തിരുവനന്തപുരം: മന്ത്രി ആന്റണി രാജു മാറി കെ ബി ഗണേഷ് കുമാർ ഗതാഗത വകുപ്പിന്റെ ചുമതലയിൽ എത്തിയെങ്കിലും ഗതികേടിൽ നിന്നും കരകയറാനാകാതെ കെ എസ് ആർ ടി സി. സർക്കാർ നൽകുന്ന പണം ഉപയോഗിച്ച് ശമ്പളവും പെൻഷനും നൽകുന്നു എന്നല്ലാതെ കേരളത്തിലെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ഗതാഗത സംവിധാനത്തെ ലാഭത്തിലാക്കാൻ ക്രിയാത്മകമായ യാതൊരു ഇടപെടലും നടക്കുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ തന്നെ കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാൻ പല പദ്ധതികളും നടപ്പാക്കിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. ആകെയുണ്ടായത് പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ ഇല്ലാതാക്കി എന്നത് മാത്രമാണ്.
കെഎസ്ആർടിയുടെ പ്രധാന വരുമാന മാർഗം റൂട്ടിലോടുന്ന ബസുകളാണ്. എന്നാൽ, പുതിയ ബസുകൾ നിരത്തിലിറക്കാൻ സർക്കാരോ മാനേജ്മെന്റോ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. മൂന്നുവർഷത്തിനിടെ കെ എസ് ആർ ടി സിയിൽ പുതുതായി വാങ്ങിയത് 434 പുതിയ ബസുകൾമാത്രമാണ്. എന്നാൽ, ഇതിനിടെ കാലപ്പഴക്കത്തിൽ 1047 ബസുകൾ പൊളിച്ചുവിൽക്കുകയും ചെയ്തു.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് 1736 ബസുകളാണ് കെഎസ്ആർടിസി നിർത്തിയിട്ടത്. ഇവയിൽ പകുതിയും ഉപേക്ഷിക്കേണ്ടിവന്നു. മൂന്നുവർഷത്തിനിടെ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് 5940 കോടിരൂപ നൽകിയെങ്കിലും ബസ് വാങ്ങാൻ ചെലവിട്ടത് 139 കോടി രൂപ മാത്രമാണ്. പൊതുഗതാഗതത്തിന്റെ ഭാവിവികസനംകൂടി കണക്കിലെടുത്ത് സർക്കാർ സഹായധനം വിനിയോഗിക്കാൻ സ്ഥാപനത്തിന് കഴിയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറുതും വലുതുമുൾപ്പെടെ 400 ഡീസൽ ബസുകൾകൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശ്ശിക തീർക്കേണ്ടതുണ്ട് എന്നതാണ് വെല്ലുവിളിയാകുന്നത്.
പ്രതിമാസ പെൻഷനുള്ള 70 കോടിയും ശമ്പളത്തിനുള്ള 50 കോടിയും സർക്കാർ സഹായത്തിൽനിന്നാണ് കണ്ടെത്തുന്നത്. ശമ്പളവും പെൻഷനും ഏറ്റെടുക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ വായ്പയായിട്ടാണ് അനുവദിക്കുന്നത്. തിരിച്ചടയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ എഴുതിത്തള്ളുകയാണ് പതിവ്. ജൂണിലെ കണക്കുപ്രകാരം നിലവിൽ 12,372 കോടിയാണ് സർക്കാരിനുനൽകേണ്ടത്.
കൂടുതൽ ബസുകളിറക്കി വരുമാനം വർധിപ്പിക്കുന്നതിനുപകരം സർക്കാർ സഹായത്തിൽനിന്ന് ശമ്പളവും പെൻഷനും കൊടുത്ത് നീങ്ങുന്നതിനെ ധനവകുപ്പും എതിർത്തിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ മാനേജ്മെന്റിനുമുന്നിൽ മറ്റുവഴികളുമില്ല. വിദഗ്ധസമിതി ശുപാർശപ്രകാരം സ്ഥിരംജീവനക്കാർ 33,000-ൽനിന്നും 22,000 ആക്കി ചെലവുകുറച്ചിട്ടും ബസുകളുടെ എണ്ണം കൂട്ടാത്തതിനാൽ പ്രതിദിനവരുമാനം 7.50 കോടിയിൽനിന്ന് ഉയർന്നിട്ടില്ല. ഇത് 10 കോടിയാക്കിയാൽ സ്വയംപര്യാപ്തതയിലെത്താം.
10 വർഷം പഴക്കമുള്ള ബസുകൾ പെയിന്റടിച്ച് സൂപ്പർഫാസ്റ്റുകളായി നിരത്തിൽ ഓടിക്കുമ്പോൾ 269 ഡീസൽ ബസുകൾ മാത്രമാണ് പുതിയതായി ഇറങ്ങിയത്. 250 ഇ-ബസുകൾ വാങ്ങാൻ തീരുമാനിച്ചതിൽ 165 എണ്ണമാണ് ലഭിച്ചത്. സിറ്റി ഓർഡിനറി വിഭാഗത്തിന് ഇലക്ട്രിക് ബസുകളും, ദീർഘദൂരപാതകളിൽ ഡീസൽ ബസുകളുമാണ് വിദഗ്ധസമതി ശുപാർശചെയ്തിരുന്നത്. എന്നാൽ, മന്ത്രി മാറിയതിനുപിന്നാലെ ഈ നയത്തിൽ മാറ്റംവന്നതോടെ ബസ് വാങ്ങലും വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: