ലാഹോർ ; പാകിസ്താനിൽ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചതായി പരാതി. പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിലെ പട്ടോകി തെഹ്‌സിലിലെ ഹബീബാബാദ് മാണ്ഡി ഏരിയയിൽ നിന്ന് കഴിഞ്ഞ മാസമാണ് തന്റെ ഇളയ മകൾ ഫെയറി ഷൗക്കത്തിനെ മുഹമ്മദ് അസദ് എന്ന യുവാവ് തട്ടിക്കൊണ്ടുപോയതെന്ന് മാതാവ് പർവീൺ ഷൗക്കത്ത് പറഞ്ഞു.
“ഫെയറി ഉച്ചകഴിഞ്ഞ് സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള കടയിലേക്ക് പോയിരുന്നു, പിന്നീട് മകൾ വീട്ടിലേക്ക് മടങ്ങി വന്നില്ല . പലയിടത്തും മകളെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ പോലീസിൽ പരാതി നൽകിയെങ്കിലും അവരുടെ നിലപാട് സ്വാഗതാർഹമായിരുന്നില്ല. ഞങ്ങളെ സഹായിക്കുന്നതിനുപകരം, അന്വേഷണം വൈകിപ്പിക്കുകയാണ് പൊലീസ് ചെയ്തത് “ – പർവീൺ പറഞ്ഞു.
അസദ് ഫെയറിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി അയൽവാസികളാണ് പിന്നീട് വീട്ടുകാരെ അറിയിച്ചത്. “പ്രതികളെക്കുറിച്ച് ഞങ്ങൾ പോലീസിനെ അറിയിച്ചു, പക്ഷേ അവർ ഇപ്പോഴും ഒരു നടപടിയും സ്വീകരിച്ചില്ല, പ്രായപൂർത്തിയാകാത്ത കുട്ടിയെ മതം മാറ്റാനും ഇസ്ലാമിക വിവാഹം നടത്താനും മതിയായ സമയം അസദിന് പോലീസ് തന്നെ നൽകി,” ഷൗക്കത്ത് പറഞ്ഞു.
ആഗസ്ത് 9നാണ് അസദ് എന്റെ മകളെ തട്ടിക്കൊണ്ടുപോയത് . പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് 10 തീയതിയാണ്. ആഗസ്റ്റ് 13 ന്, ഒരു അജ്ഞാത നമ്പറിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി ഫെയറിയുടെ നിക്കാഹ്‌നാമ [ഇസ്‌ലാമിക് വിവാഹ സർട്ടിഫിക്കറ്റ്] ലഭിച്ചു,ഈ വിവാഹത്തിനെതിരെ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഒടുവിൽ പ്രതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോൾ ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഏകദേശം 20 ദിവസമായി എന്റെ കുട്ടിയെ കാണാനില്ല, – ഷൗക്കത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: