കോട്ടയം: പോലീസിനേയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ചാണ് ഡിജിപി ഷേക്ക് ദര്‍വേശ് സാഹേബ് മുഖ്യമന്ത്രിയെ കണ്ടത്.
കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ഡിജിപിയും ഇന്ന് കോട്ടയത്തെത്തിയത്. എഡിജിപി എം.ആര്. അജിത്കുമാറിനെയും പത്തനംതിട്ട എസ്.പി സുജിത് ദാസിനെയും മാറ്റിനിര്‍ത്തിയുള്ള അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇത്തരത്തിലൊരു അന്വേഷണത്തിന് താത്പര്യമുണ്ടെന്ന് എഡിജിപി തന്നെ മുഖ്യമന്തിയെ അറിയിച്ചതായാണ് വിവരം.
ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയാണ് ഭരണകക്ഷി എംഎൽഎ പി.വി അൻവർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആർ അജിത് കുമാറിനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് അഴിച്ചുവിട്ടത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡിജിപി മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്.
ഞായറാഴ്ച എ.ഡി.ജി.പി.ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായാണ് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. രാജ്യവിരുദ്ധപ്രവൃത്തികള്‍ സമൂഹത്തെ അറിയിക്കാന്‍ ഗതികേടുകൊണ്ട് താനും ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്നും ഇതിന് കേരളസമൂഹത്തോട് മാപ്പുചോദിക്കുകയാണെന്നും പറഞ്ഞാണ് തുടങ്ങിയത്. കൊന്നും കൊല്ലിച്ചുമുള്ള ആളുകളെയാണ് താന്‍ നേരിടുന്നതെന്നും ജീവനുഭീഷണിയുണ്ടെന്നും പറഞ്ഞ അന്‍വര്‍, എസ്. സുജിത്ദാസുമായുള്ള പുതിയ ഫോണ്‍സംഭാഷണവും പുറത്തുവിട്ടു.
താന്‍ മലപ്പുറം എസ്.പി.യായിരിക്കേ, ക്യാമ്പ് ഓഫീസില്‍നിന്ന് മരംമുറിച്ചെന്ന പരാതിയിൽനിന്ന് പിന്മാറാന് സുജിത്ദാസ് അന്‍വറിനോട് കെഞ്ചിപ്പറയുന്ന ഫോണ്‍സംഭാഷണം നേരത്തേ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: