ന്യൂദല്‍ഹി: തീര്‍പ്പാക്കാത്തതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ നീതിന്യായ വ്യവസ്ഥക്ക് വലിയ വെല്ലുവിളിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ബലാത്സംഗ കേസുകളില്‍ അതിവേഗം നീതി ഉറപ്പാക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. ജില്ലാ ജുഡീഷ്യറിയുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
ബലാത്സംഗം പോലുള്ള കേസുകളില്‍ കോടതി വിധികള്‍ ഒരു തലമുറ കഴിഞ്ഞതിനു ശേഷം വരുമ്പോള്‍, നീതിന്യായ പ്രക്രിയക്ക് സംവേദനക്ഷമത കുറവാണെന്ന് സാധാരണക്കാര്‍ക്ക് തോന്നുന്നു. ഗ്രാമങ്ങളിലെ ജനങ്ങള്‍ ജുഡീഷ്യറിയെ ദൈവികമായി കണക്കാക്കുന്നത് അവിടെ നീതി കണ്ടെത്തുന്നതിനാലാണ്. ദൈവത്തിന്റെ ഭവനത്തില്‍, നീതിക്ക് കാലതാമസം ഉണ്ടാകാം, പക്ഷേ അനീതി ഇല്ല എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ എത്രത്തോളം കാലതാമസം എന്ന് ചിന്തിക്കേണ്ടതുണ്ട്. ആര്‍ക്കെങ്കിലും നീതി ലഭിക്കുമ്പോഴേക്കും അവരുടെ പുഞ്ചിരി അപ്രത്യക്ഷമായിരിക്കാം, അവരുടെ ജീവിതം അവസാനിച്ചിരിക്കാം. ഇതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണം. തെളിവുകളും സാക്ഷികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജുഡീഷ്യറിയും സര്‍ക്കാരും പോലീസും സഹകരിച്ച് പരിഹരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ചില സന്ദര്‍ഭങ്ങളില്‍ കുറ്റകൃത്യം ചെയ്തവര്‍ സ്വതന്ത്രരായി വിഹരിക്കുന്നതും ഇരകള്‍ ഭയത്തോടെ ജീവിക്കുന്നതും കാണാം. സമൂഹം പിന്തുണയ്ക്കാത്തതിനാല്‍ ഇരകളായ സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ മോശമാണ്. നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സങ്കടകരമായ ഒരു വശമാണിത്.
വേഗത്തിലുള്ള നീതി ഉറപ്പാക്കാന്‍ കോടതികളിലെ കേസുകളുടെ മാറ്റിവയ്ക്കല്‍ സംസ്കാരം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ കോടതിയില്‍ പോകാന്‍ ഭയപ്പെടുന്നു. അവര്‍ ജുഡീഷ്യല്‍ നടപടികളില്‍ പങ്കെടുക്കുന്നത് അത്യാവശ്യത്തിന് വേണ്ടി മാത്രമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം തന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നതിനാല്‍ നിശബ്ദമായി അനീതി സഹിക്കുന്നു.
ഗ്രാമത്തില്‍ നിന്ന് കോടതിയിലേക്കുള്ള യാത്ര വലിയ മാനസികവും സാമ്പത്തികവുമായ ഭാരമായി മാറും. ഇത്തരം സാഹചര്യങ്ങളില്‍, ആവര്‍ത്തിച്ചുള്ള മാറ്റിവയ്ക്കല്‍ മൂലം പാവപ്പെട്ട ആളുകള്‍ക്ക് ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ പലര്‍ക്കും സങ്കല്പ്പിക്കാന് പോലും കഴിയാത്തതാണ്. ഈ സാഹചര്യം മാറ്റാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം, രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതിയുടെ പതാകയും ചിഹ്നവും രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്രനിയമമന്ത്രി അര്ജുന് റാം മേഘ്വാള് തുടങ്ങിയവരും ഭാരതമണ്ഡപത്തിലെ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: