തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് നിന്ന് എ.കെ.ശശീന്ദ്രന് മാറണമെന്ന് എന്‍.സി പി ജില്ലാ പ്രസിഡന്റുമാരുടെ നേതൃയോഗം ആവശ്യപ്പെട്ടു. പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറില്ലെന്ന് ശശീന്ദ്രന് വ്യക്തമാക്കി. ശശീന്ദ്രനെ മാറ്റാന്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോയും പറഞ്ഞു. യോഗത്തില്‍ മറ്റു വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. മന്ത്രിമാറ്റം സംസ്ഥാനത്ത് തീരുമാനിക്കാനാവില്ല. ദേശീയ പ്രസിഡന്റാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കെള്ളേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
2021ലെ തെരഞ്ഞെടുപ്പിന് ശേഷം രണ്ടര വര്‍ഷത്തേക്ക് മന്ത്രിസ്ഥാനം വേണമെന്ന് തോമസ് കെ തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിലപ്പോയിരുന്നില്ല. പി.സി.ചാക്കോ എന്‍സിപി നേതൃസ്ഥാനത്തേക്കു വന്നതോടെ അതു നടപ്പില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാലിപ്പോള്‍ പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതോടെ പുനര്‍ചിന്തനം വേണ്ടിവരുമെന്ന നിലയിലാണ് കാര്യങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഇക്കാര്യത്തില്‍ തോമസ് കെ. തോമസിനെയും ജില്ലാ പ്രസിഡന്റുമാരെയും പിണക്കാത്ത ഒരു തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: