറ്റ് നല്കിയത്. ജനസംഘ കാലം മുതല്‍ രാജ്യത്ത് പുതിയ രാഷ്‌ട്രീയ സംസ്‌കാരം കൊണ്ടണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബിജെപി പ്രവര്‍ത്തനം വര്‍ധിപ്പിച്ചത്. സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാക്ഷാത്ക്കരിക്കാനാണ് പരിശ്രമിച്ചത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളിലും ഇല്ലാതായപ്പോള്‍ ബിജെപി മാതൃകയായി. അംഗത്വ വിതരണം കണക്കിലെ കളിയായല്ല, ബിജെപി കുടുംബത്തിന്റെ വ്യാപനമായാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അംഗത്വ കാമ്പയിന്‍ പൂര്‍ത്തിയാവുന്നതോടെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം പത്തുകോടി മറികടക്കുമെന്ന് നഡ്ഡ പ്രഖ്യാപിച്ചു. മുന്‍ ദേശീയ അധ്യക്ഷന്മാരും കേന്ദ്രമന്ത്രിമാരുമായ രാജ്നാഥ്സിങ്, അമിത് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് അംഗത്വം പുതുക്കി.
ആഗോളതലത്തില്‍ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല ബിജെപിയെന്നും ഏറ്റവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി കൂടിയാണെന്നും അമിത് ഷാ പറഞ്ഞു. ഇത്രയും സുതാര്യമായും സത്യസന്ധമായും അംഗത്വ വിതരണ പ്രക്രിയ നടത്തുന്ന മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയില്ലെന്നും അമിത് ഷാ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. രണ്ടണ്ടുഘട്ടമായി നടക്കുന്ന അംഗത്വ വിതരണത്തിന്റെ ആദ്യഘട്ടം 25 വരെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: